തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിനായി അദ്ദേഹത്തിന്റെ ബന്ധുവും വ്യവസായിയുമായ ബിജു രമേശ്, വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ആരോപണം. ഇതേത്തുടര്‍ന്ന് അരുവിക്കര വടക്കേമല കോളനിയില്‍ ബിജുരമേശിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.
കഴിഞ്ഞ രാത്രി ഏഴ് മണിയോടെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം സുരേഷിന്റെ വീട്ടിലാണ് ബിജുരമേശിനെ തടഞ്ഞുവച്ചത്. പണവുമായി എത്തിയ ബിജുരമേശ് സിപിഎം പ്രവര്‍ത്തകരെ കണ്ടപ്പോള്‍ മറ്റൊരു സംഘത്തിന്റെ കയ്യില്‍ പണം കൊടുത്തയച്ചെന്ന് ആരോപിച്ചായിരുന്നു തടഞ്ഞുവച്ചത്.
തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി തെരഞ്ഞെടുപ്പ് കമ്മീഷന് ഫ്ളെയിംഗ് സ്ക്വാഡിനെ വരുത്തി പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. ബിജു രമേശിനെ അരുവിക്കര സ്റ്റേഷനില്‍ എത്തിച്ച ശേഷം വിട്ടയച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലും ബിജു രമേശ് പണവും മദ്യവും നല്കി വടക്കേമല കോളനിയില്‍ വോട്ടര്‍മാരെ സ്വാധീനിച്ചെന്നാണ് സിപിഎം ആരോപണം.
ബിജു രമേശ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന് സിപിഎം നല്കിയ പരാതിയില്‍ കേസെടുക്കും എന്ന് പൊലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് ബിജുരമേശിന്റെ അംഗരക്ഷകനും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: