ലഖ്നൗ: വ്യാജഗാന്ധിയായ രാഹുല്‍ഗാന്ധിയെ കെട്ടുകെട്ടിക്കുമെന്ന് ഉത്തര്‍പ്രദേശിലെ റായ് ബറേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിങ്ങ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ മന്ത്രിയായ ഇദ്ദേഹം 2019ല്‍ സോണിയാഗാന്ധിയോട് റായ് ബറേലിയില്‍ പരാജയപ്പെട്ടിരുന്നു. പക്ഷെ ഇക്കുറി ചരിത്രം തിരുത്തുമെന്നും വ്യാജ ഗാന്ധിയായ (നക്ലി ഗാന്ധി) രാഹുല്‍ ഗാന്ധിയെ റായ് ബറേലിയില്‍ നിന്നും കെട്ടുകെട്ടിക്കുമെന്നും ദിനേഷ് പ്രതാപ് സിങ്ങ് പറഞ്ഞു.
നാണക്കേടൊഴിവാക്കാന്‍ റായ് ബറേലിയിലേക്ക് ചേക്കേറി
വയനാടിന് പുറമെയാണ് രാഹുല്‍ഗാന്ധി റായ്ബറേലിയിലും സ്ഥാനാര്‍ത്ഥിയാകുന്നത്. കഴിഞ്ഞ തവണ അമേഠിയില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രാഹുല്‍ ഗാന്ധി അന്ന് സ്മൃതി ഇറാനിയോട് 55,120 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായ തോല്‍വി ഒഴിവാക്കാന്‍ അദ്ദേഹം റായ് ബറേലി മണ്ഡലത്തിലേക്ക് മാറിയിരിക്കുകയാണ്.
മായാവതി എത്തുന്നതോടെ രാഹുല്‍ ഗാന്ധിയുടെ വോട്ടുകള്‍ ചോരും
മായാവതിയുടെ ബിഎസ് പി ഇവിടെ താക്കൂര്‍ പ്രസാദ് യാദവിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടുണ്ട്. ഇതോടെ രാഹുല്‍ ഗാന്ധിയ്ക്ക് കിട്ടേണ്ട നല്ലൊരു പങ്ക് വോട്ട് താക്കൂര്‍ പ്രസാദ് യാദവ് പിടിക്കുമെന്നുറപ്പായി. 2019ല്‍ സോണിയാഗാന്ധിക്ക് സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും ഒറ്റക്കെട്ടായി പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ആ പിന്തുണ ഇക്കുറി രാഹുല്‍ ഗാന്ധിക്കില്ല. അന്ന് ബിഎസ് പി യുടെയും എസ് പിയുടെയും പിന്തുണയുണ്ടായിട്ടും 2019ല്‍ ദിനേഷ് പ്രതാപ് സിങ്ങ് 3,67,740 വോട്ടുകള്‍ പിടിച്ചിരുന്നു. സോണിയാഗാന്ധിയ്ക്കാകട്ടെ 5,34,918 വോട്ടുകള്‍ കിട്ടി. ആകെ ഭൂരിപക്ഷം 1,67,718 വോട്ടുകള്‍. എന്നാല്‍ സോണിയാഗാന്ധിയുടെ വ്യക്തിപ്രഭാവമില്ലാത്ത രാഹുല്‍ ഗാന്ധിയാണ് ഇക്കുറി റായ് ബറേലിയില്‍ നല്ല വേരോട്ടമുള്ള നേതാവ് ദിനേഷ് പ്രതാപ് സിങ്ങുമായി മത്സരിക്കുന്നത്. ബിഎസ് പി വോട്ടു മറിയുന്നതോടെ തനിക്ക് ജയം നേടാനാവുമെന്നാണ് ദിനേഷ് പ്രതാപ് സിങ്ങിന്റെ കണക്കുകൂട്ടല്‍. ബിജെപി പ്രവര്‍ത്തകര്‍ ഇവിടെ വീറോടെയാണ് പ്രവര്‍ത്തിക്കുന്നത്. എങ്ങിനെയെങ്കിലും ഒരു തോല്‍വി കൂടി രാഹുലിന് നല്‍കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: