ന്യൂദല്‍ഹി: ആപ്പുമായുള്ള സഖ്യത്തെചൊല്ലി ദല്‍ഹി കോണ്‍ഗ്രസിലുണ്ടായ കലാപം തുടരുന്നു. കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ്ലിയുടെ രാജിക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടു. ലവ്ലിയുടെ അടുത്ത അനുയായിയും മുതിര്‍ന്ന നേതാവുമായ ഓം പ്രകാശ് ബിധുരി, മുന്‍ എംഎല്‍എമാരായ നീരജ് ബസോയ, നസീബ് സിങ് എന്നിവരാണ് രണ്ടു ദിവസത്തിനുള്ളില്‍ പാര്‍ട്ടി വിട്ടത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ഇവര്‍ അയച്ച കത്തില്‍ തങ്ങളുടെ രാജിക്കുകാരണം കോണ്‍ഗ്രസ്, ആപ് സഖ്യമാണെന്ന് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. അരവിന്ദര്‍ സിങ് ലവ്ലി പാര്‍ട്ടി അധ്യക്ഷസ്ഥാനം മാത്രമാണ് രാജി വെച്ചതെങ്കില്‍ ബാക്കി നേതാക്കള്‍ പ്രാഥമിക അംഗത്വവും രാജിവെച്ചിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിരാണെന്ന് ഓം പ്രകാശ് ബിധുരി പ്രതികരിച്ചു. പ്രവര്‍ത്തകരുടെ വികാരമാണ് രാജിയിലൂടെ പ്രതിഫലിക്കുന്നത്. കോണ്‍ഗ്രസിനെ അധിക്ഷേപിച്ചാണ് ആപ് ദല്‍ഹിയില്‍ അധികാരത്തിലെത്തിയത്. അരവിന്ദര്‍ സിങ് ലൗലി പ്രസിഡന്റായിരിക്കെ തങ്ങളുടെ വികാരം നേതൃത്വത്തെ അറിയിച്ചതാണ്. പക്ഷേ ആരും കണക്കിലെടുത്തില്ല. സഖ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഓം പ്രകാശ് ബിധുരി കൂട്ടിച്ചേര്‍ത്തു.
ആപ് സഖ്യം ദല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ അപകീര്‍ത്തിയും നാണക്കേടും ഉണ്ടാക്കുന്നുവെന്ന് മുന്‍ എംഎല്‍എ നീരജ് ബസോയ പറഞ്ഞു. ആത്മാഭിമാനമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അരവിന്ദര്‍ സിങ് ലവ്ലിയുടെ രാജിക്ക് പിന്നാലെ മൂന്ന് പ്രമുഖ നേതാക്കളുടെ രാജി കൂടി വന്നതോടെ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്.
പ്രമുഖ നേതാക്കള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് ദല്‍ഹി ഘടകത്തിന്റെ ഇടക്കാല പ്രസിഡന്റായി മുന്‍ എംഎല്‍എ ദേവേന്ദര്‍ യാദവിനെ നിയമിച്ചിട്ടുണ്ടെങ്കിലും നേതാക്കളുടെയും അണികളുടെയും പ്രതിഷേധം തുടരുകയാണ്. ആപ്പുമായി സഖ്യമുണ്ടാക്കിയതും സംസ്ഥാന നേതൃത്വത്തോട് ആലോചിക്കുകപോലും ചെയ്യാതെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതുമാണ് രാജിക്ക് കാരണമെന്ന് അരവിന്ദര്‍ സിങ് ലവ്‌ലി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്‌ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.
ആപ്പുമായുള്ള ദല്‍ഹിയിലെ സഖ്യത്തെ തുടക്കംമുതല്‍ തന്നെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് വകവയ്‌ക്കാതെയാണ് ദേശീയ നേതൃത്വം ആപ്പുമായി ചര്‍ച്ചകള്‍ തുടര്‍ന്നതും സഖ്യത്തിലെത്തിയതും. ധാരണപ്രകാരം ഏഴില്‍ നാലു സീറ്റില്‍ ആപ്പും മൂന്നു സീറ്റില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. 2019ല്‍ ഏഴു സീറ്റിലും ബിജെപിയാണ് വിജയിച്ചത്. മെയ് 25 നാണ് ദല്‍ഹിയിലെ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: