തിരുവനന്തപുരം: എഐ ക്യാമറ വഴി കണ്ടെത്തുന്ന മോട്ടോര്‍ വാഹന നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടീസ് അയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തി വച്ചു. പിണറായി സര്‍ക്കാര്‍ പണം നല്‍കാതെ വന്നതോടെയാണ് തീരുമാനം. കുടിശ്ശികയായി കെല്‍ട്രോണിന് സംസ്ഥാനം നല്‍കേണ്ടത് 339 കോടി രൂപയാണ്. 10 മാസത്തിനിടെ സര്‍ക്കാര്‍ നല്‍കിയത് 62.5 കോടി രൂപമാത്രമാണ്.
ഇതേതുടര്‍ന്നാണ് നോട്ടീസ് അയക്കുന്നത് നിര്‍ത്തിയത്. നിലവില്‍ ഇ ചെലാന്‍ മാത്രമാണ് അയക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചു മുതലാണ് സര്‍ക്കാര്‍, ക്യാമറകള്‍ സ്ഥാപിച്ച് കുറ്റകൃത്യങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ തുടങ്ങിയത്. നിയമലംഘനം നടത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കി കരാറുകാരന് തുക നല്‍കാം എന്നായിയിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
എന്നാല്‍ 10 മാസം പിന്നിടുമ്പോഴും പ്രതിസന്ധി നിലനില്‍ക്കുകയാണ്. തുക ലഭിക്കാതെ വന്നതോടെ നോട്ടീസ് ഒന്നിന് 20 രൂപ നല്‍കണം എന്ന് കാണിച്ച് കെല്‍ട്രോണ്‍ സര്‍ക്കാരിന് കത്ത് നല്കി. പേപ്പര്‍ വാങ്ങാന്‍ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച് നോട്ടീസയപ്പ് കെല്‍ട്രോണ്‍ നിര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാരിനോട് നിരവധി തവണ കെല്‍ട്രോണ്‍ ആവശ്യപ്പെട്ടങ്കിലും ഫലം ഉണ്ടായില്ലെന്നും, പേപ്പര്‍ വാങ്ങാനുള്ള പൈസ പോലുമില്ല എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: