ബത്തേരി: നിരോധിത ഭീകര സംഘടനയായ പിഎഫ്‌ഐയുടെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ അടക്കമുള്ള ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പമാണ് രാഹുലും കോണ്‍ഗ്രസുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. വയനാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ റോഡ് ഷോ ബത്തേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി കോണ്‍ഗ്രസാണ് കൂട്ടുകൂടുന്നതെങ്കില്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ സിപിഎമ്മാണ് അവരെ പിന്തുണച്ചത്. ഇരു മുന്നണികളും രാജ്യദ്രോഹ ശക്തികള്‍ക്കൊപ്പമാണ്. അഴിമതിയും കുടുംബാധിപത്യവും വര്‍ഗീയ പ്രീണനവുമാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്.
അമേഠിയില്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്നറിയുന്നത് കൊണ്ടാണ് രാഹുല്‍ വയനാട്ടിലെത്തിയത്. ആത്മവിശ്വാസമില്ലാത്ത നേതാവാണ് രാഹുല്‍. നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന അദ്ദേഹത്തിന് അഴിമതിക്കാരെ സംരക്ഷിക്കാതിരിക്കാന്‍ സാധിക്കില്ല. അഴിമതിയുടെ പേരില്‍ ജയിലിലുള്ളവരും ജാമ്യത്തിലിറങ്ങിയവരുമാണ് പ്രതിപക്ഷത്തുള്ളത്, നദ്ദ പറഞ്ഞു.
കുടുംബാധിപത്യവും പ്രീണനവുമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. ദല്‍ഹിയില്‍ സിപിഐ നേതാവ് ഡി. രാജയും രാഹുലും ഒരു മുന്നണിയാണ്. എന്നാല്‍ കേരളത്തില്‍ രാജയുടെ ഭാര്യ രാഹുലിനെതിരെ മത്സരിക്കുന്നു. നിലപാടില്ലാത്ത രാഷ്‌ട്രീയമാണിത്.
വയനാട്ടില്‍ നിന്ന് താമര വിരിയും. 2014ല്‍ നമ്മള്‍ ലോകത്തിലെ പതിനൊന്നാമത് സാമ്പത്തിക ശക്തിയായിരുന്നു. മോദിയുടെ പത്ത് വര്‍ഷത്തെ ഭരണത്തിന്റെ മികവില്‍ ഇപ്പോള്‍ അഞ്ചാമത്തെ ശക്തിയാണ്. സുരേന്ദ്രനെ ജയിപ്പിക്കുമ്പോള്‍ രാജ്യത്തിന്റെ മുന്നേറ്റത്തിനാണ് വയനാട്ടുകാര്‍ കരുത്തു പകരുന്നത്. ഇത്തവണ ഭാരതത്തെ ലോകത്തെ മൂന്നാമത്തെ ശക്തിയാക്കി മാറ്റും. പ്രധാനമന്ത്രി രാജ്യത്തെ വികസനം ഉറപ്പു വരുത്തുകയാണ് ചെയ്യുന്നത്. പാവപ്പെട്ടവര്‍, കൃഷിക്കാര്‍, വനിതകള്‍, യുവാക്കള്‍ എന്നിവരെ ചേര്‍ത്തു നിര്‍ത്തുന്ന ഭരണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.
വയനാട് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുല്‍ അമേഠിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ പറഞ്ഞു. വയനാട് സ്വന്തം വീടാണെന്ന് പറയുന്ന രാഹുല്‍ ഏപ്രില്‍ 26 കഴിഞ്ഞാല്‍ വീണ്ടും അമേഠിയാണ് സ്വന്തം വീടെന്ന് പറയും. അഞ്ചുവര്‍ഷം കൊണ്ട് ഒരു വികസനവും വയനാടിന് സംഭാവന ചെയ്യാത്ത രാഹുലിനെ ജനം പാഠം പഠിപ്പിക്കുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: