കാറ്റലോണിയ: നിലവിലെ സീസണ്‍ അവസാനിക്കുന്നതോടെ സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണ പരിശീലക പദവി ഒഴിയാനുള്ള തീരുമാനം സാവി ഹെര്‍ണാണ്ടസ് തിരുത്തി. ക്ലബ്ബ് പ്രസിഡന്റ് യോവാന്‍ ലപ്പോര്‍ട്ട നടത്തിയ കൂടിക്കാഴ്‌ച്ചയ്‌ക്കൊടുവിലാണ് താരം തീരുമാനത്തില്‍ അയവ് വരുത്തിയത്. അടുത്ത ഒരു സീസണിലേക്ക് കൂടിയാണ് കരാര്‍ പുതുക്കിയിരിക്കുന്നത്.
പുതുക്കിയ കരാര്‍ പ്രകാരം 2025 ജൂണ്‍ വരെ സാവി ബാഴ്‌സ പരിശീലകനായി തുടരും. ഇന്നലെ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ലപ്പോര്‍ട്ട ഇക്കാര്യം അറിയിച്ചത്. 44കാരനായ സാവി ജനുവരിയിലാണ് നിലവിലെ സീസണ്‍ അവസാനിക്കുന്നതോടെ ബാഴ്‌സ പരിശീലക പദവി ഒഴിയുമെന്ന് പ്രഖ്യാപിച്ചത്. ഒന്ന് സ്വതന്ത്രനാകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു സാവി പറഞ്ഞത്. താരത്തിന്റെ ഈ പ്രഖ്യാപനത്തിന് ശേഷം പത്തിലേറെ മത്സരങ്ങളില്‍ ബാഴ്‌സ വിജയിച്ചു. പക്ഷെ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന എല്‍ ക്ലാസിക്കോയില്‍ റയലിനോട് പരാജയപ്പെട്ടു. കൂടാതെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയോട് തോറ്റ് പുറത്താകുകയും ചെയ്തു.
സ്പാനിഷ് ലാ ലിഗയില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. ഒന്നാമത് തുടരുന്ന റയല്‍ മാഡ്രിഡിന് 11 പോയിന്റ് പിന്നിലാണ് ടീം. ഇക്കുറി ലീഗ് കിരീടം അത്യത്ഭുതങ്ങള്‍ സംഭവിച്ചെങ്കില്‍ മാത്രമേ ബാഴ്‌സയ്‌ക്ക് കിരീടം നിലനിര്‍ത്താനാകൂ.
2021ലാണ് സാവി ബാഴ്‌സ പരിശീലക സ്ഥാനത്തേക്കെത്തുന്നത്. മുന്‍താരത്തിന് പൂര്‍ണമായി ലഭിച്ച ആദ്യ സീസണ്‍ 2022-23 ആണ്. അക്കൊല്ലം ബാഴ്‌സയ്‌ക്ക് ലീഗ് ടൈറ്റില്‍ നേടിക്കൊടുക്കാന്‍ സാവിക്ക് സാധിച്ചു.
1998 മുതല്‍ 2015വരെ 17 വര്‍ഷക്കാലം ബാഴ്‌സയ്‌ക്കായി ബൂട്ടുകെട്ടിയ താരമാണ് സാവി. 767 മത്സരങ്ങളില്‍ കളിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും ഉള്‍പ്പെടെ 25 കിരീടങ്ങള്‍ ഇക്കാലയളവില്‍ ബാഴ്‌സ സ്വന്തമാക്കി. സൂപ്പര്‍ താരം മെസി ബാഴ്‌സയില്‍ കളിച്ച് തെളിയുന്ന കാലത്ത് ഏറ്റവും ഒത്തിണക്കമുള്ള മദ്ധ്യനിര താരങ്ങളില്‍ ഒരാളായിരുന്നു സാവി. സ്‌പെയിന്‍ തുടര്‍ച്ചയായി രണ്ട് യൂറോ കിരീടം നേടിയപ്പോഴും 2010ല്‍ ആദ്യമായി ലോകകപ്പ് നേടിയപ്പോഴും ടീമിലെ അഭിവാജ്യ ഘടകമായിരുന്ന സാവി ലോകത്തിലെ ഏറ്റവും മികച്ച മദ്ധ്യനിരതാരങ്ങളില്‍ ഒരാളായാണ് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: