വിതുര: വിതുരയിലെ കൈത്തോട്ടിലൂടെ വീണ്ടും കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതായി പരാതി. വിതുര കലുങ്കിലൂടെ ഒഴുകി വാമനപുരം ആറില്‍ ചേരുന്ന തോട്ടിലാണ് കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത്. പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് വൃത്തിയാക്കിയ ജലസ്രോതസ്സിലാണ് വീണ്ടും മാലിന്യം ഒഴുക്കി വിടുന്നത്. സ്വകാര്യഹോട്ടലിനെതിരെ ആരോപണവുമായി നാട്ടുകാര്‍. വിതുര പോലീസ് സ്റ്റേഷന് റോഡിന് എതിര്‍വശം മൈലക്കോണത്തു നിന്ന് ഉദ്ഭവിക്കുന്ന തോട്ടില്‍ കാവുവിള ഭാഗത്ത് സമീപത്തു പ്രവര്‍ത്തിക്കുന്ന ഇറാനി ഹോട്ടലില്‍ നിന്നുള്ള മാലിന്യമാണ് ഒഴുകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വ്യാഴാഴ്ച രാവിലെ രൂക്ഷമായ ദുര്‍ഗന്ധമുണ്ടായതോടെയാണ് നാട്ടുകാര്‍ സംഭവസ്ഥലം പരിശോധിച്ചത്. സംസ്കരണ സംവിധാനമില്ലാത്ത ഹോട്ടലിലെ പാര്‍ശ്വഭിത്തിയിലൂടെ തോട്ടിലേക്ക് മാലിന്യമൊഴുക്കുകയായിരുന്നെന്ന് നാട്ടുകാര്‍ കണ്ടെത്തി. മാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് തോട്ടിലെ മീനുകളും ചത്തു പൊങ്ങിയിട്ടുണ്ട്. വിതുര കലുങ്ക്, ശിവക്ഷേത്ര ജങ്ഷന് എന്നിവിടങ്ങളിലൂടെ ഒഴുകുന്ന തോട്ടില്‍ രാത്രി കാലങ്ങളിലാണ് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണ്. മൈലക്കോണം, ഇറയംകോട്, കലുങ്ക് ജങ്ഷന്, തള്ളച്ചിറ, മുളക്കോട്ടുകര എന്നിവിടങ്ങളിലൂടെ ഒഴുകിയെത്തുന്ന കൈത്തോടുകള്‍ ചേര്‍ന്ന് കോട്ടിയത്തറയിലൂടെ ഇറച്ചിപ്പാറയിലാണ് വാമനപുരം നദിയിലെ ചേരുന്നത്.
കലുങ്ക് ജങ്ഷനു സമീപത്തെ തോട്ടിലാണ് മാലിന്യ നിക്ഷേപം കൂടുതല്‍. ദുര്‍ഗന്ധവും കൊതുകുശല്യവും മൂലം ഏറെ ബുദ്ധിമുട്ടുന്നതായി കച്ചവടക്കാരും സമീപത്തെ താമസക്കാര്യം പറയുന്നു. കക്കൂസ് മാലിന്യത്തിനു പുറമെ പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, പഴയ തുണികള്‍ തുടങ്ങിയവയാണ് തോടു നിറയെ. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ഹോട്ടലുകളും അറവുശാലകളും അവശിഷ്ടങ്ങള്‍ നശിപ്പിക്കാന്‍ സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിക്കുന്നത്. ഉള്വനങ്ങളിലോ മാലിന്യ സംസ്കരണകേന്ദ്രങ്ങളിലോ നിക്ഷേപിക്കുന്നതിനു പകരം തോടുകളിലോ വിജനമായ റോഡരികുകളിലോ മാലിന്യം കൊണ്ടിടുകയാണ് ഇവരുടെ പതിവുരീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: