സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജനെ കേന്ദ്രീകരിച്ചുള്ള ഒരു വിവാദമാണ് കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കത്തിപ്പടരുന്നത്. ഇടത്, വലത് മുന്നണികളില്‍ അത് വല്ലാത്ത ആസ്വസ്ഥതയായി കത്തിപ്പടരുന്നുമുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുദിവസം പൊട്ടിപ്പുറപ്പെട്ട ഈ വിവാദം കൊഴുപ്പിക്കുന്നതില്‍ പതിവുപോലെ കക്ഷി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ പുലര്‍ത്തുന്ന മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുകയാണ്. ഇത്ര പ്രാധാന്യത്തോടെ മറ്റൊരു കാര്യവും ചര്‍ച്ച ചെയ്യാനില്ലെന്ന മട്ടിലാണ് ഈ മാധ്യമങ്ങള്‍ പെരുമാറുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം വലിയ തോതില്‍ കുറഞ്ഞതിനെക്കുറിച്ചോ, അത് തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുക എന്നതിനെക്കുറിച്ചോ കാര്യമായ ചര്‍ച്ചയൊന്നുമില്ലാതെ ഇ.പി. ജയരാജനു പിന്നാലെ പായുകയാണ്. പോളിങ് ദിവസം ഒമ്പത് പേരാണ് വോട്ടു ചെയ്യാന്‍ വരിനിന്നപ്പോള്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇത്രയധികം പേര് മരിക്കാനിടയായത് എന്തുകൊണ്ടാണെന്നോ, കൊടുംചൂട് വില്ലനാവുകയായിരുന്നോ എന്നൊക്കെ അന്വേഷിക്കാനുള്ള താല്‍പ്പര്യം കാണിക്കാതെയാണ് ജയരാജന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള അവസാനിക്കാത്ത ചര്‍ച്ചകള്‍. മുന്‍ കേന്ദ്ര മന്ത്രിയും കേരളത്തിലെ ബിജെപി പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കറും ഇ.പി. ജയരാജനും തമ്മില്‍ മുന്‍പ് ഒരു കൂടിക്കാഴ്ച നടന്ന കാര്യം ഇരുവരും സമ്മതിക്കുകയുണ്ടായി. തിരുവനന്തപുരത്തെ തന്റെ മകന്റെ വീട്ടില്‍വച്ചായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് ജയരാജന് തന്നെ പറയുകയുണ്ടായി. ഇക്കാര്യത്തില്‍ ഇരുവര്‍ക്കുമില്ലാത്ത വേവലാതിയാണ് കേരളത്തിലെ കോണ്‍ഗ്രസിനുള്ളത്.
ജാവ്ദേക്കര്‍ ജയരാജന് കൂടിക്കാഴ്ച മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കിയപ്പോള്‍ മുഖ്യമന്ത്രി പിണറായിവിജയന് പ്രതികരിച്ചത് അരുതാത്തതെന്തോ നടന്നിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരണവുമായി രംഗത്തെത്തി. ‘പാപിയോട് ചേര്‍ന്നാല്‍ ശിവനും പാപിയായിത്തീരും’ എന്നൊക്കെ പറഞ്ഞ് മുഖ്യമന്ത്രി തന്റെ അജ്ഞത വെളിപ്പെടുത്തുകയും ചെയ്തു. ഇതേ മുഖ്യമന്ത്രിതന്നെ ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രവും പുറത്തുവന്നു.
അതേസമയം, താന്‍ ഇ.പി.ജയരാജനുമായി മാത്രമല്ല കൂടിക്കാഴ്ച നടത്തിയിട്ടുള്ളതെന്നും കേരളത്തില്‍നിന്നുള്ള നിരവധി കോണ്‍ഗ്രസ്, സിപിഎം, സിപിഐ നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും, അതില്‍ തെറ്റൊന്നുമില്ലെന്നും ജാവ്ദേക്കര്‍ വ്യക്തമാക്കുകയുണ്ടായി. കേരളത്തില്‍നിന്നുള്ള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും താന്‍ ചര്‍ച്ച നടത്തിയിട്ടുള്ള കാര്യം ജാവ്ദേക്കര്‍ എടുത്തുപറഞ്ഞ് ഇതിലെന്താണ് തെറ്റെന്നും ചോദിക്കുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞ സ്ഥിതിക്ക് ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ അപ്രസക്തമാണെന്നും ജാവ്ദേക്കര്‍ അഭിപ്രായപ്പെടുകയുണ്ടായി. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരും ദല്ലാള്‍ നന്ദകുമാരന്മാരല്ലല്ലോ. പത്തു വര്‍ഷമായി കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്വബോധമുള്ള നേതാവാണ് ജാവ്ദേക്കര്‍. കേരളത്തിലെ പാര്‍ട്ടികാര്യങ്ങളുടെ ചുമതലക്കാരനുമാണ്. ആ നിലയ്ക്ക് രാഷ്ട്രീയരംഗത്തെ പലരുമായും കൂടിക്കാഴ്ചകള്‍ നടത്തുന്നതും ചര്‍ച്ചകളിലേര്‍പ്പെടുന്നതും സ്വാഭാവികമാണ്.
ജാവ്ദേക്കര്‍, ജയരാജനെ കണ്ടതില്‍ ഇരിക്കപ്പൊറുതിയില്ലാത്തത് പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ്. സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ ആരെയൊക്കെ എപ്പോഴൊക്കെ കാണണമെന്നും, എന്തൊക്കയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും തീരുമാനിക്കാന്‍ സതീശന് ആരാണ് അധികാരം നല്‍കിയിട്ടുള്ളത്? താന്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ജാവ്ദേക്കര്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഇതിനെക്കുറിച്ച് സതീശന് എന്താണ് പറയാനുള്ളത്? ജാവ്ദേക്കര്‍ ബിജിപിയുടെ നേതാവാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ എതിരാളികളായല്ല, പ്രതിയോഗികളായി കാണുന്ന പാരമ്പര്യമാണ് ബിജെപിക്കുള്ളത്.
ഇത്തരം കൂടിക്കാഴ്ചകള്‍ എപ്പോഴും വ്യക്തിപരമാകണമെന്നില്ല. ആശയപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്തെന്നിരിക്കും. ഇങ്ങനെയുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളും നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ ഇടയാക്കിയെന്നും വരും. ഇങ്ങനെ സംഭവിച്ചിട്ടുള്ള എത്രയോ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. അപ്പോള്‍ പ്രശ്നം മറ്റൊന്നാണ്. സിപിഎമ്മുകാര്‍ക്ക് കോണ്‍ഗ്രസ്സുകാരും കോണ്‍ഗ്രസ്സുകാര്‍ക്ക് സിപിഎമ്മുകാരുമാവാം. ബിജെപിയിലേക്ക് ആരും പോകാന്‍ പാടില്ല.
ഇത് എവിടുത്തെ ന്യായമാണ്? കോണ്‍ഗ്രസ്സിന്റെ നയങ്ങളോട് വിയോജിപ്പുകളുള്ളവര്‍, അവര്‍ സത്യസന്ധരാണെങ്കില്‍ ബിജെപിയിലേക്കാണ് പോവുക. പല കാര്യങ്ങളിലും കോണ്‍ഗ്രസ്സിന്റെ അതേ നയങ്ങള്‍ പിന്തുടരുന്ന സിപിഎമ്മിലേക്ക് പോകാനാവില്ലല്ലോ. പാര്‍ട്ടിയുടെ നയങ്ങളോട് വിയോജിപ്പുള്ള സിപിഎമ്മുകാരും അതേ നയങ്ങള്‍ പിന്‍പറ്റുന്ന കോണ്‍ഗ്രസ്സില്‍ പോയിട്ടെന്തു കാര്യം? വരവും പോക്കുമൊക്കെ ഞങ്ങള്‍ക്കിടയില്‍ മാത്രം മതിയെന്ന് വിധിച്ചാല്‍ വിലപ്പോവില്ല. അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് ഇക്കൂട്ടര്‍ അംഗീകരിച്ചാല്‍ കൊള്ളാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: