തൃശൂര്‍ : തൃശൂര്‍ പൂരം അലങ്കോലമാക്കി പോലീസ്. അനങ്ങാതെ സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായി പൂരം ഇടക്ക് വെച്ച് നിര്‍ത്തി. പോലീസിന്റെ അനാവശ്യ നിയന്ത്രണവും ബലപ്രയോഗവുമാണ് സ്ഥിതി വഷളാക്കിയത്.
വെള്ളിയാഴ്ച രാത്രി തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പോലീസ് തടയുകയായിരുന്നു. നടുവിലാല്‍ ഭാഗത്ത് ബാരിക്കേഡ് വച്ചു തടഞ്ഞതോടെ ജനം ബഹളമുണ്ടാക്കി. പോലീസ് ഗോബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചു. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. എഴുന്നള്ളിപ്പ് തടസപ്പെട്ടു. തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനേയും മന്ത്രി കെ.രാജനേയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും കിട്ടിയില്ല. തുടര്‍ന്ന് പഞ്ചവാദ്യം അവസാനിപ്പിച്ച് ഒരാനപ്പുറത്ത് ചടങ്ങ് മാത്രമായി എഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കി. പൂരപ്പന്തലിലെ ലൈറ്റുകളും ഓഫ് ചെയ്തു. പുലര്‍ച്ചെ മൂന്നിനുള്ള വെടിക്കെട്ടും മുടങ്ങി. വെടിക്കെട്ട് കാണാന്‍ കാത്തിരുന്ന ജനലക്ഷങ്ങള്‍ നിരാശരായി.
സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ രാത്രി തന്നെ ഇടപെട്ട് ചര്‍ച്ച നടത്തിയതിന് ശേഷമാണ് രാവിലെ ഏഴിന് വെടിക്കെട്ട് നടത്തിയതും തുടര്‍ന്ന് പകല്‍പ്പൂരം ആരംഭിച്ചതും. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
പൂരം അട്ടിമറിക്കാനുള്ള ശ്രമമാണ് പോലീസും സര്‍ക്കാരും നടത്തിയതെന്നു ഹിന്ദു സംഘടനാ നേതാക്കള്‍ ആരോപിച്ചു. സംഭവമറിഞ്ഞിട്ടും ശനിയാഴ്ച രാവിലെ മാത്രമാണ് മന്ത്രി രാജന് സ്ഥലത്തെത്തിയത്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന് ഇടപെടാന്‍ തയ്യാറായില്ല.
പ്രതിഷേധം കനത്തതോടെ ഇന്നലെ പകല്‍പ്പൂരത്തിന് പോലീസ് നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കി. ബാരിക്കേഡുകളും എടുത്തുമാറ്റി. ഇതോടെ പൂരം സുഗമമായി നടന്നു.
ഒരു മണിക്കൂര്‍ വൈകി എട്ടിന് ശേഷമാണ് പകല്‍പ്പൂരം തുടങ്ങിയത്. ഉച്ചക്ക് പന്ത്രണ്ടിന് പകല്‍പ്പൂരം സമാപിച്ചു. തിരുവമ്പാടി -പാറമേക്കാവ് ഭഗവതിമാര്‍ പതിനഞ്ചാനകളോടെ വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തെത്തി ഉപചാരം ചൊല്ലി മടങ്ങിയതോടെ പൂരച്ചടങ്ങുകള്‍ സമാപിച്ചു. അടുത്തവര്‍ഷം മെയ് ആറിനാണ് തൃശൂര്‍ പൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: