ജീവിതപ്രാരബ്ധങ്ങള്‍ തരണം ചെയ്യുന്നതിനായി മനുഷ്യര്‍ക്ക് വിവിധ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതായി വരുന്നു. സത്യധര്മ്മാദികള് വെടിഞ്ഞ് പ്രവര്‍ത്തിക്കുന്നവരെ ദാക്ഷിണ്യമില്ലാതെ കര്‍മ്മദോഷങ്ങളും പിടികൂടുന്നു. അത്യാഗ്രഹം മൂലമോ അറിവില്ലായ്മയാലോ മനുഷ്യന് ചില സന്ദര്‍ഭങ്ങളില്‍ അധര്മ്മമാര്ഗത്തിലൂടെ സഞ്ചരിക്കുന്നു. ചെയ്ത കര്‍മ്മങ്ങളുടെ ഫലം, ആയുസ്സിന്റെ അവസാനത്തില്‍, ധര്‍മ്മാധര്‍മ്മ രൂപത്തില്‍ ജീവാത്മാവിനെ പിന് തുടരുന്നു. ഊര്ധ്വലോകപ്രാപ്തിക്കായി ധര്‍മ്മം മാത്രമേ ഉതകുകയുള്ളൂ എന്നറിഞ്ഞ് ജീവിതകാലത്ത് സദ്കര്‍മ്മങ്ങള്‍ ചെയ്യുന്നത് ഉത്തമമാകുന്നു. കര്‍മ്മദോഷത്താല്‍ വന്നു ഭവിച്ച പാപചിന്തയാല്‍ വെന്തു നീറിക്കഴിയുന്ന മനുഷ്യര്‍ക്കൊരു പിടി വള്ളിയാണ് ദാനകര്‍മ്മങ്ങള്‍.
ജീവിതകാലത്ത് അറിഞ്ഞോ അറിയാതെയോ ചെയ്തു പോകുന്ന പാപകര്‍മ്മങ്ങളില്‍ നിന്നും കരകയറ്റമുണ്ടാകുവാനും, ശാന്തി ലഭിക്കുവാനും പരലോകയാത്ര സുഗമമാകുവാനും ദാനധര്‍മ്മങ്ങള്‍ കൊണ്ട് സാദ്ധ്യമാകുന്നു. ദാതാവ്, നിര്‍മല മനസ്സോടെ കര്ത്തൃത്ത്വബോധമില്ലാതെ അനുഷ്ഠിക്കേണ്ട ഒരു പാവന കര്‍മ്മമാണ് ദാനം. ഒരുവന് ഏറ്റവും ഇഷ്ടപ്പെട്ടതും ആവശ്യമുള്ളതുമായ യാതൊന്നാണോ ഒരാള്‍ അറിഞ്ഞു ദാനം ചെയ്യുന്നത്, അദ്ദേഹത്തിന് അനന്തമായപുണ്യംലഭിക്കുന്നു. എന്നാല്‍, ദാനം സദ്പാത്രത്തില് ചെയ്യുമ്പോള്‍ മാത്രമേ സദ്ഫലങ്ങളും ദാതാവിന് കൈവരിക്കാന്‍ കഴിയുകയുള്ളു. സ്വഭാവശുദ്ധിയില്ലാത്തവര്ക്കും, വേദവിരുദ്ധ ജീവിതം നയിക്കുന്നവര്‍ക്കും നല്കുന്ന ദാനം, വെള്ളത്തില്‍ വരച്ച വര പോലെ നിഷ്ഫലമായിത്തീരുന്നു
പുണ്യദായകം അന്നദാനം
ദാനങ്ങളില് ഭൂദാനം, ഗോദാനം, സുവര്ണദാനം, വസ്ത്രം, എണ്ണ, ശയ്യ, അന്നപാനാദികള്‍, ഛത്രപാദുകങ്ങള്‍ എന്നിവ അതീവ പുണ്യദായകങ്ങളാണ്. ഭൂമി, സകല ചരാചരങ്ങള്‍ക്കും ജീവനോപാധിയാണ്. മനുഷ്യന് ധാന്യങ്ങള്‍ വിളയിച്ച് ജീവിതം ഐശ്വര്യപൂര്‍ണ്ണമാക്കുവാന്‍ ഭൂമി അവശ്യം ആവശ്യമാകുന്നു. ജീവനത്തിനു മാര്‍ഗമില്ലാതെ വിഷമിക്കുന്ന ഒരുവന് ഭൂമി ദാനം ചെയ്യുമ്പോള്‍ , ‘സത്രം’ ചെയ്ത പുണ്യം ദാതാവിനു ലഭിക്കുന്നു. മാത്രമല്ല, ആ പുണ്യദേഹന്റെ പത്തു തലമുറകള്‍ കൂടി വിശുദ്ധരായിത്തീരുന്നു. ഏറ്റവും വിശിഷ്ടമായ അന്നദാനം ചെയ്യുന്നവര്‍ പുണ്യലോകങ്ങളില്‍ സദാ ശോഭിക്കുന്നു. അന്നം തന്നെ ആത്മാവ് എന്നാണല്ലോ പറയപ്പെടുന്നത്. വിശക്കുന്ന വയറിന് ആഹാരം നല്കുന്നതിനേക്കാള് മഹത്തായ കാര്യം ഒന്നും തന്നെ വേറെയില്ല. അന്നമില്ലെങ്കില്‍ ലോകം നിലനില്ക്കുകയില്ല. ധര്‍മ്മാര്‍ത്ഥങ്ങള്‍ക്കു കാരണമായ അന്നം, ദാനം ചെയ്യുന്നതു കൊണ്ട് സിദ്ധിക്കുന്ന ഫലം അതീവ ശ്രേഷ്ഠമാകുന്നു. ഇതിനു മീതെ മറ്റൊരു ദാനവുമില്ല തന്നെ.
ചരാചരങ്ങള്‍ക്ക് തളര്‍ച്ചയകറ്റുന്ന ജീവജലം ദാനം ചെയ്യുന്നതുകൊണ്ട്, ദാതാവിന്റെ മഹാപാപങ്ങള്‍ കൂടി പരിഹരിക്കപ്പെടുന്നു. അതിന്നായി, കുടിനീരിന് ബുദ്ധിമുട്ടുന്നവര്‍ക്ക് സൗകര്യപ്രദമായി സദാ ജലം ലഭിക്കുവാന്‍ കിണര്‍, തടാകം എന്നിവ നിര്‍മ്മിച്ച് ദാനംചെയ്യേണ്ടതുണ്ട്.
പുണ്യകര്മ്മാവസാനത്തില് ഗോദാനം ചെയ്യുകയാണെങ്കില്‍, അമൃത് ദാനം ചെയ്തഫലം സിദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
പശുവിന്റെ പാല് അമൃതിനു തുല്യമാണെന്ന് ദേവരാജന്‍ കല്പിച്ചിട്ടുള്ളതാകുന്നു. ആയിരം ഗോക്കളെ ദാനം ചെയ്യുന്നവന് മരണാനന്തരം നരകകവാടം പൂകുകയില്ല എന്നാണ് പുരാണമതം.
അക്ഷയപുണ്യം നേടാന്‍ ഛത്രപാദുകദാനം
എല്ലാ ദാനങ്ങളുടേയും ഉദ്ദേശം ദാതാവിന് പുണ്യം ലഭിച്ച് പാപശാന്തി വരുത്തുകയെന്നതാണ്. അപ്രകാരം, ഒരിക്കല്‍ സൂര്യദേവന് തന്റെ തെറ്റിനു പരിഹാരമായി ജമദഗ്നിമഹര്ഷിക്കു നല്‍കിയതാണ് ഛത്ര പാദുകദാനം. ഒരിക്കല്‍, ജമദഗ്നി മുനി വിനോദത്തിനായി അസ്ത്രാഭ്യാസം തുടങ്ങി. പതിക്കുന്ന അമ്പുകള്‍ മുനിപത്നി രേണുക, എടുത്തു കൊണ്ടുവന്നിരുന്നു. മദ്ധ്യാഹ്നമായപ്പോള്‍ സൂര്യന്റെ തീഷ്ണരശ്മികള് രേണുകയെ തളര്‍ത്തി. ശിരസ്സും പാദങ്ങളും പൊള്ളിയതു കൊണ്ട് അവള് തന്റെ കൃത്യത്തില്‍ നിന്നും പിന്മാറി, കുറച്ചു നേരം ഒരു വൃക്ഷഛായയില്‍ വിശ്രമിച്ചു. പത്നിയില്‍ നിന്നും കാര്യം ഗ്രഹിച്ച മുനി, സൂര്യദേവനെ സ്വസ്ഥാനത്തു നിന്നും വീഴ്ത്താന്‍ അസ്ത്രാഗ്നി എടുത്തു മന്ത്രം ജപിച്ച് വില്ലു കുലച്ചപ്പോള്‍, ഭയന്നു പോയസൂര്യന് ഒരു ബ്രാഹ്മണ വേഷത്തില്‍ വേഗം മുനിക്കരുകിലെത്തി. സൂര്യന്റെ അപരാധം എന്തെന്ന് ആരായുന്നു. ഒപ്പം തന്നെ സൂര്യന്റെ ഗുണങ്ങളെ വാഴ്ത്തുകയും ചെയ്യുന്നു. പ്രപഞ്ചം മുഴുവനും പ്രകാശം ചൊരിയുന്നതിനോടൊപ്പം സൂര്യരശ്മികള്‍, ജലാശയങ്ങളിലെ നീര്, നീരാവിയാക്കി മഴപെയ്യിപ്പിച്ച്, അന്നം വിളയുവാന്‍ അനുഗ്രഹിക്കുകയും ചെയ്യുന്നു. ലോകം നിലനില്‍ക്കുന്നത് സൗരോര്‍ജ്ജത്തെ ആശ്രയിച്ചായതുകൊണ്ട് സൂര്യനെ ശിക്ഷിക്കുന്നത് ഭംഗിയല്ലായെന്നും സൂചിപ്പിക്കുന്നു.
തന്റെ മുന്നില്‍ വേഷപ്രച്ഛന്നനായി നില്ക്കുന്ന സൂര്യനെ മുനി ജ്ഞാനദൃഷ്ടിയാല്‍ തിരിച്ചറിയുന്നു. തന്റെ പത്നിയുടെ ദുഃഖം അസഹനീയമായതിനാലാണ് സൂര്യനെ ഒരു പാഠം പഠിപ്പിക്കുവാന്‍ ഉദ്യമിച്ചതെന്ന് മുനി പറഞ്ഞു. ഉടനെ സൂര്യന് ബ്രാഹ്മണവേഷം വെടിഞ്ഞ് മുനിയെ വണങ്ങുന്നു. സംപ്രീതനായ മുനി കോപം വെടിഞ്ഞ് ഉപേക്ഷിക്കുകയും, സൂര്യതാപം തടുക്കുവാനുള്ള ഉപായമെന്തെന്ന് ആരായുകയും ചെയ്യുന്നു. സൂര്യരശ്മികളില്‍ നിന്നും ശിരസ്സിനെ രക്ഷിക്കാന്‍ ഒരു ഛത്രവും, ചുട്ടു പൊള്ളുന്ന വീഥികളില്‍ പാദരക്ഷക്കായി ചെരുപ്പും ഉപയോഗിച്ചാല്‍ മതിയെന്ന് സൂര്യദേവന് അരുളിചെയ്തു. ഉടനെ തന്നെ ഛത്രവും (കുട) പാദുകവും മുനിക്ക് ദാനമായി നല്‍കുകയും ചെയ്തു.
പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരാചാരമാണ് ദാനം. ഛത്രപാദുകങ്ങള്‍ ദാനം ചെയ്യുന്നതു കൊണ്ട് അക്ഷയപുണ്യം നേടാന്‍ സാധിക്കുമെന്നും, അതിനാല്‍ ജീവിതത്തില്‍ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ ഇടയാകുമെന്നും ആദിത്യദേവന് പറഞ്ഞു, മറഞ്ഞു. അന്നു മുതല്‍ പുണ്യകര്‍മ്മങ്ങളില്‍ വിശിഷ്യാ, ശ്രാദ്ധകര്‍മ്മങ്ങളില്‍ ഛത്രപാദുകദാനമെന്ന ആചാരം ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു.
ഇപ്രകാരം സൂര്യദേവന് ആദ്യമായി ഛത്രപാദുകദാനം എന്ന ആചാരത്തിന്റെ പ്രയോക്താവായിത്തീര്ന്നു. ദാനത്തിന്റെ മഹത്വമറിഞ്ഞ് പുണ്യകര്‍മ്മങ്ങളില്‍ ഈ ആചാരത്തെ പ്രഥമവും പ്രധാനവുമായി നിറവേറ്റുന്നവര്‍ക്ക് ആപത്തുകളകന്ന് സ്വച്ഛത കൈവരിക്കാന്‍ കഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: