കൊച്ചി: പനമ്പള്ളിനഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി വായിൽ തുണി തിരുകുകയും ചെയ്‌തെന്നാണ് പ്രതിയായ യുവതിയുടെ മൊഴി. മൃതദേഹം ഉപേക്ഷിക്കാനാണ് യുവതി പദ്ധതിയിട്ടത്. എന്നാൽ മുറിയുടെ വാതിലിൽ മാതാവ് മുട്ടിയപ്പോൾ കുഞ്ഞിന്റെ മൃതദേഹം പുറത്തേക്ക് എറിയുകയായിരുന്നു.
ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുഞ്ഞ് ജനിച്ചാല്‍ എങ്ങനെ ഒഴിവാക്കണമെന്ന് ഇന്റര്‍നെറ്റില്‍നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചുവെന്നും മൊഴി നല്‍കി. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ് കൊലപാതകം നടത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡിഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പോലീസിന്റെ നീക്കം.
പീഡനത്തിന് ഇരയായെന്ന യുവതിയുടെ കഴിഞ്ഞദിവസത്തെ മൊഴിയുടെ അടിസ്ഥാനത്തില്‍, അവര്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട നര്‍ത്തകനായ യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും പിന്നീട് നടന്ന സംഭവങ്ങളില്‍ തനിക്ക് പങ്കൊന്നുമില്ലെനാണ് യുവാവിന്റെ മൊഴി. യുവതി പ്രാഥമികമായി നല്‍കിയ വിവരങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകേണ്ടതിനാല്‍ യുവാവിനെ കൂടുതല്‍ ചോദ്യംചെയ്യുന്നതിലേക്ക് പോലീസ് കടന്നിട്ടില്ല.
വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് പ്രസവം നടന്നത്. പരിഭ്രാന്തയായതിനെത്തുടര്‍ന്ന് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ശബ്ദം പുറത്തേക്ക് വരാതിരിക്കാനായി വായില്‍ തുണിതിരുകി. കൈയില്‍ക്കിട്ടിയ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കുട്ടിയെ പുറത്തേക്ക് എറിയുകയായിരുന്നു. ഇതെല്ലാം ആ സമയത്തെ പരിഭ്രാന്തിയില്‍ സംഭവിച്ചതാണെന്നാണ് മൊഴി.
കുട്ടി കൊല്ലപ്പെടും മുൻപ് തന്നെ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. തലയോട്ടിക്കടക്കം ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: