മുംബൈ: എസി ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകൾ ഉടനെത്തില്ല. ഇലക്ട്രിക് ബസുകൾക്ക് വേണ്ടിയുള്ള കരാറുകൾ റദ്ദാക്കിയതായി ബെസ്റ്റ് അറിയിച്ചു. മുംബൈ കോർപ്പറേഷൻ ബസ് സർവീസിന്റെ ഭാഗമാണ് ബെസ്റ്റ്. ലോക്കൽ ട്രെയിൻ കഴിഞ്ഞാൽ ഇതിന് ശേഷം ആളുകൾ ഏറ്റവും അധികം ആശ്രയിക്കുന്ന പൊതുഗതാഗതമാണ് ഇവ.
യാത്രാ സൗകര്യം കൂടുതൽ സുഗമമാക്കുന്നതിനായി കഴിഞ്ഞ വർഷം ബെസ്റ്റ് 900 എസി ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകൾക്ക് കരാറിൽ ധാരണയായിരുന്നു. എന്നാൽ ഇവയിൽ 700 ഇലക്ട്രിക് ബസുകളുടെ കരാറാണ് അധികൃതർ റദ്ദാക്കിയിരിക്കുന്നത്. കരാറിൽ ധാരണയായി ഒരു വർഷം പിന്നിട്ടെങ്കിലും ബസുകൾ നിരത്തിലിറക്കുന്നതിന് സജ്ജമായിരുന്നില്ല.ഇതേ തുടർന്നാണ് ബെസ്റ്റ് കരാറിൽ നിന്നും പിന്മാറിയത്.
രണ്ട് കമ്പനികൾക്കാണ് 900 ബസുകളുടെ ഓർഡർ നൽകിയിരുന്നത്. ഇവയിൽ ഒരു കമ്പനിയ്‌ക്ക് 200 ബസുകളുടെയും മറ്റൊന്നിന് 700 ബസുകളുടെയുമാണ് കരാർ. എന്നാൽ 700 ബസുകളുടെ ഓർഡർ ലഭിച്ച കമ്പനി ഒരു ബസ് പോലും നൽകാത്ത സാഹചര്യത്തെ തുടർന്നാണ് കരാറിൽ നിന്നും ബെസ്റ്റ് പിൻവാങ്ങിയത്.
ഇവയിൽ 200 ബസുകളുടെ കരാർ ഏറ്റെടുത്ത കമ്പനി 50 ബസുകൾ കൈമാറിയിരുന്നു. ഇവരുമായുള്ള കരാർ തുടർന്നേക്കുമെന്നും ബെസ്റ്റ് അറിയിച്ചു. കൂടാതെ ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ 150 ബസുകൾ കൂടി നിരത്തിലിറക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: