അനൈക്യത്തിന്റെ മുന്നണിയാണ് ‘ഇന്‍ഡി’ സഖ്യമെന്ന് അത് രൂപകൊണ്ട നാള് മുതല്‍ ദിവസേന യെന്നോണം ജനങ്ങള്‍ കണ്ടുവരുന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷവും നേതാക്കള്‍ തമ്മിലും പാര്‍ട്ടികള്‍ തമ്മിലും പോരടിക്കുന്നവരെ ഒരു സഖ്യമെന്നുപോലും പറയാനാവില്ല. വിവിധ സംസ്ഥാനങ്ങളിലായുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടന്നുകഴിഞ്ഞിട്ടും ‘ഇന്‍ഡി’ സഖ്യം അക്ഷരാര്‍ത്ഥത്തില്‍ തമ്മിലടിച്ച് തലകീറുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ കണ്ടത്. ഇന്‍ഡി സഖ്യം സംഘടിപ്പിച്ച സമ്മേളനത്തില്‍ ചത്ര സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും അനുയായികള്‍ ഏറ്റുമുട്ടുകയായിരുന്നു. ചിലരുടെ തലയ്ക്കടിയേറ്റ് ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെ ഐക്യത്തിന്റെ വക്താക്കള്‍ പരിഹാസ്യരായിരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുകയും അവസാന നിമിഷം പിന്മാറുകയും, സഖ്യത്തിന്റെ പ്രമുഖ നേതാവ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിട്ടുനില്‍ക്കുകയും ചെയ്ത യോഗത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒത്തൊരുമയോടെ ഒരു സമ്മേളനംപോലും നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയെയും, അധികാരത്തില്‍ മൂന്നാംമൂഴത്തിനു ശ്രമിക്കുന്ന കരുത്തനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിടാനാവുക? ആശയക്കുഴപ്പവും പരസ്പര ശത്രുതയും പിടിമുറുക്കിയ ‘ഇന്‍ഡി’ സഖ്യത്തിന് ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ ഉള്‍പ്പെടെ നിര്‍ണായകമായ പല സംസ്ഥാനങ്ങളിലും പൊതുവായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. 100 ലേറെ സീറ്റില്‍ ‘ഇന്‍ഡി’ ഘടകകക്ഷികളുടെ സ്ഥാനാര്‍ത്ഥികള്‍ എതിര്‍ത്തു മത്സരിക്കുകയാണ്. ബംഗാളിലെ 40 സീറ്റും കേരളത്തിലെ 20 സീറ്റും ഇതില്‍പ്പെടുന്നു. രാജസ്ഥാന്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലും ഈ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ പരസ്പരം എതിര്‍ത്ത് മത്സരിക്കുകയാണ്.
പരസ്പരം പോരടിച്ചിരുന്ന പ്രതിപക്ഷ കക്ഷികള്‍ മോദി വിരോധം മുന്‍നിര്‍ത്തിയാണ് ഇന്‍ഡി സഖ്യത്തിന് രൂപംനല്കിയത്. മുംബൈയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പതിനാലംഗ ഏകോപന സമിതിക്ക് രൂപംനല്‍കിയെങ്കിലും നയപരമായ കാര്യത്തിലും സീറ്റു വിഭജനത്തിലും അഭിപ്രായ ഐക്യം കൊണ്ടുവരാന്‍ ഈ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. തീരുമാനങ്ങളൊക്കെ പ്രാദേശിക ഉപസമിതികള്‍ക്ക് വിടുകയാണ് ഏകോപനസമിതിക്കാര്‍ ചെയ്തത്. സഖ്യത്തെ നയിക്കുന്നു എന്നുപറയപ്പെടുന്ന കോണ്‍ഗ്രസിന്റെ നേതാവ് രാഹുല്‍ നടത്തിയ ന്യായ് യാത്രയെ ഘടകകക്ഷികള്‍ പലരും ചോദ്യം ചെയ്തു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുകയുമൊക്കെ ചെയ്യേണ്ട അവസരത്തില്‍ നേതാവ് ആളുകളിക്കുന്നതിനോടായിരുന്നു എതിര്‍പ്പ്. പല സംസ്ഥാനങ്ങളിലും സഖ്യം നിലവിലില്ല. സഖ്യമുള്ളിടത്താകട്ടെ സീറ്റുതര്‍ക്കം രൂക്ഷവുമാണ്. മഹാരാഷ്ട്ര, ബീഹാര്‍ എന്നിവിടങ്ങളില്‍ വളരെ വൈകി മാത്രമാണ് ഒരുകണക്കിന് സീറ്റു വിഭജനം പൂര്‍ത്തിയാക്കിയത്. ഇതു സംബന്ധിച്ച അസംതൃപ്തികള്‍ ഇനിയും പരിഹരിക്കാന്‍ കഴിഞ്ഞില്ല എന്നതിനു തെളിവാണ് ആര്‍ജെഡി മത്സരിക്കുന്ന മണ്ഡലം കോണ്‍ഗ്രസിന് നല്‍കിയതിനെച്ചൊല്ലി റാഞ്ചിയില്‍ നടന്ന ശാരീരിക മായ ഏറ്റുമുട്ടല്‍. ‘ഇന്‍ഡി’ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും ഈ പ്രശ്നമുണ്ട്. പൊട്ടിത്തെറിയിലേക്ക് എത്തുന്നില്ലെന്നു മാത്രം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ ഇത് ബാധിക്കും എന്നുറപ്പാണ്. ബിജെപിക്കെതിരെ 400 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനു ഇന്‍ഡി സഖ്യത്തിന് പ്രയാസപ്പെടേണ്ടിവന്നു. മമതയുടെ തൃണമൂല്‍ സഖ്യം ഉപേക്ഷിച്ചതും, ജെഡിയു എന്‍ഡിഎയുടെ ഭാഗമായതുമൊക്കെ ‘ഇന്‍ഡി’ സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ്.
‘മൂന്നാംമുന്നണി’യില്‍പ്പെടുന്ന പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കഴിയാത്തത് ‘ഇന്‍ഡി’ സഖ്യത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. മായാവതിയുടെ ബിഎസ്പി ‘ഇന്‍ഡി’ സഖ്യത്തിന്റെ ഭാഗമാവാന്‍ കൂട്ടാക്കിയില്ല. ഇതിനുപിന്നാലെയാണ് നിതീഷ് കുമാറിന്റെ ജെഡിയു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേതാവായി സ്വീകരിച്ച് എന്‍ഡിഎയിലേക്ക് വന്നത്. ‘ഇന്‍ഡി’ സഖ്യത്തിന്റെ ഉപജ്ഞാതാവും വക്താവുമായ ആളായിരുന്ന നിതീഷ് മുന്നണി വിടുക മാത്രമല്ല, ബിജെപിയുമായി ചേര്‍ന്ന് ബീഹാറില്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനേറ്റ പ്രഹരമായിരുന്നു ഇത്. അധികനാള്‍ കഴിയുന്നതിനു മുന്‍പാണ് മമതയും സഖ്യം വിട്ടത്. ബംഗാളില്‍ ‘ഇന്‍ഡി’ സഖ്യത്തില്പ്പെട്ടവര് പരസ്പരം എതിര്‍ത്താണ് മത്സരിക്കുന്നത്. സഖ്യത്തിന്റെ നേതാക്കളിലൊരാളായ മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്നാണല്ലോ മറ്റൊരു നേതാവ് രാഹുല്‍ ചോദിക്കുന്നത്! ബിജെപിയെ നേരിടാനാവാതെ ഉത്തരഭാരതത്തില്‍നിന്ന് ഒളിച്ചോടിയ ആളാണ് രാഹുലെന്നാണ് ഇതിനുള്ള പിണറായിയുടെ മറുപടി. എത്ര അപഹാസ്യമാണിത്. ദേശീയതലത്തില്‍ തോളില്‍ കയ്യിട്ടുനടക്കുന്നവര് കേരളത്തില്‍ പ്രകടിപ്പിക്കുന്ന ‘ശത്രുത’ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ രണ്ടു നേതാക്കളും ഒത്തുകളിക്കുകയാണെന്നും സംശയിക്കണം. ജയിച്ചാല്‍ പാര്‍ലമെന്റില്‍ ഒരുമിച്ചു നില്ക്കുന്നവര് എന്തിനാണ് കേരളത്തില്‍ ഏറ്റുമുട്ടുന്നതെന്ന ചോദ്യം ജനങ്ങളുടെ മനസ്സിലുണ്ട്. രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ട കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളുടെ ചെലവില്‍ നിലനില്‍പ്പിനു ശ്രമിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ‘ഇന്‍ഡി’ സഖ്യം ഇല്ലാതാവുകയും കോണ്‍ഗ്രസ് അനാഥമാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: