കൊല്‍ക്കത്ത: ബംഗാളിലെ സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന് ഷെയ്ഖിന്റെ നേതൃത്വത്തില്‍ ഗോത്രവര്‍ഗ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ തിരിച്ചടി നേരിട്ടതോടെ വ്യാജ വീഡിയോയുമായി ടിഎംസി രംഗത്ത്. സന്ദേശ്ഖാലി സംഭവങ്ങള്‍ സംസ്ഥാനത്ത് പ്രതിഷേധ കൊടുങ്കാറ്റ് ഉയരുകയും തെരഞ്ഞെടുപ്പില്‍ തൃണമൂലിന് വന്‍ തിരിച്ചടി നേരിടുമെന്ന് ഉറപ്പാക്കുകയും ചെയ്തതോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിജെപിക്കെതിരെ വ്യാജ വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
ബിജെപി മണ്ഡലം പ്രസിഡന്റ് ഗംഗാധര്‍ കായലിന്റെ മുഖവും സംസാരവും വീഡിയോയില്‍ എഐ സാങ്കേതിക വിദ്യയിലൂടെ കൃത്രിമമായി സൃഷ്ടിച്ചാണ് ടിഎംസിക്കാര്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. സന്ദേശ്ഖാലിയിലെ സംഭവങ്ങള്‍ ബിജെപി തിരക്കഥയില്‍ സൃഷ്ടിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനും മുഖം രക്ഷിക്കാനുള്ള ശ്രമവുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. രണ്ടായിരം രൂപ നല്‍കിയാണ് സ്ത്രീകളെക്കൊണ്ട് പീഡന പരാതി നല്കിച്ചിരിക്കുന്നതെന്ന വിചിത്രവാദവും ഇതിലുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനും ടിഎംസി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി വ്യാജ വീഡിയോ എക്സില്‍ പങ്കുവച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നു. സ്ത്രീകള്‍ക്ക് പണം നല്‍കിയാണ് പരാതി നല്‍കിയതെന്ന തരംതാണ ആരോപണമാണ് വീഡിയോയിലൂടെ പ്രചരിപ്പിക്കാന്‍ ടിഎംസി ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ വ്യാജ വീഡിയോ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗംഗാധര്‍ കായല്‍ സിബിഐക്ക് പരാതിയയച്ചു. അറിയപ്പെടാത്ത ഒരു യൂട്യൂബ് ചാനലിലാണ് ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്റെ മുഖവും സംസാരവും എഐയുടെ സഹായത്തോടെ കൃത്രിമമായി നിര്‍മിച്ച് സന്ദേശ്ഖാലി സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് സിബിഐക്ക് നല്കിയ പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരം ഒരു വിവാദമുണ്ടാക്കുന്നതിന് പിന്നില്‍ അഭിഷേക് ബാനര്‍ജിയാണെന്ന് ഗംഗാധര്‍ പറഞ്ഞു. സന്ദേശ്ഖാലിയിലെ അതിക്രമങ്ങളെ സംബന്ധിച്ച് നടന്നുവരുന്ന സിബിഐ അന്വേഷണത്തെ തടസപ്പെടുത്തുകയുമാണ് ഈ വിവാദത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പീഡനത്തിന് നേതൃത്വം നല്കിയ ഷാജഹാന് ഷെയ്ഖ് ജയിലിലാണ്.
വീഡിയോ ദൃശ്യങ്ങള്‍ ഇരുണ്ടതും സംസാരം അവ്യക്തവുമാണ്. സന്ദേശ്ഖാലി സംഭവങ്ങള്‍ സിബിഐ അന്വേഷിക്കുന്ന സാഹചര്യത്തില്‍ വ്യാജവീഡിയോ സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് ഗംഗാധര്‍ ആവശ്യപ്പെട്ടു. പരാജയ ഭീതി പൂണ്ടാണ് വീഡിയോയുമായി തൃണമൂല്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. അടിസ്ഥാനപരമായ പ്രശ്നം സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ മാനഭംഗത്തിനിരയായതാണ്. ടിഎംസിക്കാരുടെ പിഡനം സംബന്ധിച്ച് നൂറുകണക്കിന് പരാതികളാണ് സ്ത്രീകള്‍ നല്‍കിയിട്ടുള്ളത്. ഇതെല്ലാം തെറ്റാണെന്നാണോ പറയുന്നത്. വ്യാജ വീഡിയോയിലൂടെ ഇതെല്ലാം ഇല്ലാതാക്കാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. വ്യാജ വീഡിയോ സംബന്ധിച്ച് ഗംഗാധര്‍ കായല്‍ സിബിഐക്ക് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. വില്യം എന്നയാളുടേതാണ് യൂട്യൂബ് ചാനല്‍. നാണംകെട്ട നടപടിയാണ് തൃണമൂലിന്റേതെന്ന് അധികാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: