കോട്ടയം: നിര്‍ദ്ദിഷ്ട അങ്കമാലി എരുമേലി ശബരിപാതയുടെ നിര്‍മ്മാണത്തിന് പകുതി തുക മുടക്കുന്നതിന് നിവൃത്തിയില്ലാതെ കേരളം. കിഫ്ബിയില്‍ നിന്ന് പണം മുടക്കാമെന്ന പ്രതീക്ഷയിലാണ് നേരത്തെ ഇതു സംബന്ധിച്ച സമ്മതപത്രം റെയില്‍വേ ബോര്‍ഡിന് കൈമാറിയത്. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ കിഫ്ബി കൈമലര്‍ത്തുകയാണ്. കടമെടുപ്പുപരിധി സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ അന്തിമ തീരുമാനം വരുംവരെ ഇക്കാര്യത്തില്‍ പണം നല്‍കാമെന്ന് ഉറപ്പ് നല്‍കാനാവില്ലെന്നാണ് കിഫ്ബിയുടെ നിലപാട്. ഇതേ തുടര്‍ന്ന് പണം കണ്ടെത്താനുള്ള മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നെങ്കിലും പ്രത്യേക തീരുമാനമൊന്നും കൈക്കൊണ്ടില്ല. ഇത് സംബന്ധിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറാന്‍ തീരുമാനിച്ച് യോഗം പിരിയുകയുണ്ടായത്.
കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ പദ്ധതിക്കായി 3,801 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയില്‍വേയുടെ ധനകാര്യ വിഭാഗം അംഗീകരിച്ചിരുന്നു. റെയില്‍വേയും കേരളവും തമ്മിലുള്ള 50:50 ചെലവ് പങ്കിടല്‍ അടിസ്ഥാനമാക്കിയാണ് പ്രോജക്റ്റിനായുള്ള റിട്ടേണ്‍ നിരക്ക് (ആര്‍ഒആര്‍) രൂപപ്പെടുത്തിയത്. കേരള സര്‍ക്കാര്‍ നേരത്തെ സമ്മതിച്ചതുപോലെ ചെലവ് പങ്കിടുന്നതില്‍ നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍, പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന് അനുമതി നല്‍കാനാവില്ല.
1997-98 ലെ റെയില്‍വേ ബജറ്റില്‍ 550 കോടി രൂപ ചെലവില്‍ അനുവദിച്ച അങ്കമാലി മുതല്‍ എരുമേലി വരെ ശബരിമലയ്‌ക്ക് സമീപം 111 കിലോമീറ്റര്‍ ലൈന്‍ നിര്‍മിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പിന്നീട് 264 കോടി രൂപ ചെലവില്‍ എട്ട് കിലോമീറ്റര്‍ നീളത്തില്‍ റെയില്‍പാത, പെരിയാറിന് കുറുകെയുള്ള പാലം, കാലടിയില്‍ ഒരു സ്റ്റേഷന്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു.
പദ്ധതിക്കായി ഭൂമി നല്‍കാന്‍ തയ്യാറായ ഭൂരിഭാഗം ഭൂവുടമകളും ഭൂമിയില്‍ കല്ലിട്ടശേഷം വസ്തു വില്‍ക്കാനോ ഭൂമി പണയപ്പെടുത്താനോ കഴിയാതെ ദുരിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: