ഒരു യുഗപുരുഷന്റെ അന്തര്ദൃഷ്ടിസമ്പന്നമായ വീക്ഷണവും സാഹസികവും നിസ്തന്ദ്രവുമായ പ്രവര്‍ത്തനവും കൊണ്ടു മാത്രമേ ധര്‍മ്മ സംസ്ഥാപനവും ദേശീയതയുടെ അഭ്യുത്ഥാനവും സാധിതമാകയുള്ളൂ എന്ന നിലയില്‍ ഈ നാട് എത്തപ്പെട്ടിരുന്ന കാലത്താണ് ആചാര്യസ്വാമികളുടെ (ശ്രീശങ്കരാചാര്യര്‍) അവതാരം എന്നു കാണുന്നതിന് വിഷമമില്ല.
ജീവിത ദൗത്യം
ശ്രീ ശങ്കരാചാര്യന്‍ തന്റെ ജീവിത നിയോഗത്തെപ്പറ്റി സന്ദേശവാഹകത്വത്തെപ്പറ്റി തികച്ചും ബോധവാനായിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ അമ്മയോട് അനുമതി വാങ്ങി അദ്ദേഹം സംന്യാസജീവിതം ആരംഭിച്ചു. കാല്‍നടയായി ഏകാകിയായി സഞ്ചരിച്ച് ഗുജറാത്തിലെ നര്‍മ്മദാതീരത്തെത്തി. ഗൗഡപാദശിഷ്യനായ ഗോവിന്ദാചാര്യരുടെ ശിഷ്യത്വം സ്വീകരിച്ച് വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ സര്‍വശാസ്ത്ര പാരംഗതനായിത്തീര്ന്നു. പിന്നീട്അനേകം ജനപദങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും കടന്ന് കാശ്മീരിലെത്തി സര്‍വജ്ഞപീഠത്തില്‍ കയറി. ബ്രഹ്മണ്വതിയായ പ്രജ്ഞയുടെ പൂര്ണാവതാരമായിരുന്ന ആ മഹാത്മാവിന്റെ പ്രശസ്തി ആ കാലത്തിനിടയ്ക്കുതന്നെ ഭാരതം മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞിരുന്നു. അവിടെ ശാരദാപീഠത്തിന്റെ മുമ്പിലിരുന്ന സമാഹിതമനസ്സായി കഠിനമായ തപം ചെയ്തു തന്റെ കര്ത്തവ്യകര്മ്മങ്ങളെക്കുറിച്ച് ശരിയായ അവബോധം നേടി അടുക്കും ചിട്ടയുമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കി. അതിനോടകം ചെയ്ത ദേശസഞ്ചാരംകൊണ്ടുതന്നെ ഭാരതത്തിലെ ജനജീവിതത്തിന്റെ താത്ക്കാലികസ്ഥിതിയും അതിനെ ഉദ്ധരിക്കുന്നതിന് ആവശ്യമായ കാര്യങ്ങളും ശാശ്വതമായ ഉത്കര്‍ഷത്തിന് നിദാനമാകുന്ന പ്രവര്ത്തനപന്ഥാവും നിശ്ചയിച്ചുറച്ചു.
പ്രസ്ഥാനത്രയിയുടെ ഭാഷ്യരചന
ആദ്യമായി പൂര്‍വാചാര്യന്മാരുടെ ഗഹനമായ സാധനകൊണ്ടു നിര്‍മ്മിക്കപ്പെട്ട മഹാഗ്രന്ഥങ്ങളില്‍ വച്ച് ഹിന്ദുധര്‍മ്മത്തിന് ദാര്ശ നികമായ ഉറച്ച അടിത്തറയും പ്രായോഗികമായ സാധനാമാര്‍ഗങ്ങളും ആചാരസംഹിതയും പ്രദാനം ചെയ്യാന്‍ പര്യാപ്തങ്ങളായ മൂന്നു പ്രകാരത്തിലുള്ള ഗ്രന്ഥങ്ങള്‍ അദ്ദേഹം തിരഞ്ഞെടുത്തു. അവയാണ് പില്ക്കാലത്ത് പ്രസ്ഥാനത്രയി എന്നു പ്രസിദ്ധങ്ങളായ മഹാഗ്രന്ഥങ്ങള്. ഈ ഗ്രന്ഥങ്ങള്‍ക്ക് (ഉത്തരമീമാംസയെന്ന) വേദാന്തദര്‍ശനത്തിന്റെ അടിസ്ഥാനഗ്രന്ഥമായ ബ്രഹ്മവിദ്യാസൂത്രങ്ങള് അഥവാ ചുരുക്കത്തില്‍ ബ്രഹ്മസൂത്രങ്ങള്‍, ഏറ്റവും പ്രാചീനങ്ങളായ ദശോപനിഷത്തുകള്‍, ദര്ശനപ്രാണവും മനുഷ്യജീവിത വിജയത്തിന് അനുഷ്ഠേയങ്ങളായ ധര്‍മ്മാചാരങ്ങള്‍ നിര്‍വചിക്കുന്നതുമായ ഭഗവദ്ഗീത ഇവയ്ക്ക് വ്യാഖ്യാനങ്ങള്‍ ഭാഷ്യങ്ങള്‍ എഴുതി അവയിലെല്ലാം പ്രതിപാദിക്കുന്ന കാര്യം തത്ത്വത്തില്‍ ഒന്നു തന്നെയാണെന്ന് അദ്ദേഹം സ്ഥാപിച്ചു. ഇതില്‍ നാനാര്ത്ഥസങ്കുലവും ദുരവഗമ്യവുമാണ് ബ്രഹ്മസൂത്രങ്ങള്‍; മറ്റു ഗ്രന്ഥങ്ങള്‍ താരതമ്യേന സരളങ്ങളുമാണ്. ഇവകളുടെ ഭാഷ്യങ്ങളില്ക്കൂടി അവയില്‍ ഏകവാക്യതയാണെന്ന് സ്ഥാപിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്, അവയുടെ അന്തര്‍ധാരകള്‍ കടഞ്ഞ് ഭാരതീയ ദര്‍ശനങ്ങളുടെ ചൂഡാമണിയെന്നോ സാരസര്വസ്വമെന്നോ ഒക്കെ നിരീക്ഷിക്കാവുന്ന അദൈ്വത ദര്‍ശനം (അദൈ്വതവാദം) പുറത്തെടുത്തു. തന്നെയല്ല അദ്ഭുതകരങ്ങളായ നാല് വേദാന്ത മഹാവാക്യങ്ങളുടെയും ആത്മാവ് ഈ അദൈ്വതദര്‍ശനം തന്നെയാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. (എല്ലാ വേദങ്ങളുടെയും ഉപനിഷത്തുകളുടെയും സാരഭൂതങ്ങളും ജഗത്തിന്റെയും ജീവിതത്തിന്റെയും മൂലസത്യത്തെ സ്പഷ്ടമായി നിര്വചിക്കുന്നവയുമാണ് വേദാന്തമഹാകാവ്യങ്ങള്.)
(പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരിയുടെ ‘ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തിലെ ‘ഹൈന്ദവ സംസ്കൃതിയുടെയും ധര്‍മ്മത്തിന്റെയും സ്ഥാപകരും പോഷകരുമായ മൂന്നു മഹാമനീഷികള്‍ ‘എന്ന അധ്യായത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: