പഴയൊരു ഹോളിവുഡ് ചിത്രത്തിലെ മായിക രംഗങ്ങള്‍ ഓര്‍മയില്‍ വരുന്നു. ഒരു മായാലോകത്തിന്റെ നടുക്കുന്ന ഓര്‍മകള്‍. മായയും സത്യവും കൂടിക്കുഴഞ്ഞ ആ മായാലോകത്ത് മാളോരെ തളച്ചിട്ട്, അവരുടെ ഊര്‍ജം ഊറ്റിക്കുടിച്ച് തഴച്ചുവളരുകയും ചെയ്യുന്ന കുറെ യന്ത്രജീവികള്‍. സെന്റിയന്‍സ് എന്നാണവരുടെ പേര്. കൃത്രിമ ബുദ്ധി പാരമ്യത്തിലെത്തിയ ഒരു കാലത്താണ് കഥ നടക്കുന്നത്. എന്നോ ഒരിക്കല്‍ വരാനിരിക്കുന്ന മഹാവിപത്തിന്റെ കഥ എണ്ണിപ്പറയുന്ന ഒരു ഹോളിവുഡ് ചിത്രം.
‘ദ മെട്രിക്‌സ്’ എന്നതാണ് സിനിമ. 1999 ല്‍ പുറത്തിറങ്ങിയ ചിത്രം. സഹോദരന്മാരായ ആന്‍ഡി വാച്ചോസ്‌കി, ലാറി വാച്ചോസ്‌കി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍… കൃത്രിമ ബുദ്ധിയുള്ള സെന്റിയന്‍സ് ഭൂമിയെ അടക്കി ഭരിക്കുന്നു. മനുഷ്യര്‍ അവരുടെ അടിമകള്‍. നിലനില്‍പ്പിനായി മനുഷ്യര്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകളാണ് ഈ സിനിമയുടെ ഇതിവൃത്തം. മെട്രിക്‌സ് എന്ന മായാലോകത്തില്‍ മനുഷ്യരാകെ കുരുങ്ങിക്കിടക്കുകയാണ്. മനുഷ്യന്റെ ഊര്‍ജം ഊറ്റിയെടുത്ത് സെന്റിയന്‍സ് മദിച്ചു പുളയ്‌ക്കുന്നു. പക്ഷേ ആ സത്യം മായാലോകത്ത് കഴിയുന്ന മനുഷ്യര്‍ അറിയുന്നില്ല.
എന്നാല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറും ഹാക്കറുമായ ‘നിയോ’ ലോകത്ത് നടക്കുന്ന മാറ്റങ്ങളെയാകെ സംശയത്തോടെ കാണാന്‍ തുടങ്ങി. തനിക്കു ചുറ്റുമുള്ള ലോകത്തിന്റെ വാസ്തവികത അയാള്‍ സംശയിച്ചു. അയാളുടെ ചോദ്യങ്ങള്‍ക്ക് ഒടുവില്‍ ഉത്തരംനല്‍കിയത് കമ്പ്യൂട്ടര്‍ മഹാഗുരുവായ മോര്‍ഫിസ് ആയിരുന്നു. കപടലോകത്തിന്റെ ജനങ്ങളെ ചൂഷണം ചെയ്ത് മദിച്ചുനടക്കുന്ന കൃത്രിമ ബുദ്ധിക്കാര്‍ക്കെതിരെ പട നയിക്കുന്നത് അദ്ദേഹമായിരുന്നു. പക്ഷേ നിയോ അതറിയുന്നില്ല. അയാളുടെ അഭിപ്രായത്തില്‍ എല്ലാ കുഴപ്പങ്ങളുടെയും കാരണക്കാരന്‍ എവിടെയോ ഒളിവില്‍ പാര്‍ക്കുന്ന മോര്‍ഫിസാണ്. പക്ഷേ ‘ട്രിനിറ്റി’ എന്ന സുന്ദരി ആ ധാരണ തിരുത്തുന്നു; നിയോയെ മോര്‍ഫിസിന്റെ അരികിലെത്തിക്കുന്നു.
അപ്പോഴാണ് പ്രസിദ്ധമായൊരു ചോദ്യം മൊര്‍ഫിസ് അയാളോട് ചോദിക്കുന്നത്. ”എന്റെ കയ്യില്‍ രണ്ട് ഗുളികകള്‍ ഉണ്ട്. ഒന്ന് ചുവന്നത്; മറ്റേത് നീല. നീല ഗുളിക കഴിച്ചാല്‍ ഇപ്പോള്‍ കഴിയുന്ന മായാലോകത്ത് അടിമയായി തുടരാം. ചുവന്ന ഗുളിക കഴിച്ചാലോ? അപ്പോള്‍ ലഭിക്കുക മായാലോകത്തുനിന്നുള്ള മുക്തിയും. സെന്റിയന്‍സിന്റെ ചൂഷണം ഇല്ലാതാവും. വിവേകത്തിന്റെ യഥാര്‍ത്ഥ ലോകത്തേക്ക് അത് നിന്നെ നയിക്കും.” ചുവന്ന ഗുളിക കഴിച്ച നിയോ മായാലോകത്തുനിന്ന് മോചിതനാകുന്നു; യഥാര്‍ത്ഥ ലോകത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും അയാള്‍ ബോധവാനാകുന്നു…
ഇപ്പോള്‍ ഈ സിനിമ ഓര്‍ക്കാനൊരു കാരണമുണ്ട്. സമസ്ത രംഗത്തും പിടിമുറുക്കി വരുന്ന കൃത്രിമ ബുദ്ധിയുടെ (ചിലരതിനെ നിര്‍മിത ബുദ്ധിയെന്നു വിളിക്കാന്‍ താല്‍പ്പര്യപ്പെടുന്നു) അമിത സ്വാധീനം. അനുദിനം അത് ശക്തമാകുന്നു. കുടുംബ ബന്ധങ്ങള്‍ക്കും സാമൂഹ്യ ബോധത്തിനും അതൊരു ഭീഷണിയാവുന്നു. ഡോക്ടറും അധ്യാപകനും
പടയാളികളും ഗവേഷകനും എഴുത്തുകാരനുമൊക്കെയായി നമ്മുടെയിടയില്‍ ആറാടുന്നു. ഗവേഷണം നടത്താനും പ്രബന്ധമെഴുതാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റെഡി. മെട്രിക്‌സിലെ സെന്റിനല്‍സിന്റെ റോളിലേക്ക് കൃത്രിമ ബുദ്ധി അതിവേഗം കടന്നുവരുകയാണ്. ആദ്യം സേവകനായും പിന്നെ യജമാനന്‍ ആയും ഒടുവില്‍ ദൈവമായും… തലച്ചോറ് ഉപയോഗിക്കേണ്ട ആവശ്യമില്ലാതെ വരുന്ന കാലത്ത് തലമുറകള്‍ മണ്ടന്മാരായി മാറുകയും ഓര്‍മശക്തി കേവലം സങ്കല്‍പ്പമായും മാറുമെന്ന ഭയം സാമൂഹ്യ ശാസ്ത്രജ്ഞര്‍ പ്രകടിപ്പിച്ചു തുടങ്ങിക്കഴിഞ്ഞു. നാലും മൂന്നും കൂട്ടിയാല്‍ എത്രയാണെന്നറിയാന്‍ കൈവിരല്‍ കൂട്ടിപ്പിടിച്ച് കണക്ക് കൂട്ടേണ്ടിവരുന്ന കുട്ടുകളുടെ അവസ്ഥ എത്ര ദയനീയമാണെന്ന് ആലോചിച്ച് നോക്കുക. അക്ഷരമെഴുതാന്‍ പോലും കീ ബോര്‍ഡ് വേണ്ടിവരുന്ന ഒരു തലമുറയെക്കുറിച്ച് ആലോചിച്ചു നോക്കുക.
കൃത്രിമബുദ്ധിയുടെ നിയന്ത്രണം സാമൂഹ്യ വിരുദ്ധരുടെ കയ്യിലെത്തിയാലോ? തീര്‍ച്ചയായും ഈ ഹോളിവുഡ് സിനിമയുടെ അവസ്ഥയാവും ഫലം. സ്വാര്‍ത്ഥമതികളായ ക്രിമിനലുകളും രാഷ്‌ട്രീയക്കാരുമൊക്കെ മനുഷ്യകുലത്തെ കയ്യിലെടുത്ത് അമ്മാനമാടും. അവര്‍ പറയുന്നതൊക്കെ അതേപടി വിശ്വസിക്കാന്‍ നാം പ്രേരിപ്പിക്കപ്പെടും. അതുതന്നെയല്ലേ 1999 ല്‍ മെട്രിക്‌സ് എന്ന സിനിമയിലൂടെ വാച്ചോസ്ങ്കി സഹോദരന്മാര്‍ നമുക്കു നല്‍കിയ മുന്നറിയിപ്പ്. അതുതന്നെയാണ് ആ ചിത്രം ബ്ലോക്ക് ബസ്റ്ററാവാനും അതിന് പല എഡിഷനുകള്‍ നിര്‍മിക്കപ്പെടാനും കാരണം. കേവലം 6.30 കോടി ഡോളര്‍ ചെലവില്‍ നിര്‍മിക്കപ്പെട്ട മെട്രിക്‌സിന് പിരിഞ്ഞുകിട്ടിയത് 47 കോടി അമേരിക്കന്‍ ഡോളറായിരുന്നു.
ഇതൊക്കെ സിനിമയില്‍ മാത്രം സംഭവിക്കുന്നതല്ല ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പിനെ ഉദ്ധരിച്ച് ‘ഇന്ത്യാ ടുഡേ’ ഓണ്‍ലൈനില്‍ നല്‍കിയ ഒരു റിപ്പോര്‍ട്ടുകൂടി നാമൊക്കെ അറിയേണ്ടതുണ്ട്. ദക്ഷിണ കൊറിയയിലെ ഒരു പഴം-പച്ചക്കറി-സുഗന്ധവ്യഞ്ജന പ്ലാന്റില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥനെ അവിടുത്തെ കൃത്രിമ ബുദ്ധിക്കാരന്‍ ‘റോബോട്ട്’ തല്ലിക്കൊന്നതായിരുന്നു ആ വാര്‍ത്ത. പച്ചക്കറിപ്പെട്ടികള്‍ അടുക്കിയൊതുക്കി കണ്‍വെയര്‍ ബെല്‍റ്റില്‍ വയ്‌ക്കാന്‍ നിയമിച്ചിരുന്ന യന്ത്രമനുഷ്യനാണ് പണിപറ്റിച്ചത്. സൂപ്പര്‍വൈസറെ, പച്ചക്കറി പെട്ടിയാണെന്ന് തെറ്റിദ്ധരിച്ച റോബോട്ട് ഒടിച്ചുമടക്കി കണ്‍വെയര്‍ ബെല്‍റ്റിലേക്ക് തട്ടുകയായിരുന്നുവത്രേ. മുഖത്തും നെഞ്ചിലും ഗുരുതരമായ പരിക്കുകളേറ്റ ഉദ്യോഗസ്ഥന്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ മരിച്ചു. ഇതുപോലെ എത്രയോ സംഭവങ്ങള്‍. അതൊക്കെ മനുഷ്യരാശിക്ക് നല്‍കുന്ന ഗൗരവമേറിയ മുന്നറിയിപ്പുകളാണെന്ന് നാം അറിയണം.
വിശ്രുത ഇംഗ്ലീഷ് സാഹിത്യകാരനായ എച്ച്.ജി. വെത്സ് തന്റെ ടൈം മെഷീന്‍ (സമയയന്ത്രം) എന്ന നോവലിലൂടെ നല്‍കിയ മുന്നറിയിപ്പും മറ്റൊന്നല്ല. ശാസ്ത്രത്തിന്റെ അന്തംവിട്ട കുതിച്ചുചാട്ടത്തില്‍ കൈമോശം വരുന്ന ബുദ്ധിയും സിദ്ധിയും ശക്തിയും ‘സമയ യന്ത്രം’ വരച്ചുകാണിക്കുന്നു. ഭൂതകാലത്തേക്കും ഭാവികാലത്തേക്കും സഞ്ചരിക്കാന്‍ കഴിയുന്ന ഒരു യന്ത്രം നിര്‍മിച്ച ശാസ്ത്രജ്ഞന്‍ അതില്‍ കയറി ആയിരക്കണക്കിന് വര്‍ഷം മുന്നിലേക്ക് യാത്ര ചെയ്ത് ഇറങ്ങുന്നു. അവിടെ അയാള്‍ കണ്ടത് ബുദ്ധിയും ശക്തിയും സംസാരശേഷിയും കൈമോശം വന്ന ദുര്‍ബലരായ ഒരു മനുഷ്യവര്‍ഗത്തെ. നദികള്‍ക്കും പ്രകൃതിക്കും മാറ്റമില്ല. ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും കാഴ്ച ബംഗ്ലാവുകളും ഇടിഞ്ഞുപൊ
ളിഞ്ഞു കിടക്കുന്നു. അതിനിടയില്‍ ഇരുട്ടിനെ ഭയന്ന് ഒളിച്ചുകഴിയുന്ന പാവം മനുഷ്യജീവികള്‍.
കൃത്രിമ ബുദ്ധിയുടെ കൂത്താട്ടം ഇതേപോലെ തുടര്‍ന്നാല്‍ മനുഷ്യരാശി ഇത്തരമൊരു കാലത്തേക്ക് പോകേണ്ടിവരുമോയെന്ന ചോദ്യത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. കൃത്രിമ ബുദ്ധിയില്‍ തിമിര്‍ത്താടുന്ന യന്ത്രങ്ങളുടെ ചവിട്ടടിയില്‍ ശേഷിനശിച്ച ഒരു വര്‍ഗമായി മനുഷ്യന്‍ മാറേണ്ടിവരുമോയെന്ന ചോദ്യം തീര്‍ച്ചയായും ചിന്തിക്കേണ്ടതുണ്ട്. അതിനാദ്യം വേണ്ടത് ധാര്‍മികതയാണ്; മനുഷ്യന്റെ നൈസര്‍ഗിക ചോദനകളും ശക്തിവിശേഷങ്ങളും നശിച്ചു പോകാതിരിക്കാന്‍ വേണ്ട ശ്രമങ്ങളാണ്. മനുഷ്യന്‍ ഒരിക്കലും ‘മെട്രിക്‌സ്’ മായാലോകത്തില്‍ അകപ്പെടാതിരിക്കാന്‍ അതു മാത്രമേ നിവൃത്തി മാര്‍ഗമുള്ളൂ. കൃത്രിമബുദ്ധി, ഇപ്പോള്‍ നമുക്കുപിന്നാലെ ശിങ്കിടിപാടി നടക്കുന്ന ”ആന്‍ഡ്രോയിസ് കുഞ്ഞപ്പ”നാണെന്നത് ശരിതന്നെ. പക്ഷേ ഭാവിയില്‍ അവര്‍ അധീശത്വം നേടിയാല്‍ മനുഷ്യന്‍ കേവലം ‘വാലാട്ടി’കളായി അധപ്പതിക്കും.
ആയുസ്സിന്റെ ഗുളിക
മനുഷ്യന്റെ ഏറ്റവും വലിയ ചങ്ങാതിയാണ് പട്ടി. മനുഷ്യവര്‍ഗം ഉരുത്തിരിഞ്ഞ നാള്‍ മുതല്‍ പട്ടി അവന് കൂട്ടായുണ്ട്. മനുഷ്യനെ ബാധിക്കുന്ന മിക്ക രോഗങ്ങളും പട്ടിയെയും കടന്നാക്രമിക്കും. അതുകൊണ്ടാണ് രോഗങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമുള്ള മിക്ക രോഗങ്ങളിലും പട്ടി കൂട്ടാളിയാവുന്നത്. പ്രായമാകുന്നത് വൈകിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളിലും കൂട്ടാളി പട്ടി തന്നെ.
മനുഷ്യന് പ്രായമാകുന്നതിന്റെ എല്ലാ വശങ്ങളും പഠിക്കുന്നതിനും അതിനെ വൈകിക്കുന്നതിനുള്ള കാരണങ്ങള്‍ ആരായുന്നതിനും ഗവേഷകനായ ദാനിയല്‍ പ്രോമിസ്‌ലോയും സംഘവും നടത്തുന്ന ഗവേഷണ പദ്ധതിയിലും നായയാണ് താരമെന്ന് ‘ബിസിനസ് ഇന്‍സൈഡര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷണം പൂര്‍ണമായും വിജയിച്ചാല്‍ തങ്ങള്‍ കണ്ടെത്തിയ മരുന്നുകൊണ്ട് നായയുടെ ആയുസ് രണ്ട് വര്‍ഷം നീട്ടിയെടുക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പട്ടിക്കുള്ള ഈ ‘ആയുര്‍’ ഗുളിക 2025 അവസാനത്തോടെ പുറത്തിറക്കാനാവുമെന്ന് അവര്‍ കരുതുന്നു. പക്ഷേ അതിന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കുന്ന അംഗീകാരം വേണം. കൃത്യമായ നിരക്കില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തണം. എങ്കിലും ഗുളിക ഏതാണ്ട് തയ്യാര്‍. പട്ടികള്‍ക്ക് ചവച്ചിറക്കാന്‍ പറ്റിയ തരത്തില്‍ തയ്യാറാക്കിയ ഗുളികയ്‌ക്ക് നല്‍കിയ താല്‍ക്കാലിക നാമം ‘ലോയി-002’. സാന്‍ഫ്രാന്‍സിസ്‌കോയിലെ വെറ്ററിനറി കമ്പനിയായ ‘ലോയല്‍’ ആണ് മരുന്ന് വികസിപ്പിച്ച് വിപണിയിലെത്തിക്കുന്ന ചുമതല ഏറ്റെടുത്തിരിക്കുന്നതത്രേ. മരുന്ന് ഫലിച്ചാല്‍… ഈ പട്ടിഗുളിക, മനുഷ്യന്റെ പ്രായമാകല്‍ പ്രക്രിയയ്‌ക്കും നല്‍കിയേക്കാം, ഒരു ഷോര്‍ട്ട് ബ്രേക്ക്…’
പ്രതികരിക്കാൻ ഇവിടെ എഴുതുക: