ഇന്ത്യ 2025ല്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ഐഎംഎഫ്. ഇന്ത്യ ജപ്പാനെയാണ് 2025ല്‍ ഇന്ത്യ പിറകിലാക്കുക. 2025ല്‍ ഇന്ത്യയുടെ ജിഡിപി 4.339 ലക്ഷം കോടി ഡോളര്‍ ആയിരിക്കും. ജപ്പാന്റെ ജിഡിപി അന്ന് 4.31 ലക്ഷം കോടി ഡോളര്‍ മാത്രമായിരിക്കും.
കോവിഡ് മുതല്‍ ഇന്ത്യ ബഹുവിധ ആഘാതങ്ങള്‍ മറികടന്നാണ് മുന്നേറുന്നതെന്ന് ഐഎംഎഫ് ഏഷ്യാ പസഫിക് മേധാവി കൃഷ്ണ ശ്രീനിവാസ് പറയുന്നു. 2024-25ല്‍ 6.8 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഐഎംഎഫ് പ്രവചിക്കുന്നത്. ഇത് നല്ല വളര്‍ച്ചയാണ്. ഉപഭോക്താക്കളുടെ ഉപഭോഗം കൂടുന്നതും സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള നിക്ഷേപം വര്‍ധിക്കുന്നതും ആണ് ഈ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങള്‍ എന്നും കൃഷ്ണ ശ്രീനിവാസ് പറയുന്നു. ഇക്കാര്യങ്ങളില്‍ യാതൊരു ആശങ്കകളും താന്‍ കാണുന്നില്ലെന്നും കൃഷ്ണ ശ്രീനിവാസ് പറഞ്ഞു. ആഭ്യന്തരമായ വാങ്ങല്‍ ശേഷി കൂടുന്നത് ഇന്ത്യയുടെ വലിയ അനുഗ്രഹമാണെന്നും അതാണ് ഇന്ത്യയുടെ വളര്‍ച്ചയെ മുന്നോട്ട് കുതിപ്പിക്കുന്നതെന്നും കൃഷ്ണ ശ്രീനിവാസ് പറയുന്നു.
ജനസംഖ്യയിലുള്ള യുവാക്കളുടെ എണ്ണക്കൂടുതലാണ് ഇന്ത്യയുടെ ശക്തി. ഇവര്‍ ഓരോ വര്‍ഷവും ഇന്ത്യയുടെ തൊഴില്‍ ശക്തിയിലേക്ക് എത്തിപ്പെടുന്നു. ഏകദേശം ഒന്നരക്കോടി പുതിയ യുവാക്കളാണ് ഇന്ത്യയുടെ തൊഴില്‍ മേഖലയിലേക്ക് ഓരോ വര്‍ഷവും എത്തിപ്പെടുന്നത്. ഇവരെ രൂപപ്പെടുത്താന്‍ മികച്ച വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും നല്‍കണം. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടനയായി ഇന്ത്യ തുടരുകയാണെന്നും കൃഷ്ണ ശ്രീനിവാസ് പറയുന്നു.
2027ല്‍ ഇന്ത്യ ലോകത്തിലെ മൂന്നാം ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും ഐഎംഎഫ് പറഞ്ഞു. അന്ന് ജര്‍മ്മനിയെക്കൂടി ഇന്ത്യ പുറകിലാക്കും. പിന്നെ ഇന്ത്യയ്‌ക്ക് മുന്‍പില്‍ രണ്ട് ശക്തികളേ ഉണ്ടാകൂ- യുഎസും ചൈനയും.
ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന ശേഷി (ജിഡിപി) 3.572 ലക്ഷം കോടി ഡോളറാണ്. 2027ല്‍ ജര്‍മ്മനിയെ പുറകിലാക്കിയാണ് ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരുക.
2047ല്‍ ഇന്ത്യ ഒരു വികസിത രാഷ്‌ട്രമായി മാറും. അതിന്റെ ഭാഗമായി ഇന്ത്യ ഒരു വികസിത സമ്പദ് വ്യവസ്ഥയായി മാറുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: