തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വികസനം മുരടിച്ചു നിൽക്കുന്ന തിരുവനന്തപുരത്തിന് പുതിയ ദിശാബോധം നൽകാൻ എൻഡിഎ തയാറാക്കിയ വികസന രേഖയ്‌ക്ക് കഴിയുമെന്ന് എൻ ഡി എ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരത്തിന്റെ പരിവർത്തനത്തിന് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ മാറിമാറി വന്ന സർക്കാരുകളുടെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും നിഷ്ക്രീയ സമീപനമാണ് വികസനത്തിന്റെ കാര്യത്തിൽ വലിയ സാദ്ധ്യതകൾ ഉണ്ടായിരുന്ന തിരുവനന്തപുരത്തെ പിന്നോട്ടടിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുമ്പോൾ ഇനി കാര്യം നടക്കുമെന്നാണ് ഞാൻ ജനങ്ങളോട് പറഞ്ഞത്. എന്താണ് ചെയ്യാൻ പോകുന്നതെന്ന് ജനങ്ങൾ ചോദിച്ചപ്പോൾ അവർക്ക് നൽകിയ ഉത്തരമാണ് തന്റെ വികസന രേഖയെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിനിടെ തിരുവനന്തപുരത്തിനായി ഒരു സമഗ്ര വികസന പദ്ധതി തയ്യാറക്കുന്നതിൽ സർക്കാരുകൾക്കോ ജനപ്രതിനിധികൾക്കോ കഴിഞ്ഞിട്ടില്ല എന്നത് അത്യന്തം ഖേദകരമാണ്. ഇതിനൊരു മാറ്റം വരണമെന്നും ഇനി കാര്യം നടക്കണമെന്നുമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വികസന രേഖ തയാറാക്കിയിട്ടുള്ളത്, രാജീവ് പറഞ്ഞു.
എല്ലാ സാധ്യതകളും ഉപയോഗിച്ച് തിരുവനന്തപുരത്തെ രാജ്യത്തെ തന്നെ മികച്ച വികസന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. തിരുവനന്തപുരത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളുടേയും അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിലാണ് പുതിയ വികസന രേഖ തയ്യാറാക്കിയിരിക്കുന്നത്. തീരദേശവാസികൾ, കൈത്തറി തൊഴിലാളികൾ, കർഷകരടക്കമുള്ള സാധാരണക്കാരാണ് കഴിഞ്ഞ കാലങ്ങളിലെ വികസനമില്ലായ്മക്ക് ഇരകൾ ആയിട്ടുള്ളത്. ഈ സ്ഥിതി മാറ്റുന്നതിനും അവരുടെ ജീവിത ഉന്നമനം ലക്ഷ്യമിട്ടുള്ള സവിശേഷമായ പദ്ധതികളാണ് തന്റെ വികസനരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഴ് നിയോജക മണ്ഡലങ്ങളിലെയും ജനങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്ന പ്രത്യേക മാസ്റ്റർ പ്ലാനാണിത്, കർഷകർ, തീരദേശവാസികൾ, യുവാക്കൾ, വയോധികർ, സ്ത്രീകൾ എന്നിവരെയെല്ലാം പ്രത്യേക പദ്ധതികളോടെ വികസന രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തെ ജനങ്ങൾ ഇരു മുന്നണികൾക്കും നിരവധി അവസരങ്ങൾ നൽകി കഴിഞ്ഞു. അവർക്കൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇക്കുറി തനിക്ക് അവസരം ജനങ്ങൾ തന്നാൽ തന്റെ വികസന രേഖയിൽ പറയുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കുമെന്നും അതിന് കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന നരേന്ദ്ര മോദി സർക്കാരിന്റെ പിന്തുണ കൂടി ഉണ്ടാവുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: