ന്യദല്‍ഹി: പത്തനംതിട്ട മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി അനില്‍ ആന്റണിക്കെതിരേ ഉന്നയിച്ച ആരോപണത്തിന്റെ തെളിവുകള്‍ എന്ന് അവകാശപ്പെട്ട് പത്രസമ്മേളനത്തില്‍ രേഖകള്‍ പുറത്തുവിട്ട് വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാര്‍. ആലപ്പുഴയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരേയും അദ്ദേഹം ആരോപണം ഉന്നയിച്ചു.
അനില്‍ ആന്റണിയ്‌ക്കെതിരായ ആരോപണത്തില്‍ ചില ചിത്രങ്ങളും നന്ദകുമാറിനെ അനില്‍ ആന്റണി വിളിച്ചെന്ന് അവകാശപ്പെടുന്ന ഫോണ്‍ നമ്പറുകളുമാണ് പുറത്തുവിട്ടത്. അനില്‍ ആന്റണി നിയമപരമായി നീങ്ങിയാല്‍ നടപടി നേരിടാന്‍ തയ്യാറാണ്. പണം നല്‍കിയ താനും സ്വീകരിച്ച അനില്‍ ആന്റണിയും നിയമത്തിന് മുന്നില്‍ തെറ്റുകാരാണ്. അത് തെളിയിക്കുമെന്നും നന്ദകുമാര്‍ പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും അനില്‍ ആന്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം. പണം കൈമാറിയ സാഗര്‍ രത്‌ന ഹോട്ടലിന്റെ പുറത്ത് ദുബായ് ഡ്യൂട്ടി പെയ്ഡിന്റെ കവറുമായി നന്ദകുമാർ നില്‍ക്കുന്നതിന്റെയും കവര്‍ വാങ്ങുന്നതിന്റെയും ചിത്രങ്ങളാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്.
അനിലിന്റെ പുതിയ ഗൂഢസംഘം എന്ന് പറഞ്ഞ് നരേന്ദ്രമോദിക്കൊപ്പം അനില്‍ ആന്റണി, ആന്‍ഡ്രൂസ് ആന്റണി എന്നിവര്‍ നില്‍ക്കുന്ന ചിത്രവും നന്ദകുമാര്‍ മാധ്യമങ്ങളെ കാണിച്ചു. അനില്‍ ആന്റണിയെ ഇത്തരം വേലകള്‍ പഠിപ്പിച്ചത് ആന്‍ഡ്രൂസ് ആന്റണിയാണെന്നും കാലാ കാലങ്ങളായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇയാൾ ബന്ധപ്പെടുന്നുണ്ടെന്നും നന്ദകുമാര്‍ ആരോപിച്ചു. ഇപ്പോള്‍ ഇവര്‍ എന്‍ഡിഎയ്‌ക്കൊപ്പമാണെങ്കില്‍ ഇൻഡി മുന്നണി അധികാരത്തിലെത്തിയാല്‍ ഈ സംഘം അവര്‍ക്കൊപ്പം പോകുമെന്നും നന്ദകുമാര്‍ പറഞ്ഞു.
തനിക്കെതിരെ കേസ് വന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍ സാക്ഷിയാവുമെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. അനില്‍ തെറ്റുകാരനാണ് എന്ന് ഒരു കോണ്‍ഗ്രസ് നേതാവും പോലും ഇതുവരെ പറഞ്ഞിട്ടില്ല. എ.കെ ആന്റണിയുടെ മകന്‍ ആയതുകൊണ്ടാണ് ആരും ഒന്നും പറയാത്തതെന്നും നന്ദകുമാര്‍ പറഞ്ഞു.
ശോഭയ്‌ക്ക് പത്ത് ലക്ഷം രൂപ നല്‍കിയതിന്റെ രേഖയെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് രസീതും നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടി. തൃശൂരില്‍ സ്ഥലം വാങ്ങാനാണ് ശോഭയ്‌ക്ക് പണം നല്‍കിയതെന്നും നന്ദകുമാര്‍ പറഞ്ഞു. ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നന്ദകുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: