മാറനല്ലൂര്‍: പൂവച്ചല്‍ പഞ്ചായത്ത് ബഡ്സ് സ്കൂളില്‍ അധ്യാപികയും ബസ് കരാറുകാരനായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സജുവും ചേര്‍ന്ന് വന്‍സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപണം. ആരോപണങ്ങള്‍ക്കിടെ ഒരാഴ്ചായി അടച്ചിട്ടിരുന്ന സ്കൂള്‍ ഇന്നലെ തുറന്നപ്പോള്‍ കുട്ടികളെ വാഹനത്തില്‍ എത്തിക്കാന്‍ കരാര്‍ ഏറ്റെടുത്തിരുന്ന സജു പിന്മാറി.
ഇതോടെ വ്യാഴാഴ്ച കുട്ടികളെ സ്കൂളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. ആരോപണ വിധേയയായ അധ്യാപികയെ മാറ്റി പുതിയ അധ്യാപികയെ താത്കാലിക ചുമതല ഏല്‍പ്പിച്ചെങ്കിലും സ്കൂള്‍ പ്രവര്‍ത്തിപ്പിക്കാനായില്ല. കാട്ടാക്കട പുന്നാംകരിക്കകത്ത് 56 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂളിലാണ് അദ്ധ്യാപികയും സ്കൂള്‍ ബസ് കരാര്കാരന് സജുവും ചേര്‍ന്ന് വന്‍ സാമ്പത്തിക ക്രമക്കേട് നടത്തി സ്കൂള്‍ പ്രവര്‍ത്തനം അവതാളത്തിലാക്കിയത്. അധ്യാപികയും സജുവും തമ്മില്‍ തെറ്റിയതോടെയാണ് തട്ടിപ്പുകള്‍ ഓരോന്നായി പുറത്ത് വന്നു തുടങ്ങിയത്. ഇവര്‍ തമ്മില്‍ പരസ്യമായി വിദ്യാര്‍ത്ഥികളുടെ മുന്നില്‍ നടത്തിയ വാക്പോരില്‍ അസഭ്യ വര്‍ഷത്തോടൊപ്പം പല രഹസ്യങ്ങളും പരസ്പരം വിളിച്ചുപറഞ്ഞു.
പ്രിന്‍സിപ്പാള്‍ എന്ന ലേബലില്‍ അദ്ധ്യാപിക സീല്‍ ഉണ്ടാക്കി ബില്ലുകള്‍ മാറി എടുത്തതായും മറ്റും നേരത്തെ തന്നെ ആരോപണം ഉയരുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നതാണ്. കുട്ടികളുടെ ഭക്ഷണം, പച്ചക്കറി, പാചക വാതകം ഉള്‍പ്പെടെ ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതില്‍ അധിക കണക്കുണ്ടാക്കി തുക വെട്ടിക്കുകയും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കുട്ടികളെ എത്തിക്കാന്‍ പോകുന്ന ബസ് അധികം കിലോമീറ്റര്‍ ഓടിയതായി കാണിച്ച് ഏറ്റവും കുറഞ്ഞ തുകയായ 2500 ന് പകരം മൂവായിരത്തി അഞ്ഞൂറോളം രൂപ തട്ടിയെടുത്തതായും പരാതിയുണ്.
ഭക്ഷണം പാകം ചെയ്യാന്‍ വാങ്ങുന്ന സാധനങ്ങളിലും പച്ചക്കറികളിലും വന്‍ തട്ടിപ്പ് നടത്തി. ആഴ്ചയില്‍ 200 രൂപക്ക് പച്ചക്കറി മതിയെന്നിരിക്കെ 3500 രൂപയാണ് ഒരുമാസത്തെ പച്ചക്കറി വാങ്ങിയ കണക്ക്. 56 കുട്ടികള്‍ ഉണ്ടെങ്കിലും ശരാശരി 20 ഓളം പേരെ സാധാരണ ഉണ്ടാകൂ. എന്നാല്‍ നാല്‍പ്പതോളം പേരുടെ കണക്ക് കാണിച്ചാണ് മുട്ട, പാല്, പച്ചക്കറി എന്നിവയുടെ കണക്ക് ഉണ്ടാക്കുന്നത്.
സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ്, ബിജെപി ജന പ്രതിനിധികള്‍ പരാതി ഉന്നയിച്ചുവെങ്കിലും അധ്യാപികയുടെ സ്വാധീനത്താല്‍ നടപടി ഉണ്ടായില്ല. മുഖ്യമന്ത്രി കാട്ടാക്കടയില്‍ നവകേരള സദസുമായി വന്നപ്പോള്‍ പ്രത്യേക ക്ഷണിതാവ് പട്ടികയില്‍ മുഖ്യനൊപ്പമിരുന്ന് തൂങ്ങാംപാറയിലെ ആഡിറ്റോറിയത്തില്‍ ഭക്ഷണം കഴിച്ച സിപിഎം വനിതാ നേതാവാണ് അധ്യാപിക.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ സ്കൂള്‍ അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പറഞ്ഞതോടെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ വിഷയം പഠിച്ചു റിപ്പോര്‍ട്ട് നല്കാന് ഭരണ സമിതി ചുമതലപ്പെടുത്തി. ബഡ്സ് സ്കൂള്‍ വിവാദം വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബിജെപി അംഗം ജിജിത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: