തിരുവനന്തപുരം: പൂവാറിൽ ഇന്നുണ്ടായ കടലാക്രമണം കാലാകാലമായി ഇടത്-വലത് ഭരണകൂടങ്ങളും ജനപ്രതിനിധികളും ഈ മേഖലയിലെ ജനങ്ങളോട് കാട്ടി വരുന്ന അവഗണനയുടെ ഭാഗമാണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ.ജനങ്ങൾ വിശ്വസിച്ച് തെരഞ്ഞെടുത്തയച്ച
കോൺഗ്രസ് എം.പിക്കും എൽഡിഎഫിനും ഇക്കാലമത്രയും എന്തായിരുന്നു പണിയെന്ന് മാത്രം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
60 വർഷത്തിലധികമായി ഇടത്-വലത് മുന്നണികൾ ചെയ്തുകൂട്ടിയതിന്റെ ദുരിതമാണീക്കാണുന്നത്. മനുഷത്വം തീരെ മരവിച്ച ഒരു ഭരണകൂടത്തിനും ആത്മാർത്ഥത തെല്ലുമില്ലാത്ത ജനപ്രതിനിധികൾക്കും മാത്രമേ ഈ യാതന കയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയൂ. തീരദേശവാസികളെ നിത്യദുരിതത്തിലാഴ്ത്തി രസിക്കുന്ന ഭരണകർത്താക്കളെ ജനങ്ങൾ തന്നെ നിരസിക്കുന്ന കാലം അകലെയല്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വടക്കോട്ട് നോക്കി കുറ്റം പറയുന്നതിന് പകരം വല്ലപ്പോഴും ഈ നാട്ടിലെ സാധാരണ ജനങ്ങളെക്കൂടി പരിഗണിക്കാമായിരുന്നു. ഏതായാലും ഈ ദുരിതം ഇനിയും ഞാൻ കണ്ടു നിൽക്കില്ല. ഇത് തുടരാൻ അനുവദിക്കുകയുമില്ല. ഇതിന് ശാശ്വതമായ പരിഹാരം കാണുന്നതിന് തീരദേശ ജനതക്കൊപ്പം ഞാനുമുണ്ടാവുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: