റായ്‌പൂർ: ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കോൺഗ്രസ് പറഞ്ഞതായി ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം ശരീഅത്തിന്റെ അടിസ്ഥാനത്തിലാണോ പ്രവർത്തിക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം കോൺഗ്രസിനെ നിശിതമായി വിമർശിച്ചത്.
വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനുവേണ്ടി അയോധ്യയിൽ രാമക്ഷേത്രം പണിയാനുള്ള ക്ഷണം നിരസിച്ചവർക്ക് രാജ്യം ഭരിക്കാൻ അവകാശമില്ല. ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക നിയമം ഉണ്ടാക്കുമെന്ന് കോൺഗ്രസ് പറഞ്ഞിട്ടുണ്ട്. രാജ്യം ശരീഅത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കേണ്ടത്? മുത്തലാഖ് പുനഃസ്ഥാപിക്കണോ? അമിത് ഷാ ചോദിച്ചു. കോൺഗ്രസ് മുസ്ലീം ലീഗിന്റെ അജണ്ടയുമായി മുന്നോട്ട് പോവുകയാണെന്ന് ഷാ പറഞ്ഞു.
കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ ഷാ ആഞ്ഞടിച്ചു. രാഹുൽ ബാബ, നിങ്ങളെ ജനങ്ങൾ തിരഞ്ഞെടുക്കില്ല, മുത്തലാഖ് പുനഃസ്ഥാപിക്കുകയുമില്ല. പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിരോധന നിയമം, ആർട്ടിക്കിൾ 370 റദ്ദാക്കൽ എന്നിവ തൊടാൻ ഞങ്ങൾ ആരെയും അനുവദിക്കില്ലെന്ന് പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൻകീഴിലെ അദ്ദേഹം നേട്ടങ്ങൾ ഉയർത്തിക്കാട്ടി. പ്രധാനമന്ത്രി തീവ്രവാദം അവസാനിപ്പിക്കുകയും രാജ്യത്തെ സംരക്ഷിക്കുകയും ചെയ്തു. മോദിക്കും ബിജെപിക്കും മൂന്നാം തവണയും അധികാരം വേണമെന്ന് ആവശ്യപ്പെട്ട ഷാ രണ്ട് വർഷത്തിനുള്ളിൽ ഛത്തീസ്ഗഡിൽ നിന്ന് നക്സലിസം തുടച്ചുനീക്കുമെന്ന് പറഞ്ഞു. 2014 മുതൽ കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി മോദി ചെയ്ത കാര്യങ്ങൾ 1,000 വർഷത്തിനുള്ളിൽ ആർക്കും ചെയ്യാൻ കഴിയില്ല.
കോൺഗ്രസ് പാർട്ടി അതിന്റെ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി മാവോയിസം വളർത്തി. മോദിജി പ്രധാനമന്ത്രിയായ ഉടൻ തന്നെ മാവോയിസം രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഛത്തീസ്ഗഢിൽ ബിജെപി സർക്കാർ രൂപീകരിച്ച ഉടൻ തന്നെ 90 ഓളം മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും 123 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങൾക്ക് രണ്ട് വർഷം കൂടി തരൂ. മൂന്നാം തവണയും മോദിജിയെ പ്രധാനമന്ത്രിയാക്കുക. ഛത്തീസ്ഗഡിൽ നിന്ന് മാവോയിസം ഇല്ലാതാക്കുമെന്നും ഷാ പറഞ്ഞു. കോൺഗ്രസ് ഒബിസി വിരുദ്ധരാണെന്നും ഷാ ആരോപിച്ചു, പട്ടികവർഗ, പട്ടികജാതി, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിൽ ആർക്കും തൊടാൻ കഴിയില്ലെന്നത് മോദിയുടെ ഉറപ്പാണെന്നും ഷാ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: