ബംഗളുരു : കര്‍ണാടകത്തില്‍ യുവതിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാജ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച രണ്ടു പേര് അറസ്റ്റില്‍. ഹുബ്ബള്ളി ധാര്‍വാഡ് കോര്പറേഷന് കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന് ഹിരേമഠിന്റെ മകള്‍ നേഹ ഹിരേമഠിനെയാണ് ബെളഗാവി സ്വദേശി ഫയാസ് കുത്തിക്കൊലപ്പെടുത്തിയത്. എന്നാല്‍ ഇവര്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് അറസ്റ്റിലായവര്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടത്
ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നല്കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേഹയുടെയും ഫയാസിന്റെയും ചിത്രം ഉള്‍പ്പെടെ പങ്കുവച്ച്, ‘നേഹ ഫയാസ് ട്രൂ ലവ്, ജസ്റ്റിസ് ഫോര്‍ ലവ്’ എന്നായിരുന്നു പോസ്റ്റിട്ടത്.
നേഹയും ഫയാസും പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്ത നേഹയുടെ പിതാവ് തള്ളിയിരുന്നു. നേഹയോട് ഫയാസ് പ്രണയാഭ്യര്‍ഥന നടത്തിയയെങ്കിലും നേഹ നിരസിച്ചിരുന്നു. പിന്നാലെ നടന്നു ശല്യപ്പെടുത്തിയാല്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും നിരഞ്ജന് ഹിരേമഠ് വെളിപ്പെടുത്തി.
എന്നാല്‍ നേഹയും ഫയാസും പ്രണയത്തിലായിരുന്നുവെന്നാണ് ഫയാസിന്റെ മാതാവ് മുംതാസും പറഞ്ഞത്.
അതേസമയം ‘ലവ് ജിഹാദ്’ ആണ് ഉണ്ടായതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം കത്തിയുമായി ക്യാമ്പസിലെത്തിയ ഫയാസ്, നേഹയെ കുത്തിവീഴ്ത്തുകയായിരുന്നു. പ്രണയാഭ്യര്‍ഥനയുമായി ഫയാസ് പലതവണ നേഹയെ സമീപിച്ചെങ്കിലും നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ഇതിന്റെ പകയിലാണ് ഫയാസ് ആക്രമിച്ചതെന്നാണ് വിവരം. സഹപാഠികള്‍ പിടികൂടിയ ഫയാസിനെ പിന്നീട് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാന്‍ സര്‍ക്കാര്‍ കേസ് അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന് ബി ജെ പി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് മുതല്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്ര ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: