കോഴിക്കോട്: തെരഞ്ഞെടുപ്പിന് തലേന്നും മുസ്ലിം രാഷ്‌ട്രീയ- മത സംഘടനകളില്‍ ആശയക്കുഴപ്പം കൂടുന്നു. മതനിരാസവും മതേതരത്വവും പറയുകയും വോട്ടുരാഷ്‌ട്രീയം കളിക്കുകയും ചെയ്യുന്ന ഇടത്- വലത് മുന്നണികള്‍ക്കുള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആര്‍ക്ക് വോട്ടുചെയ്യണമെന്ന് നിര്‍ദേശം നല്കാന്‍ സംഘടനകള്‍ക്ക് കഴിയുന്നില്ല. നല്‍കുന്ന നിര്‍ദേശം സമുദായാംഗങ്ങള്‍ പണ്ടത്തെപ്പോലെ കേള്‍ക്കാന്‍ തയാറാകുന്നുമില്ല.
യുഡിഎഫിന്റെ ഭാഗമായ മുസ്ലിം ലീഗില്‍പോലും ഇക്കാര്യത്തില്‍ ഏകാഭിപ്രായമില്ല. ലീഗിന്റെ പ്രവര്‍ത്തകര്‍ക്ക് കാലങ്ങളായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകള്‍ ഇത്തവണ ഒറ്റ ബ്ലോക്കായി കിട്ടില്ല എന്നാണ് അവരുടെതന്നെ വിലയിരുത്തല്‍. ലീഗുകാരുടെ വീടുകളില്‍നിന്നുപോലും നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് വോട്ടുചെയ്യണമെന്ന അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളോടുണ്ടായിട്ടുള്ള ആഭിമുഖ്യത്തില്‍ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും നിലപാട് പറയാനാവുന്നില്ല.
ഇസ്ലാമിക മതപണ്ഡിതരുടെ വേദിയായ സമസ്ത ആകെ ആശയക്കുഴപ്പത്തിലാണ്. ലീഗ് തലവന്‍കൂടിയായ പാണക്കാട് തങ്ങള്‍ കൂടി അംഗമായ സമസ്തയില്‍ ലീഗ് പക്ഷക്കാരും കമ്മ്യൂണിസ്റ്റ് പക്ഷക്കാരുമുണ്ട്. സമസ്തയുടെ ഔദ്യോഗിക പത്രത്തില്‍ എല്‍ഡിഎഫിന് വോട്ടുചെയ്യാന്‍ പരസ്യം വന്നത് വിവാദമായിരുന്നു. എന്നാല്‍ പരസ്യം ആവര്‍ത്തിച്ചു. ഇത് സമസ്തയിലെ ലീഗ് വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
ലീഗ് നിലപാടുള്ള സമസ്ത അംഗങ്ങള്‍ തെരഞ്ഞെടുപ്പ് നിലപാട് വിശദീകരിക്കാന്‍ ഇന്നലെ മലപ്പുറത്ത് വിളിച്ച വാര്‍ത്താ സമ്മേളനം റദ്ദാക്കി. ഇത് ചര്‍ച്ചയായി. ലീഗിനേയും ലീഗ് പക്ഷക്കാരായ സമസ്ത നേതാക്കളേയും ‘ബാഹ്യശക്തികള്‍’ സമ്മര്‍ദ്ദം ചെലുത്തിയോ ഭീഷണിപ്പെടുത്തിയോ പിന്‍തിരിപ്പിച്ചതാകാമെന്നാണ് വിലയിരുത്തല്‍. പക്ഷേ, തെരഞ്ഞെടുപ്പില്‍ സമസ്ത നിലപാട് പ്രസ്താവിച്ചതാണ് റദ്ദാക്കാന്‍ കാരണമായി പറയുന്നത്.
സമസ്ത ഔദ്യോഗികമായി പുതിയ പ്രസ്താവന നടത്തിയിട്ടില്ല. പാണക്കാട് തങ്ങളുടെ മരണകാരണം സംബന്ധിച്ച് പൊന്നാനിയിലെ സിപിഎം സ്ഥാനാര്‍ത്ഥി കെ.എസ്. ഹംസ നടത്തിയ പ്രസ്താവന ഗൗരവമുള്ളതാണെന്നാണ് സമസ്ത സെക്രട്ടറി ഉമ്മര്‍ ഫൈസി മുക്കം പ്രസ്താവിച്ചത്. അത് തിരുത്തിയിട്ടില്ല.
അതേസമയം മലപ്പുറം, പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങളില്‍ മുസ്ലിം സമുദായത്തിനും അവരിലെ സ്ത്രീകള്‍ക്കും വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത് വോട്ടര്‍മാര്‍ക്കിടയില്‍ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികളോട് ആഭിമുഖ്യം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഭീകര സംഘടനകളെ കേരള മണ്ണില്‍ പ്രവര്‍ത്തിപ്പിക്കില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇന്നലത്തെ പ്രഖ്യാപനം ആശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് സമുദായത്തിലെ സ്ത്രീകളില്‍ വലിയൊരു പങ്ക് കാണുന്നത്. സമാധാന ജീവിതം ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്ക് വലിയ ആശ്വാസമാണ് പ്രഖ്യാപനം. ഇതും മുസ്ലിം സംഘടനകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: