തിരുവനന്തപുരം: അമ്പലത്തറ കോട്ടപ്പുറത്ത് അനധികൃതമായി നിലം നികത്തുന്നതായി പരാതി. അമ്പലത്തറ വാര്‍ഡില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതും തരംതിരിക്കുന്നതും കോട്ടപ്പുറത്താണ്. ഇതിന്റെ മറവില്‍ ആശുപത്രി മാലിന്യങ്ങളും ഇറച്ചി വേസ്റ്റും ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ശേഖരിക്കുന്ന മുടിയും ഒക്കെ ഇവിടെ കൊണ്ടുവന്ന് തള്ളുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
മഴ സമയങ്ങളില്‍ ആശുപത്രി മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ള മലിനജലം സമീപത്തെ വീടുകളില്‍ കയറുന്നു. എണ്‍പതോളം വീടുകളാണ് കോട്ടപ്പുറത്ത് ഉള്ളത്. പ്രായമായവരും കുട്ടികളുമടങ്ങുന്ന വലിയോരു ജനവിഭാഗം മലിനജലത്തില്‍ നടക്കുന്നതിനാല്‍ കാല് ചൊറിഞ്ഞ് പൊട്ടുന്നതും പതിവാണ്. പാടശേഖരമായ ഇവിടെ ജൈവമാലിന്യങ്ങള്‍ തള്ളുന്നതും പതിവാണ്. നാട്ടുകാര്‍ പരാതി പറയുമ്പോള്‍ മാലിന്യത്തിനു മുകളില്‍ മണ്ണിടുകയും വീണ്ടും മാലിന്യം തള്ളുകയും അതിനു മുകളില്‍ വീണ്ടും മണ്ണിടുകയും ചെയ്യുന്നു. ഇങ്ങനെ മാലിന്യത്തിന് മുകളിലിട്ട മണ്ണ് ഉറച്ചതിനുശേഷം ഇവിടെ വാഴ നടുന്നു. കര ഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് വാഴ നടുന്നത്. ഇത്തരത്തില്‍ മണ്ണിട്ട് നികത്തി വാഴ നട്ടിരിക്കുന്ന സ്ഥലവും കോട്ടപ്പുറത്ത് കാണാം. തുടര്‍ന്ന് ഇവിടെ വീട് വയ്ക്കുന്നതിനുള്ള പെര്‍മിറ്റ് നേടിയെടുക്കുന്നു. അങ്ങനെ അനുമതി നേടിയെടുത്ത വീടിന്റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. മറ്റൊരു വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു.
നിരോധിത തീവ്രവാദ സംഘടനയുടെ സാന്നിധ്യം നിലം നികത്തലിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അമ്പലത്തറ വാര്‍ഡില്‍ തന്നെ സമീപത്തുള്ള മറ്റൊരു സ്ഥലത്തും ഇതേ പോലെ വയല്‍ വാങ്ങി നികത്തി പ്ളോട്ട് തിരിച്ച് ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രം ഭൂമി വില്‍ക്കുകയും ഒരു ആരാധനാലയം ഉയരുകയും ചെയ്തിരുന്നു. കോട്ടപ്പുറത്തും ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമെ ഭൂമി വില്ക്കാന് ഉടമകള്‍ തയ്യാറാകുന്നുള്ളു എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. തീവ്രവാദ ബന്ധമുള്ള ചിലരുടെ നിര്‍ദേശപ്രകാരമാണിതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകാന്‍ വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു
കോട്ടപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകാന്‍ വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു. വയലില്‍ നിക്ഷേപിച്ച ജൈവമാലിന്യങ്ങള്‍ അവിടെനിന്ന് നീക്കം ചെയ്യാതെ വാഹനം വിടില്ലെന്ന് പറഞ്ഞാണ് സ്ത്രീകളുള്‍പ്പടെയുള്ള നാട്ടുകാര്‍ വാഹനം തടഞ്ഞത്. ഹരിതകര്‍മ സേനാംഗങ്ങള്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സിഡിഎസ് ശാന്തി നാട്ടുകാരുമായി സംസാരിച്ചെങ്കിലും വാഹനം വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തില്‍ നാട്ടുകാര്‍ ഉറച്ചുനിന്നു.
നിലം നികത്തലിന് കൂട്ടുനില്‍ക്കുന്നെന്ന് ആരോപിച്ച് നാട്ടുകാര്‍ ശാന്തിക്ക് നേരെ തിരിഞ്ഞു. സിഡിഎസും നാട്ടുകാരുമായുള്ള തര്‍ക്കം ഏറെനേരം നീണ്ടു നിന്നു. രാവിലെ പത്ത് മണിക്ക് തുടങ്ങിയ നാട്ടുകാരുടെ പ്രതിഷേധം ഉച്ചവരെ നീണ്ടു. ഇതിനിടയില്‍ പലപ്രാവശ്യം പ്രതിഷേധക്കാര്‍ അമ്പലത്തറ വാര്‍ഡ് കൗണ്‍സിലര്‍ വി.എസ്. സുലോചനനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒരു രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയാണെന്ന കാരണം പറഞ്ഞ് ഒഴിഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടറും സ്ഥലത്തെങ്കിലും മാലിന്യം മാറ്റുന്നതില്‍ ഉറപ്പു നല്കാന് തയ്യാറായില്ല.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആര്.സി. ബീനയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കണ്ട് വിവരം ധരിപ്പിച്ചു. നാട്ടുകാര്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ സത്യമാണെന്ന് എസ്എച്ച്ഒയ്ക്ക് ബോധ്യപ്പെട്ടതോടെ കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തി. പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ നാട്ടുകാരുടെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കാമെന്നും വയലില്‍ നിക്ഷേപിച്ചിരിക്കുന്ന മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യാമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടറും സിഡിഎസും ഉറപ്പു നല്‍കിയതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ച് മാലിന്യ വാഹനം വിട്ടു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: