ഇ.പി.ജയരാജന് വിഷയം നിഷേധിക്കുകയാണ് ജയരാജനും അടുപ്പമുള്ള നേതാക്കളും. എന്നാല്‍ ഇടുക്കിയിലെ മുന്‍ എംഎല്‍എ എ. രാജേന്ദ്രന് ഒരു കാല് പൊക്കിയാണ് നില്‍പ്പ്. എപ്പോ ബിജെപിയിലെത്തി എന്നേ അറിയാനുള്ളൂ. മറ്റു പല നേതാക്കളും ഫല പ്രഖ്യാപനം കാത്തിരിക്കുകയാണ്. ഫലം പ്രതികൂലമാണെങ്കില്‍ കാര്യം കഷ്ടമാണ്.
നേതാക്കളൊടൊപ്പം പാര്‍ട്ടിക്കും വലിയ ക്ഷീണം തന്നെയാകും. ദേശീയ പദവി ഉണ്ടാകുമോ? അതോ പ്രാദേശിക പാര്‍ട്ടിയായി തുടരുമോ എന്നേ അറിയാനുള്ളൂ. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാറില്ല എന്ന് പറയാറുണ്ട്. 1952 മുതല്‍ ദേശീയ പാര്‍ട്ടി പദവിയിലാണ്. ഇനിയിപ്പോ വോട്ടു കുറയുമോ? സീറ്റ് ലഭിക്കുമോ എന്നതിലധിഷ്ഠിതമാണ് ദേശീയ പദവി. സംസ്ഥാന പാര്‍ട്ടിയായി എങ്ങനെ തുടരാനാകും. ശിവനേ? അനുഭവിക്കുക തന്നെ. സോവ്യറ്റ് യൂണിയന് എന്തായി? മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ അവസ്ഥയും അതുതന്നെയല്ലേ. നടക്കാന്‍ മടിച്ചിട്ട് ചിറ്റപ്പന് വീട്ടില്‍ നിന്നുതന്നെ പെണ്ണുകെട്ടി എന്നു പറഞ്ഞപോലെ എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെയും സ്ഥിതി ദയനീയമാണല്ലോ.
ദേശീയ പാര്‍ട്ടിയെന്ന പദവി സ്ഥിരമായി നിലനിര്‍ത്താന്‍ സിപിഎമ്മിന് കഷ്ടപ്പെടേണ്ടിവരുമെന്നുറപ്പാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്കര്‍ഷിച്ചിട്ടുള്ള 3 മാനദണ്ഡങ്ങളിലൊന്നായ 4 സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരമാണ് നിലവില്‍ സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നത്. കേരളം, ത്രിപുര, ബംഗാള്‍, തമിഴ്നാട് എന്നിവയാണ് നാല് സംസ്ഥാനങ്ങള്‍. ബംഗാളും ത്രിപുരയും കട്ടപ്പുകയാണ്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്സുള്ളതുകൊണ്ട് സീറ്റുറപ്പ്, ഡിഎംകെയും ഉണ്ടല്ലോ.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 26 സീറ്റിന്റെ ബലത്തിലാണ് ബംഗാളില്‍ സംസ്ഥാന പാര്‍ട്ടി പദവി പാര്‍ട്ടി നിലനിര്‍ത്തിപ്പോരുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല. 2016 ആഗസ്റ്റില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ദേശീയ സംസ്ഥാന പാര്‍ട്ടികളുടെ അംഗീകാരം പുനഃപരിശോധിക്കുന്ന കാലാവധി 10 വര്‍ഷമായി ക്രമീകരിച്ചു. ഈ ആനുകൂല്യത്തിന്റെ ബലത്തില്‍ തല്ക്കാലം സിപിഎമ്മിന് 2026വരെ ദേശീയ പാര്‍ട്ടിയായി തുടരാമെന്നാണ് പ്രതീക്ഷ.
തമിഴ്നാട്ടിലും ബംഗാളിലും ഇത്തവണ നേടുന്ന സീറ്റുകളുടെ എണ്ണത്തിന് പ്രാധാന്യമുണ്ട്. 2 സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് 2 സീറ്റ് വീതമെങ്കിലും ജയിക്കേണ്ടത് ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്താന്‍ ആവശ്യമാണ്. അതു കിട്ടുമോ? അതോ നഷ്ടപ്പെടുമോ? തമിഴ്നാട്ടില്‍ 2 സീറ്റ് ലഭിച്ചില്ലെങ്കിലും 2029 വരെ സംസ്ഥാന പാര്‍ട്ടിയായി തുടരാം. എന്നാല്‍ ബംഗാളില്‍ ഇപ്പോള്‍ 2 സീറ്റ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9 സീറ്റെങ്കിലും നേടണം. അല്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി 2026ല്‍ നഷ്ടമാകുമെന്നുറപ്പ്.
ഈ സംസ്ഥാനങ്ങളില്‍ ഒരിടത്ത് പിറകില്‍ പോയാലും രാജസ്ഥാനില്‍ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന സിക്കര്‍ സീറ്റു പിടിക്കാന്‍ കഴിഞ്ഞാല്‍ അവിടെ സംസ്ഥാന പാര്‍ട്ടിയായി സ്ഥാനക്കയറ്റം ലഭിക്കും. അല്ലെങ്കില്‍ ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 3 സംസ്ഥാനങ്ങളില്‍ നിന്നായി 11 എംപിമാരെ ലോക്സഭയിലേക്ക് അയയ്ക്കണം. നിലവിലെ സാഹചര്യത്തില്‍ ഇതിനു ഒരു സാധ്യതയും കാണുന്നില്ല.
ദേശീയ പാര്‍ട്ടിയാകുന്നതിനുള്ള 3 മാനദണ്ഡങ്ങളും നിലവിലെ അവസ്ഥയും സാധ്യതയും: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം (25.83%), ത്രിപുര (17.31%), ബംഗാള്‍ (6.28%) എന്നിവിടങ്ങളില്‍ 6 ശതമാനത്തിലേറെ വോട്ടുനേടിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം (25.38%), ത്രിപുര (24.62%) എന്നിവിടങ്ങളില്‍ മാത്രമാണ് 6 ശതമാനത്തിലേറെ വോട്ടു കിട്ടിയത്. ലോക്സഭയില്‍ 3 സീറ്റ് മാത്രം. ഇത്തവണ സീറ്റ് കേരളത്തില്‍ കൂടുതല്‍ കിട്ടുമെന്നാണ് പ്രതീക്ഷ. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ. മറ്റൊരു സംസ്ഥാനത്തുകൂടി 6 ശതമാനം വോട്ടുകിട്ടണം. അത് കിട്ടാന്‍ ഒരു സാധ്യതയും കാണുന്നില്ല. ലോക്സഭാ സീറ്റ് അല്പം കൂടിയേക്കും.
പക്ഷേ ഒരു സംസ്ഥാനത്തു കൂടി 6 ശതമാനത്തിലേറെ വോട്ടെന്ന പ്രതീക്ഷ വിദൂര സ്വപ്നമാണ്. ഇതെല്ലാം വച്ചുനോക്കുമ്പോള്‍ ദേശീയ പാര്‍ട്ടി എന്ന പദവിക്ക് വിദൂര സാധ്യതമാത്രം. അതൊക്കെ കുത്തനെ കൂട്ടണം. ലോക്സഭാ സീറ്റില്‍ 11 സീറ്റെങ്കിലും കിട്ടണം. അതാകട്ടെ 3 സംസ്ഥാനങ്ങളില്‍ നിന്നെങ്കിലും ആയിരിക്കണം. അതു കിട്ടാനും സാധ്യത വിരളമാണ്. എന്നുവച്ചാല്‍ 2026വരെ ദേശീയ കക്ഷി. എ.കെ. ബാലന് പറഞ്ഞപോലെ മരപ്പട്ടിയും ഈനാംപേച്ചിയും തത്കാലം സ്ഥാനാര്‍ത്ഥിയാകില്ല എന്ന് സാരം. അത് കഴിഞ്ഞാല്‍ മരപ്പട്ടി തന്നെ ചിഹ്നമായാലും അത്ഭുതപ്പെടാനില്ല.
രണ്ട് വര്‍ഷം കഴിഞ്ഞാല്‍ സ്ഥിതി പരിതാപകരമാകുമെന്നുറപ്പ്. കേരളം, ബംഗാള്‍, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളില്‍ സിപിഎമ്മിന് സംസ്ഥാന പാര്‍ട്ടി പദവിയുണ്ട്. അതുകൊണ്ട് തൃപ്തിപ്പെടേണ്ടിവരും. ഇങ്ങനെ പോയാല്‍ കേരളത്തില്‍ സംസ്ഥാന പദവി നഷ്ടപ്പെടുമോ? സിപിഎം പാപിയാകുമോ?
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രസ്തുത സംസ്ഥാനത്തെ ആകെ സീറ്റെണ്ണത്തില്‍ 25:1 എന്ന അനുപാതത്തില്‍ ജയം നേടിയാല്‍ സംസ്ഥാന പദവി ലഭിക്കുമെന്ന മാനദണ്ഡ പ്രകാരമാണ് 2 സീറ്റിലെ ജയം അനിവാര്യമാകുന്നത്. ഈ സംസ്ഥാനങ്ങളില്‍ ഒരിടത്ത് പിറകില്‍ പോയാലും രാജസ്ഥാനില്‍ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന സിക്കര്‍ സീറ്റു പീടിക്കാന്‍ കഴിഞ്ഞാല്‍ അവിടെ സംസ്ഥാന പാര്‍ട്ടിയായി സ്ഥാനക്കയറ്റം ലഭിക്കും. അതു കിട്ടുമെന്നുറപ്പില്ല. തവിട് കൊതിച്ചു പുറത്തുപോയപ്പോള്‍ അരി കള്ളന് കൊണ്ടുപോയി എന്നു പറയുന്നില്ലെ. അതുപോലെയാകും രാജസ്ഥാനിലെയും മറ്റും അവസ്ഥ. കാത്തിരുന്നു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: