തിരുവനന്തപുരം: ആവേശം വാനോളം ഉയര്‍ത്തിയും സ്ഥാനാര്‍ത്ഥികളെ വാനിലേക്ക് ഉയര്‍ത്തിയും നാല്പതു ദിവസത്തോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. ക്രെയിനുകളിലും മണ്ണുമാന്തി യന്ത്രങ്ങളിലും ആകാശത്തേക്ക് ഉയര്‍ന്നാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തില്‍ അണികളെ അഭിവാദ്യം ചെയ്തത്. പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണം. നാളെ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും.
തിരുവന്തപുരത്ത് ശക്തമായ മഴപെയ്തെങ്കിലും കൊട്ടിക്കലാശം ഒട്ടുംചോര്ന്നില്ല. ആവേശം അതിരുകടന്നതോടെ പലയിടത്തും സംഘര്‍ഷങ്ങളുണ്ടായി. കരുനാഗപ്പള്ളിയില്‍ കലാശക്കൊട്ടിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സി.ആര്. മഹേഷ് എംഎല്‍എയ്ക്ക് പരിക്കേറ്റു. സിഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര് വാതകം പ്രയോഗിച്ചു. നെയ്യാറ്റിന്‍കരയില്‍ ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചു. പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലടിച്ചതോടെ പോലീസ് ലാത്തിവീശി. പാപ്പനംകോട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ കമ്പും കുപ്പികളും വലിച്ചെറിഞ്ഞു. പത്തനാപുരത്തും മലപ്പുറത്തും കൊട്ടിക്കലാശം സംഘര്‍ഷത്തോടെയാണ് സമാപിച്ചത്.
പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്നലെ വൈകിട്ട് ആറുമുതല്‍ നിരോധനാജ്ഞ നിലവില്‍വന്നു. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാകും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും.
നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്ത് 25,231 ബൂത്തുകളാണ് ഇക്കുറിയുള്ളത്. 13,272 കേന്ദ്രങ്ങളിലായാണ് ബൂത്തുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാരെയും അധികസുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയെയും നിയോഗിച്ചിട്ടുണ്ട്. വോട്ടിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ആരംഭിക്കും. 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. 30,238 ബാലറ്റ് യൂണിറ്റുകളും 30,238 കണ്ട്രോള് യൂണിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസര്‍വ് മെഷീനുകള്‍ അടക്കമുള്ള കണക്കാണിത്.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 2,77,49,159 വോട്ടര്‍മാരാണ് അവസാന വോട്ടര്‍പട്ടികയിലുള്ളത്. 1,43,33,499 പേര് സ്ത്രീകളും 1,34,15293 പേര് പുരുഷന്മാരുമാണ്. കന്നിവോട്ടര്‍മാര്‍ 5,34,394 പേരാണ്. ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍ 367 ആണ്. പോസ്റ്റല്‍വോട്ട് കേന്ദ്രങ്ങള്‍ ഇന്ന് വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: