മുംബൈ: ലോഹം, റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെ കുതിപ്പില്‍ തുടര്‍ച്ചയായി നാലാം ദിവസവും ഓഹരി വിപണിയ്ക്ക് നേട്ടം. പക്ഷെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലേയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലേയും അടിസ്ഥാന ഓഹരികളായി കണക്കാക്കുന്ന കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുന്ന വമ്പന്‍ കമ്പനികളുടെ ഓഹരികളല്ല ചൊവ്വാഴ്ച കൂടുതലായി നേട്ടമുണ്ടാക്കിയത്. പകരം ഇടത്തരം-കുഞ്ഞന്‍ കമ്പനികള്‍ ഉള്‍പ്പെട്ട മിഡ് കാപ്, സ്മാള്‍ കാപ് ഓഹരികളാണ് കൂടുതല്‍ നേട്ടം കൊയ്തത്. ഇവയുടെ വിലയില്‍ ഏകദേശം 0.9 ശതമാനം മുന്നേറ്റമുണ്ടായി.
സെന്‍സെക്സ് 73,900ലും നിഫ്റ്റി 22,400ന് മുകളിലും ക്ലോസ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനവുമായി ബന്ധപ്പെട്ടുള്ള പദ്ധതി ലഭിച്ചതോടെ ആര്‍വിഎന്‍എല്‍ ഓഹരി 2 ശതമാനത്തോളം ഉയര്‍ന്നു. വിദേശ നിക്ഷേപകരുടെ ഇന്ത്യന്‍ ഓഹരിവിപണിയിലുള്ള ദീര്‍ഘകാല നിക്ഷേപത്തില്‍ 2.43 ശതമാനം വളര്‍ച്ചയുണ്ടായി.
സിപ്ല, ജെഎസ് ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, പവര്‍ ഗ്രിഡ് എന്നീ ഓഹരികളുടെ വില ഉയര്‍ന്നു. ഹിന്‍ഡാല്‍കോ ഓഹരി വില 611 രൂപയില്‍ നിന്നും 636 രൂപയിലേക്ക് ഉയര്‍ന്നു. സിപ്ല ഓഹരി വില 1346 രൂപയില്‍ നിന്നും 1399 രൂപയിലേക്ക് ഉയര്‍ന്നു.കമ്പനികള്‍ 2023-24ലെ ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം സാമ്പത്തിക പാദത്തിലെ കണക്കുകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. മെച്ചപ്പെട്ട ഫലങ്ങള്‍ ഉള്ള കമ്പനികളുടെ ഓഹരി വില ഉയരുന്നു. അല്ലാത്തവ തകരുന്നു.
ടാറ്റാ കണ്‍സ്യൂമേഴ്സ്, ടൈറ്റന്, ടെക് മഹീന്ദ്ര, ഗ്രാസിം, എസ് ബിഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നീ ഓഹരികളുടെ വില താഴ്ന്നു. വൊഡഫോണ്‍ ഓഹരിവില 9 ശതമാനത്തോളം താഴ്ന്നു. 14 രൂപ 40 പൈസയുണ്ടായിരുന്ന ഓഹരി വില 13 രൂപ 10 പൈസയായി താഴ്ന്നു. ടാറ്റ് എല്‍ക്സി എന്ന ഓഹരി വില 4.65 ശതമാനത്തോളം താഴ്ന്നു. 7395രൂപയുണ്ടായിരുന്ന ഓഹരിയുടെ വില 344 രൂപയോളം നഷ്ടമായി 7051 രൂപയില്‍ അവസാനിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തെ നാലാം സാമ്പത്തിക പാദത്തിലെ (2024 ജനവരി മുതല്‍ മാര്‍ച്ച് വരെ) അറ്റാദായത്തില്‍ 4.6 ശതമാനം കുറഞ്ഞതാണ് ഓഹരി വില ഇടിച്ചത്.
മള്‍ട്ടി കമ്മോഡിറ്റ് എക്സ് ചേഞ്ച് (എം സി എക്സ്) ഓഹരിവില 6 ശതമാനം ഇടിഞ്ഞു. നാലാം സാമ്പത്തിക പാദത്തിലെ നേട്ടം മോശമായതാണ് കാരണം. 4022 രൂപ ഉണ്ടായിരുന്ന ഓഹരി 186 രൂപ കുറഞ്ഞ് 3835 രൂപയില്‍ അവസാനിച്ചു. ജെഎസ് ഡബ്ല്യു സ്റ്റീല്‍ ഓഹരി വില 852 രൂപയില്‍ നിന്നും 884 രൂപയിലേക്ക് ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: