സൃഷ്ടിയുടെ ആരംഭകാലത്ത് ലീലാവതാരങ്ങള്‍ ഒന്നും തന്നെ നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഭഗവാന്റെ അദ്ഭുതകര്മ്മങ്ങളും അവയെ ആസ്പദിച്ചുള്ള അപദാനങ്ങളും ജനതാദ്ധ്യേത്തില് പ്രസിദ്ധമായിട്ടുമുണ്ടായിരുന്നില്ല. സൃഷ്ടിയുടെ ആരംഭകാലത്തെ ജഗത്തിന്റെ സ്ഥിതി ഋഗ്വേദത്തിലെ ‘നാസദീയസൂക്ത’ത്തില്‍ ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു. ‘ആരംഭത്തില്‍ ഇത് അസത്തും അല്ലായിരുന്നു, സത്തും അല്ലായിരുന്നു. ദിവസവും ഇല്ലായിരുന്നു, രാത്രിയുമില്ലായിരുന്നു. മൃത്യുവും അമൃതത്വവും ഒന്നും ഇല്ലായിരുന്നു. (ദ്രവ്യത്തിനു തങ്ങാനുള്ള) വ്യോമവും (ദ്രവ്യമായ) രജസ്സും ഇല്ലാ യിരുന്നു. സൃഷ്ടിയുടെ അഭിവ്യഞ്ജകമായ യാതൊരു ചിഹ്നവും പ്രകടമായിരുന്നില്ല.’
‘ആ സമയത്ത് ഒരേ ഒരു തത്ത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കാറ്റില്ലാതെ തന്നെ ശ്വസിക്കുന്നുണ്ടായിരുന്നു. അത് അതിന്റെ സ്വാഭാവികമായ ശക്തിയാല്‍ തന്നെ ജീവിക്കുന്നുണ്ടായിരുന്നു.’
‘നാസദസീന്നോ സദാസീത്തദാനീം
നാസീദ്രജോ നോവ്യോമാ പരോയത്’
‘ആനീദവാതം സ്വധയാതദേകം
തസ്മാദ്ധാന്യന്നപരം കിം ചനാസഃ’
(ഋഗ്വേദം)
ഈ സ്ഥിതിയില്‍ നിന്ന് വിശ്വവും അതിന്മേല് പരിവ്യാപ്തമായും പത്തംഗുലം ഉയര്‍ന്നും അസംഖ്യം ശിരസ്സുകളും അസംഖ്യം നേത്രങ്ങളും അസംഖ്യം പാദങ്ങളുമുള്ള ഒരു ബൃഹത് ചൈതന്യം വിരാട്പുരുഷന് ആവിര്‍ഭവിച്ചെന്നും ആ വിരാട്പുരുഷനില്നിന്ന് വേറൊരു പുരുഷന് ഉണ്ടായിവന്നെന്നും ആ പുരുഷനെ യജ്ഞപശുവായി സ്വീകരിച്ച്, ഹവിസ്സായി സ്വീകരിച്ച് ദേവന്മാര് അജ്ഞാതമായ ചൈതന്യവസ്തുവിനെ യജ്ഞപുരുഷനായി സങ്കല്‍പ്പിച്ച് ആ യജ്ഞപുരുഷനുവേണ്ടി യജ്ഞനായി കണ്ട് ഒരു മഹായജ്ഞം അനുഷ്ഠിച്ചെന്നും അതില്‍ നിന്നും ലോകത്തിന്റെ ആദ്യധര്മ്മങ്ങള് ആവിര്‍ഭവിച്ചെന്നും മറ്റുമായ അത്യന്തം രഹസ്യാത്മകമായ അര്‍ത്ഥങ്ങളുള്ള പുരുഷസൂക്തം ഋഗ്വേദീയ ഋഷി വര്‍ണിക്കുന്നു.
‘യജ്ഞേന യജ്ഞമയജന്തദേവാ
സ്താനിധര്മ്മാണി പ്രഥാമാ
ന്യാസന്‍’
സൃഷ്ടിയുടെ തുടക്കം അവിടെയായിരുന്നു. അവിടെ നിന്ന് യുഗങ്ങള്‍ പിന്നിട്ടപ്പോള്‍ ബ്രഹ്മാദികളും അദ്ദേഹം വഴി പ്രജാപതികളും സനകാദികളും ബ്രഹ്മാവിന്റെ രണ്ടു ശരീരഭാഗങ്ങളില്‍ നിന്ന് സ്വയംഭൂവായ ആദ്യമനുവും അതേപോലെ സ്വയംഭൂ തന്നെയായ ശതരൂപാദേവിയും ഉണ്ടായി വന്നെന്നും ആ സമയം സൃഷ്ടിക്കുള്ള വാസസ്ഥാനത്തെപ്പറ്റി ബ്രഹ്മാവ് ചിന്തിച്ചെന്നും അപ്പോള്‍ എല്ലാവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ആ കാറ്റില്ലാതെ തന്നെ ശ്വസിക്കുന്നതായി പറയപ്പെട്ട സത്താവിശേഷം തന്നെ ആദിവരാഹമായി അവതരിച്ച് ഭൂമിയെ സമുദ്ധരിച്ച് സ്ഥിരമാക്കി നിര്‍ത്തിയെന്നും മറ്റുമായി കഥാവര്ണന തുടരുന്നു. അപ്പോള്‍ ആദ്യമായി ആവിര്‍ഭവിച്ച വരാഹരൂപത്തെ യജ്ഞനും യജ്ഞപുരുഷനുമായി മാത്രമേ ബ്രഹ്മാദികള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതാണ് അവരുടെ സ്തുതി പൂര്‍ണ്ണമായും യജ്ഞാത്മകമായത്. ഭഗവാന് യജ്ഞവരാഹമൂര്ത്തിയായി സങ്കല്പിക്കപ്പെട്ടുതും അതുകൊണ്ടാണ്. ‘യജ്ഞോവൈവിഷ്ണുഃ’ എന്ന പ്രസിദ്ധമായ ഋഗ്വേദവാക്യത്തിന്റെ പൊരുളും അവിടെ കാണാം. ആ കാലം മുതല്‍ യജ്ഞം കൊണ്ടാണ് എല്ലാം നേടേണ്ടത് എന്ന ധാരണ ബലപ്പെട്ടു. പില്ക്കാലത്തുണ്ടായ ശ്രീകൃഷ്ണാവതാരത്തില്‍ ഗീതാചാര്യനായ ഭഗവാന് ഇതിനെ അനുസ്മരിച്ചുകൊണ്ടായിരിക്കാം ഇങ്ങനെ അരുളിച്ചെയ്തത്. പണ്ടു സൃഷ്ടിയുടെ ആരംഭകാലത്ത് പ്രജാപതി (ബ്രഹ്മാവ്) യജ്ഞങ്ങളോടുകൂടി പ്രജകളെ സൃഷ്ടിച്ചിട്ട് പറയുകയുണ്ടായി ‘ഈ യജ്ഞം കൊണ്ട് നിങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ഈ യജ്ഞം നിങ്ങളുടെ ഇഷ്ടമായ വിഷയങ്ങളെ കറന്നെടുക്കാവുന്ന കാമധേനുവാകട്ടെ. ഈ യജ്ഞമാണ് നിങ്ങളുടെ സന്താനങ്ങള്‍ക്കും ഭോഗ്യവസ്തുക്കള്ക്കും അഭിവൃദ്ധികാരണമാകുന്നത്.’
‘സഹയജ്ഞാഃ പ്രജാഃസൃഷ്ട്വാ പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യദ്ധ്വമേഷവോസ്തിഷ്ടകാമധുക്’
(ഭഗവദ്ഗീത)
(പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരിയുടെ ‘ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തിലെ ‘തെറ്റിദ്ധരിക്കപ്പെട്ട ചില അവതാരകഥകള്‍ എന്ന അധ്യായത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: