തിരുവനന്തപുരം: വിഴിഞ്ഞം സമരവും തുടർന്നുള്ള പോലീസ് നടപടികളും മൂലം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ എഫ്.സി.ആർ.എ അക്കൗണ്ട് മരവിപ്പിച്ചതായുള്ള റിപ്പോർട്ടുകളെ തുടർന്നുള്ള മാധ്യമ വാർത്തകൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ഈ വിഷയം തിരുവനന്തപുരം അതിരൂപത നേതൃത്വവുമായി ചർച്ച ചെയ്തപ്പോൾ വാർത്ത വസ്തുതാപരമല്ലെന്നും ഇത്തരമൊരു കാഴ്ചപ്പാട് അവർക്കില്ലെന്നുമുള്ള നിലപാടാണ് സഭാ നേതൃത്വം പങ്കുവച്ചതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സാധാരണ ജനങ്ങളുടെ മനസിൽ തെറ്റിദ്ധാരണ പരത്താൻ നിഷിപ്ത താത്പര്യക്കാർ നടത്തുന്ന കുത്സിതശ്രമങ്ങളുടെ ഭാഗമാണ് നുണപ്രചരണങ്ങൾ. ലത്തീൻ അതിരൂപതയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി (TSSS) എന്നത് പാവപ്പെട്ട മനുഷ്യർക്ക് വേണ്ടി നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്. അവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എന്നോട് അവർ നേരത്തെ തന്നെ പങ്കുവച്ചിരുന്നു. എഫ്.സി.ആർ.എ രജിസ്ട്രേഷന് വേണ്ടി പുതിയ അപേക്ഷ അവർ സമർപ്പിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വിഭാഗം അതിന് വേണ്ടുന്ന നടപടികൾ സ്വീകരിച്ച് വരികയുമാണ്.
എന്നും എല്ലാ സമൂഹങ്ങൾക്കും അവരുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങൾക്കും എന്റെ ശക്തമായ പിന്തുണയുണ്ടാകും. ഇത്തരം കപട രാഷ്‌ട്രീയക്കാർ ചമയ്‌ക്കുന്ന പെരും നുണകളുടെ ഇരകളാകാതിരിക്കാൻ നല്ലവരായ സമുദായംഗങ്ങൾ ശ്രദ്ധിക്കണമെന്നാണ് എന്റെ എളിയ അഭ്യർത്ഥനയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: