തൃശൂര്‍: തൃശൂര്‍ ജില്ലയിലെ 15 ശതമാനം മുസ്ലിം വോട്ടുകളില്‍ നിന്നും 27 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളില്‍ നിന്നും സുരേഷ് ഗോപിയ്ക്ക് വോട്ട് ചോര്‍ന്നുകിട്ടുമോ? സുരേഷ് ഗോപിക്ക് അനുകൂലമായ അടിയൊഴുക്ക് ഉണ്ടാകുമെന്ന് തന്നെയാണ് അവസാനനിമിഷത്തിലെ വിലയിരുത്തല്‍.
ക്രിസ്ത്യന്‍ വോട്ടുകളില്‍ എന്ത് സംഭവിയ്ക്കും?
മണിപ്പൂര്‍ വിഷയത്തിന്റെ പേരില്‍ അത്ര വലിയ തോതില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ സുരേഷ് ഗോപിയ്ക്ക് എതിരായി ഏകീകരിക്കുമെന്ന് തോന്നുന്നില്ല. കാരണം സുരേഷ് ഗോപി എന്ന സ്ഥാനാര്‍ത്ഥിയുടെ ക്ലീന്‍ ഇമേജ് തന്നെ അദ്ദേഹത്തിന് അനുകൂലമായ ഘടകമായി മാറുന്നു. ബിജെപിയെ തൊട്ടുകൂടായ്മ ഉള്ള ഒരു പാര്‍ട്ടിയാണെന്ന് ക്രിസ്ത്യന്‍ സമുദായം കാണുന്നില്ല. എ.കെ. ആന്റണിയുടെ മകന് ബിജെപിയില്‍ ചേര്‍ന്നതും സ്ഥാനാര്‍ത്ഥിയായതും ബിജെപി ക്രിസ്ത്യാനികള്‍ക്ക് എതിരായ പാര്‍ട്ടിയല്ലെന്ന് കടുത്ത മതഭ്രാന്തില്ലാത്ത ക്രിസ്ത്യാനികള്‍ കരുതുന്നു.ക്രിസ്ത്യന്‍ സമുദായത്തിലെ യുവാക്കളിലും യുവതികളിലും സുരേഷ് ഗോപിയ്ക്ക് അനുകൂലമായ ഒരു തരംഗം ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കപ്പെടുന്നത്.
പ്രതീക്ഷയായി മത്സ്യത്തൊഴിലാളി വോട്ടുകള്‍
തൃശൂരിന്റെ മത്സ്യത്തൊഴിലാളി മേഖലകളില്‍ നിന്നും സുരേഷ് ഗോപിയ്ക്ക് നല്ലൊരു ശതമാനം വോട്ടുകള്‍ കിട്ടുമെന്നും കരുതുന്നു. ഇക്കാര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ ചാമ്പ്യനായിരുന്ന ടി.എന്‍. പ്രതാപന്റെ പിന്മാറ്റം തന്നെയാണ സുരേഷ് ഗോപിക്ക് അനുഗ്രഹമാകുക. ധീവരസമുദായാംഗമായ പ്രതാപന്റെ വോട്ടുബാങ്കാണ് മത്സ്യത്തൊഴിലാളി മേഖല. കുറെ നാളായി ഈ മേഖലയില്‍ സുരേഷ് ഗോപി ഊന്നിനിന്ന് പ്രവര്‍ത്തിച്ചിരുന്നു. കേന്ദ്ര കൃഷിമന്ത്രി രൂപാലയെ കൊണ്ടുവന്ന് ധാരാളം സഹായങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു. ഈ മേഖലയില്‍ മുരളിയ്ക്ക് കാര്യമായി വോട്ടുകള്‍ കിട്ടില്ലെന്ന് തന്നെ കരുതപ്പെടുന്നു. അത് ഒറ്റക്കെട്ടായി സുനില്‍കുമാറിന് വേണ്ടി പോവുകയുമില്ല. പത്മജയുടെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള പോക്ക് മുരളിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും ബിജെപിയോടുള്ള അയിത്തം കുറച്ചിട്ടുണ്ട്. മാത്രമല്ല, മുരളിയ്ക്കെതിരായ ഒരു ചെറിയ ശതമാനം കോണ്‍ഗ്രസ് വോട്ട് സുരേഷ് ഗോപിയിലേക്ക് മറിയുമെന്നും കരുതുന്നു.
സുനില്‍ കുമാര്‍ ക്ലീന്‍ ഇമേജുള്ള ആളാണ്. തൃശൂരില്‍ ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നേതാവാണ്. പക്ഷെ പിണറായിയുടെ കുടുംബത്തിന്റെയും പിണറായി സര്‍ക്കാരിന്റെ ദൗര്‍ബല്യങ്ങളുടെയും തിരിച്ചടി സുനിലിന് കിട്ടിയേക്കും. പിണറായി സര്‍ക്കാരിന്റെ അഴിമതിയും കാര്യക്ഷമതയില്ലായ്മയും ഈ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിനുള്ള ഘടകമായി വരികയാണെങ്കില്‍ അത് സുനിലിന് ക്ഷീണമായി വന്നേക്കുമെന്ന് കരുതുന്നു.
സിപിഐയുടെ സി.എന്‍. ജയദേവന് 38000 വോട്ടുകള്‍ക്ക് ജയിച്ച ഇടത്താണ് 2014ല്‍ ടി.എന്‍. പ്രതാപന് 93,000 വോട്ടുകള്‍ക്ക് ജയിച്ചത്. പക്ഷെ വെറും ഒരു ലക്ഷമുണ്ടായിരുന്ന ബിജെപിയുടെ വോട്ടുകള്‍ 293,822 വോട്ടുകളിലേക്ക് എത്തിക്കാന്‍ സുരേഷ് ഗോപിയ്ക്ക് അന്ന് സാധിച്ചു. ഇനി സുരേഷ് ഗോപിയ്ക്ക് 50,000 മുതല്‍ 60,000 വോട്ടുകള്‍ അധികമായി പിടിച്ചാല്‍ ഈ മണ്ഡലത്തില്‍ ജയക്കൊടി പാറിക്കാന്‍ കഴിഞ്ഞേക്കും. അതുപോലെ മുസ്ലിം ജനവിഭാഗങ്ങളില്‍ നിന്നും നിക്ഷപക്ഷരായ, അഭ്യസ്തവിദ്യരായ, വര്‍ഗ്ഗീയ നിറത്തിലൂടെ മാത്രം കാര്യങ്ങള്‍ കാണാത്ത കുറച്ചുപേരുടെ വോട്ടുകൂടി സുരേഷ് ഗോപിയിലേക്ക് എത്തിയേക്കാമെന്നും കരുതുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് സംഭവിച്ചതുപോലെ, ബിജെപിയുടെ കുമ്മനം രാജശേഖരനെതിരെ മുഴുവന്‍ മുസ്ലിം വോട്ടുകളും സിപിഎമ്മിന്റെ ശിവന്‍കുട്ടിയുടെ പെട്ടിയിലേക്ക് ഏകീകരിച്ച് എത്തിക്കാന്‍ കഴിഞ്ഞതുപോലെ ഉള്ള ഒരു സാഹചര്യം തൃശൂരില്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല. ഇവിടുത്തെ മുസ്ലിങ്ങളുടെ വോട്ടുകള്‍ സുനില്‍കുമാറും മുരളീധരനും പങ്കുവെയ്ക്കുമെന്ന് തന്നെയാണ് കരുതുന്നത്. അതല്ലാതെ അത് ഏകപക്ഷീയമായി മുരളീധരനിലേക്കോ സുനില്‍ കുമാറിലേക്കോ മാത്രമായി ഒഴുകുമെന്ന് തോന്നുന്നില്ല. അതിലെ തന്നെ നേരിയ ഒരു ശതമാനം സുരേഷ് ഗോപിയിലേക്കും എത്തും. രണ്ട് തവണ തോറ്റ തൃശൂരില്‍ വീണ്ടും നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്ത സുരേഷ് ഗോപിയോട് ഇവിടുത്തെ സ്ത്രീവോട്ടര്‍മാര്‍ക്കിടയിലും ഒരു സഹതാപതരംഗമുണ്ട്. ഹിന്ദു സ്ത്രീകളുടെ വോട്ടുകളില്‍ നല്ലൊരു ഏകീകരണം സുരേഷ് ഗോപിയ്ക്ക് അനുകൂലമാകും. അതായത് കോണ്‍ഗ്രസിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെയും ഹിന്ദു സ്ത്രീകള്‍ സുരേഷ് ഗോപിയ്ക്ക് അനുകൂലമായി തിരിയാന്‍ നല്ല സാധ്യത കാണുന്നു. അതായത് ഹിന്ദു വോട്ടുകളില്‍ നല്ലൊരു ശതമാനം സുരേഷ് ഗോപിയ്ക്ക് അനുകൂലമായി ഏകീകരിക്കപ്പെടാന്‍ സാധ്യത ഉണ്ടാക്കുമെന്നും കരുതുന്നു. കാരണം പഴയതുപോലെ ലിബറലും പ്രോഗ്രസീവും എന്ന് കരുതി എല്ലാം സഹിക്കുന്ന ഹിന്ദു അല്ല ഇപ്പോഴുള്ളത്. അതുപോലെ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷംസുരേഷ് ഗോപി ടെലിവിഷന്‍ പരിപാടികളിലൂടെ വീടിന്റെ അകത്തളങ്ങളിലേക്ക് കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി പല പരിപാടികളിലൂടെയും തുടര്‍ച്ചയായി എത്തുന്നുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ മതത്തിന്റെ അതിര്‍വരമ്പുകള്‍ തകര്‍ത്ത് ജനങ്ങളിലേക്ക് സഹായങ്ങള്‍ എത്തിച്ച മനുഷ്യനാണ്. അദ്ദേഹത്തിനെതിരെ ഇടതുപക്ഷവും മറ്റും ക്രൂരമായി നടത്തിയ വേട്ടയാടലുകള്‍ ജനം തള്ളിക്കളഞ്ഞതും അതുകൊണ്ടാണ്. ഇതും മതാതീതമായി വോട്ടുകള്‍ ആകര്‍ഷിക്കാന്‍ സുരേഷ് ഗോപിയെ സഹായിക്കും. ഇതെല്ലാമാണ് തൃശൂരിലെ അടിയൊഴുക്കുകള്‍. ഈ അടിയൊഴുക്കുകള്‍ പ്രവര്‍ത്തിച്ച് സുരേഷ് ഗോപിയുടെ വിജയം ഉറപ്പാക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: