ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന ബിജെപിയുടെ വികസനത്തിലൂന്നിയ സദ്ഭരണമാതൃകയ്ക്ക് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് കേന്ദ്രവാര്‍ത്താ വിതരണ, പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. ഇടതു-വലതു മുന്നണികളുടെ പ്രീണന രാഷ്ട്രീയത്താല്‍ നിരാശരായ കേരള ജനത പ്രതീക്ഷയോടെയാണ് ബിജെപിയെ കാണുന്നതെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള ദക്ഷിണ ഭാരത സംസ്ഥാനങ്ങളില്‍ ബിജെപി ഇത്തവണ വലിയ മുന്നേറ്റം നടത്തും. കൂടുതല്‍ സീറ്റുകള്‍ നേടും. വോട്ടുശതമാനത്തില്‍ വലിയ വര്‍ധനയുണ്ടാകും. ശക്തമായ മത്സരമാണ് പലമണ്ഡലങ്ങളിലും നടക്കുന്നത്. ബിജെപിക്ക് ഏറ്റവും അനുകൂലമായ ഫലം ഇത്തവണ കേരളത്തില്‍ നിന്നുണ്ടാകുമെന്നുറപ്പാണ്. കേരളത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുലിന് എസ്ഡിപിഐ വരെ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു.
കേരളവും ബംഗാളും ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം ഒരുതരത്തിലുമുള്ള വിവേചനവും കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎമ്മും ടിഎംസിയും നടത്തുന്ന തെറ്റായ പ്രചരണങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഈ മറുപടി.
സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ കൃത്യമായി നല്‍കുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നല്കിയതിനേക്കാള് എത്രയോ ഇരട്ടി തുകയാണ് കഴിഞ്ഞ പത്തു വര്‍ഷത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. യുപിഎ ഭരണ കാലത്തും എന്‍ഡിഎ ഭരണകാലത്തും ലഭിച്ച തുകയുടെ കണക്കുകള്‍ പുറത്തുവിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തയാറാകണമെന്നും അനുരാഗ് സിങ് ഠാക്കൂര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നാനൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും. തുടര്ച്ചയുള്ളതും സ്ഥിരതയുള്ളതുമായ സര്‍ക്കാരാണ് ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യം. വികസിതവും സമൃദ്ധവും സ്വാശ്രയവുമായ ഭാരതമാകണം. തീവ്രവാദത്തോടും അഴിമതിയോടും സന്ധിയില്ലാത്ത നിലപാട് തുടരണം. രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുടര്‍ന്നും സംരക്ഷിക്കപ്പെടണം, സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തണം, ഇതിനെല്ലാം മോദി സര്‍ക്കാര്‍ തന്നെ തുടരണം. കന്നിവോട്ടര്‍മാരും യുവാക്കളും തങ്ങളുടെ വോട്ട് രാഷ്ട്രത്തിനായി സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. കുടുംബം ആദ്യം പിന്നെ പാര്‍ട്ടി, പിന്നെ രാഷ്ട്രം എന്ന ചിന്തയും പ്രവര്ത്തനവുമാണവര്ക്ക്. എന്നാല്‍ രാഷ്ട്രമാദ്യം എന്നതാണ് ബിജെപിയുടെ നിലപാട്. ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്കും വികസനത്തിന്റെ നേട്ടം ലഭിക്കണമെന്ന കാഴ്ചപ്പാടാണ് ബിജെപിക്കുള്ളത്. അതിനനുസരിച്ചാണ് പദ്ധതികള്‍ തയാറാക്കുന്നതും നടപ്പാക്കുന്നതും. പണം ചോരാതെ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നതിനാണ് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കുന്നത്. കര്‍ഷകര്‍, പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമാണ് ബിജെപി മുന്‍തൂക്കം നല്‍കുന്നത്, അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ വിവിധ സംഭവങ്ങളുണ്ടാകുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ ഭാരതത്തിലേക്ക് ഉറ്റുനോക്കുന്നു. ഭാരതം എന്തു പറയുന്നു എന്നറിയാനാണ് എല്ലാവര്ക്കും താത്പര്യം. കഴിവും കരുത്തും കാര്യശേഷിയും വ്യക്തമായ കാഴ്ചപ്പാടുമുള്ള നരേന്ദ്ര മോദി ഭാരതത്തെ നയിക്കുന്നതുകൊണ്ടാണത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പിന്തുണയും സ്വീകാര്യതയും ജനപ്രിയതയും ആഗോളതലത്തില്‍ തന്നെ വ്യാപിച്ചുകഴിഞ്ഞതായും അനുരാഗ് സിങ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: