ഇന്ത്യയിലെ അതിസമ്പന്നരുടെ സ്വത്തിന് പൈതൃക നികുതി എന്ന പേരില്‍ ഒറ്റവട്ടം 55 ശതമാനം നികുതി ഈടാക്കുമെന്ന ഗാന്ധികുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന് സാം പിട്രോഡയുടെ പ്രസ്താവനയിലൂടെ കോണ്‍ഗ്രസ് വിശദീകരണമില്ലാത്ത പ്രതിസന്ധിയിലേക്ക്. രാജ്യം രണ്ടാംഘട്ട തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഈ സമയത്ത് നടത്തിയ പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായി. പി. ചിദംബരത്തിനും ജയറാം രമേശിനും വിമര്‍ശകരെ തണുപ്പിക്കാനായിട്ടില്ല.
രാജീവ് ഗാന്ധിയുടെ കാലം മുതലേ ഗാന്ധി കുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് സാം പിട്രോഡ. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ ലണ്ടനിലും ന്യൂയോര്‍ക്കിലുമെല്ലാം എത്തിച്ച് ഹാര്‍വാഡ് പോലുള്ള യൂണിവേഴ്സിറ്റികളിലും തിങ്ക് ടാങ്ക് യോഗങ്ങളിലും എടുത്താല്‍ പൊന്താത്ത ആശയങ്ങള്‍ പ്രസംഗിപ്പിക്കുന്നതിന് പിന്നിലും സാം പിട്രോഡയാണ്.
തെരഞ്ഞെടുപ്പ് ലഹരി മൂത്തിരിക്കുന്ന അവസരത്തില്‍, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ പോകുന്ന ഒരു നികുതിയെക്കുറിച്ചുള്ള വിവാദപ്രസ്താവന സാം പിട്രോഡ നടത്തിയത്. സമ്പന്നര്‍ മരണപ്പെട്ട് അവരുടെ കൊച്ചുമക്കള്‍ക്ക് സ്വത്ത് കൈമാറുമ്പോള്‍ അതിന്റെ 55 ശതമാനം സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന് പ്രസ്താവിച്ചത്. ഇന്ത്യയിലെ അതിസമ്പന്നരായവര്‍ മരണപ്പെടുമ്പോള്‍ അവര്‍ അടുത്ത തലമുറയ്ക്ക് കൈമാറുന്ന വന്‍ സ്വത്തിന് ഒറ്റത്തവണ അമേരിക്കയിലേതുപോലെ ഇന്ത്യയിലും പൈതൃക നികുതി(Heritage tax) കോണ്‍ഗ്രസ് ഏര്‍പ്പെടുത്തുമെന്നാണ് സാം പ്രിട്രോഡ പ്രസ്താവിച്ചത്.
“അമേരിക്കയില്‍ പൈതൃക നികുതി എന്ന പേരില്‍ ഒരു നികുതിയുണ്ട്. സമ്പന്നനായ ഒരാളുടെ പക്കല്‍ 10 കോടി ഡോളര്‍ ഉണ്ടെന്നുവെയ്ക്കുക. അയാള്‍ മരണപ്പെടുമ്പോള്‍ അടുത്ത തലമുറയ്ക്ക് സ്വത്തിന്റെ 45 ശതമാനമേ നല്‍കൂ. ബാക്കി 55 ശതമാനം തുക പൈതൃക നികുതിയായി സര്‍ക്കാര്‍ പിടിക്കും.കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പൈതൃക നികുതി ഈടാക്കും”- സാം പിട്രോഡയുടെ ഈ പ്രസ്താവന കോര്‍പറേറ്റുകള്‍ക്കിടയില്‍ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.
അമേരിക്കയില്‍ ഇതുപോലെ നികുതി ഈടാക്കുന്ന സമ്പ്രദായം ഇന്ത്യയിലും കൊണ്ടുവരുമെന്നാണ് സാം പിട്രോഡയുടെ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ തലയൂരാനുള്ള തത്രപ്പാടിലാണ് ജയറാം രമേശും പി. ചിദംബരവും. സാംപിട്രോഡയുടെ പ്രസ്താവനയ്ക്ക് പുതിയ രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ കൊടുത്ത് വിവാദം തണുപ്പിക്കാനാണ് ഇരുവരുടെയും ശ്രമം.
എന്‍ഡിഎയും സമ്പന്നരുടെ സ്വത്തിന് നികുതി ഈടാക്കാന്‍ ആലോചിച്ചിരുന്നുവെന്നുെ ആരോപിച്ച് സ്വന്തം പ്രസ്താവന വിഴുങ്ങാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. ഇന്ത്യയിലെ സാമ്പത്തികമായ വിടവ് നികത്താനായി പൈതൃകനികുതി ഇന്ത്യയില്‍ 1953ല്‍ നിലവിലുണ്ടായിരുന്നു എന്ന് കോണ്‍ഗ്രസ് പറയുന്നു. അതിസമ്പന്നന് മരിക്കുമ്പോള്‍ അടുത്തതലമുറയ്ക്ക് അയാളുടെ സ്ഥാവര-ജംഗമ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോള്‍ പൈതൃക നികുതി അടയ്ക്കണം എന്നായിരുന്നു അന്നത്തെ വ്യവസ്ഥ. പാവപ്പെട്ടവനും സമ്പന്നനും തമ്മിലുള്ള അന്തരം നികത്തുകയായിരുന്നു ഈ നികുതിയുടെ ലക്ഷ്യം. പിന്നീട് ഈ പൈതൃക നികുതി 1985ല്‍ റദ്ദാക്കി. ഇത് കോണ്‍ഗ്രസ് തിരിച്ചുകൊണ്ടുവരുമെന്നാണ് സാം പിട്രോഡ പ്രസ്താവിച്ചത്. ഈ നികുതി നില നിന്ന 30 വര്‍ഷവും പ്രതിപക്ഷപാര്‍ട്ടികളും ബിസിനസുകാരും മറ്റും കടുത്ത എതിര്‍പ്പാണ് ഈ നികുതിക്കെതിരെ പ്രകടിപ്പിച്ചത്. ഇതോടെയാണ് ഈ പൈതൃക നികുതി പിന്‍വലിച്ചത്. അതുപോലെ വിവിധ സ്വഭാവത്തില്‍പ്പെട്ട സ്വത്തുക്കള്‍ക്ക് വിവിധതരത്തിലാണ് നികുതി നിശ്ചയിച്ചിരുന്നത് എന്നതും വിവാദമായി. എസ്റ്റേറ്റ് ഡ്യൂട്ടി ടാക്സ് എന്നും ഇത് അറിയപ്പെട്ടിരുന്നു. 1984-85 വര്‍ഷത്തില്‍ 20 കോടിയാണ് ആകെ സമ്പന്നരില്‍ നിന്നും എസ്റ്റേറ്റ് ഡ്യൂട്ടി നികുതി പിരിച്ചത്. പിരിഞ്ഞുകിട്ടിയ തുകയുടെ നല്ലൊരു ശതമാനം നികുതി പിരിച്ചെടുക്കാന്‍ മുടക്കേണ്ടിയും വന്നു. ഇതെല്ലാം കാരണം വി.പി. സിങ്ങ് ധനമന്ത്രിയായിരുന്നപ്പോഴാണ് എസ്റ്റേറ്റ് നികുതി അഥവാ പൈതൃക നികുതി റദ്ദാക്കിയത്. പലപ്പോഴും സമ്പന്നര്‍ അവരുടെ സ്വത്തുക്കള്‍ പല രീതികളില്‍ മറച്ചുവെച്ചു. ബിനാമി പേരുകളില്‍ സ്വത്ത് വാങ്ങി. ഇതെല്ലാം ഭാരിച്ച എസ്റ്റേറ്റ് നികുതി അഥവാ പൈതൃക നികുതിയില്‍ നിന്നും രക്ഷപ്പെടാനായിരുന്നു.
പിന്നീട് പി.ചിദംബരം ഈ നികുതി കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതിന് മന്ത്രിസഭയുടെ പിന്തുണ കിട്ടാതിരുന്നതിനാല്‍ കോണ്‍ഗ്രസ് ബജറ്റില്‍ ഇത് ഉള്‍പ്പെടുത്തിയില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഇത് നടപ്പാക്കുമെന്ന സാം പിട്രോഡെയുടെ പ്രസ്താവന വലിയ കോലാഹലമാണ് ഉയര്‍ത്തിയത്. പിന്നീട് 2014ല്‍ മോദി അധികാരത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: