തിരുവനന്തപുരം: നടന് സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതിനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നീളും. പൊലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി പാടില്ലെന്ന ഗതാഗത കമ്മീഷണറുടെ പുതുക്കിയ സര്‍ക്കുലറിനെ തുടര്‍ന്നാണ് തീരുമാനം. പുതിയ സര്‍ക്കുലറിനെ തുടര്‍ന്ന് സുരാജിനെതിരെയുള്ള പരാതി എംവിഡി ഉദ്യോഗസ്ഥന് പ്രത്യേകം അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും നടപടി.
2023 ജൂലൈ 23ന് രാത്രി തമ്മനത്ത് വെച്ചായിരുന്നു അപകടം. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടി.
ജൂലൈ 23ന് രാത്രി 12 മണിയോടെ നടന് സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ തമ്മനം – കാരക്കോണം റോഡില്‍ വെച്ച് ബൈക്കുമായാണ് കൂട്ടിയിടിച്ചത്. സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര് ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആര്‍ മോട്ടര്‍ വാഹന വകുപ്പിനു കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: