ഇലോണ്‍ മസ്കിന്റെ ടെസ്‌ല ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന അർദ്ധചാലക ചിപ്പുകൾ നിർമിക്കാന്‍ ടാറ്റ ഇലക്‌ട്രോണിക്സ്. ഇത് സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചതായി ഇക്കണോമിക് ടൈംസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ ഇലക്‌ട്രോണിക്‌സ് സെമികണ്ടക്ടർ ബിസിനസിൽ നിക്ഷേപം നടത്തിവരികയാണ്. തായ് വാനിലെ പവര്‍ചിപ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പറേഷന്‍ (പിഎസ് എംസി) എന്ന കമ്പനിയുമായി ടാറ്റയ്‌ക്ക് ചിപുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സംയുക്ത സംരംഭമുണ്ട്. 2026ല്‍ ഈ ആദ്യ ചിപ് പുറത്തുവരാനിരിക്കുകയാണ്. അതിനിടയിലാണ് ടാറ്റ ഇലക്‌ട്രോണിക്‌സും ടെസ്‌ലയും തമ്മിൽ കരാർ ഒപ്പിട്ടത്. ആഗോള തലത്തിലുള്ള ഉപഭോക്താക്കൾക്ക് ചിപ്പുകൾ നൽകുന്നതിന് ടാറ്റയ്‌ക്ക് അവസരം ലഭിക്കുന്നതിനാൽ ഈ കരാർ ഏറെ പ്രധാനമാണ്.
ഇലക്ട്രിക് വാഹന നിർമാണ മേഖലയിലെ മുൻനിര അമേരിക്കൻ കമ്പനിയായ ടെസ്‌ല, ലോകത്തിലെ ഏറ്റവും വേഗത്തിൽ വികസിക്കുന്ന പ്രധാന വാഹന വിപണിയായ ഇന്ത്യയിൽ പ്രവേശിക്കാൻ ഉള്ള ശ്രമത്തിലാണ്. ഇലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കായി ഇന്ത്യ സന്ദർശിക്കാനിരുന്നെങ്കിലും അദ്ദേഹം ആ യാത്ര തിരക്കുകള്‍ കാരണം നീട്ടിവെച്ചിരിക്കുകയാണ്. ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അസമിൽ ആണ് 25,000 കോടി രൂപയുടെ സെമി കണ്ടക്ടർ പാക്കേജിംഗ് പ്ലാൻറ് സ്ഥാപിക്കുന്നത്. രാജ്യത്ത് ഒരു ചിപ്പ് പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യത്തെ ആഭ്യന്തര സംരംഭമാണിത് . മോദിയാണെങ്കില്‍ രാജ്യത്തെ സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മാണ ഹബ് ആക്കിമാറ്റാനുള്ള ശ്രമത്തിലാണ്.
സെമി കണ്ടക്ടർ നിർമാണവും പാക്കേജിംഗ് യൂണിറ്റുകളും രാജ്യത്തേക്ക് വരുന്നത് ആകർഷിക്കുന്നതിനുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ ഭാഗമായി സർക്കാർ 76,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിനും സബ്‌സിഡികൾക്കും അർഹതയുണ്ടാകും . അർദ്ധചാലക ഇൻസെൻന്‍റീവുകൾക്കായി, 2025 സാമ്പത്തിക വർഷത്തിൽ സർക്കാർ 6,900 കോടി രൂപ ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു .
അർദ്ധചാലക ചിപ്പ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഹൃദയമായി കണക്കാക്കപ്പെടുന്നു. സ്‌മാർട്ട്‌ഫോണുകൾ മുതൽ കാറുകൾ, ഡാറ്റാ സെന്‍ററുകൾ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, , വാഹനങ്ങൾ, വീട്ടുപകരണങ്ങൾ, ജീവൻ രക്ഷാ ഫാർമസ്യൂട്ടിക്കൽ ഉപകരണങ്ങൾ, അഗ്രി ടെക്, എടിഎമ്മുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: