ടോക്കിയോ: അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം കെന്റോ മൊമോട്ട. ലോക ബാഡ്മിന്റണില്‍ നിറഞ്ഞുനിന്ന കാലത്ത് കാറപകടത്തില്‍പ്പെട്ട് ഈ ജപ്പാന് താരത്തിന്റെ കരിയര്‍ പ്രതിസന്ധിയിലാകുകയായിരുന്നു. നാല് വര്‍ഷം മുമ്പുണ്ടായ അപകടത്തിന് ശേഷം താരം കളിക്കളത്തില്‍ സജീവമെങ്കിലും പഴയ ഫോമിലേക്കും ലോക ഒന്നാം നമ്പര്‍ പദവിയിലേക്കും തിരിച്ചെത്തിയില്ല. 29-ാം വയസ്സിലാണ് കരിയറിനോട് ഏറെക്കുറേ വിടപറഞ്ഞിരിക്കുന്നത്. ജപ്പാനിലെ ആഭ്യന്തര മത്സരങ്ങളില്‍ തുടരുമെന്നാണ് താരം അറിയിച്ചു.
ഈ മാസം അവസാനം നടക്കുന്ന തോമസ് കപ്പോടുകൂടു വിരമിക്കുകയാണെന്ന് മൊമോട്ട പ്രഖ്യാപിച്ചു. രണ്ട് തവണ ലോക ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ താരമാണ് കെന്റോ മൊമോട്ടോ. പാരിസ് ഒളിംപിക്സിന് യോഗ്യത നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
ലോകത്തിലെ ഏറ്റവും മികച്ച ബാഡ്മിന്റണ്‍ താരമായി മാറുന്നതിനായി താന്‍ ശാരീരികവും മാനസികവുമായി വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്ന് മൊമോട്ട വിരമിക്കല്‍ പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ ലോക റാങ്കിങ്ങില്‍ 52-ാം സ്ഥാനത്താണ് മൊമോട്ട.
2019ല്‍ 73 മത്സരങ്ങള്‍ കളിച്ച താരം വെറും ആറ് കളികളിലേ തോല്‍വി അറിഞ്ഞിരുന്നുള്ളൂ. അക്കൊല്ലം 11 കിരീടങ്ങള്‍ സ്വന്തമാക്കി വമ്പന്‍ കുതിപ്പാണ് മൊമോട്ട നടത്തിവന്നത്. 2020 ജനുവരിയില്‍ മലേഷ്യ മാസ്റ്റേഴ്സ് കിരീടം നേടി മണിക്കൂറുകള്‍ക്കുള്ളിലാണ് കാറപകടത്തില്‍പ്പെട്ടത്. ക്വാലലംപുറിന് അടുത്ത് വച്ചുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ മരിച്ചിരുന്നു. കണ്ണുകള്ക്കുള്പ്പെടെ പരികേകറ്റ മൊമോട്ടോ ശസ്ത്രക്രിയയ്ക്ക് വിധേയനായി. നീണ്ട ഒരുവര്‍ഷത്തിന് ശേഷമാണ് താരം കരിയറിലേക്ക് തിരിച്ചുവന്നത്. അക്കൊല്ലം സ്വന്തം നാട്ടില്‍ നടന്ന ടോക്കിയോ ഒളിംപിക്സില്‍ താരം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പിന്നീട് തുടരെ പരിക്കുകളും മറ്റും അലട്ടാന്‍ തുടങ്ങി. കഴിഞ്ഞ നവംബറില്‍ കൊറിയ മാസ്റ്റേഴ്സില്‍ കിരീടം നേടിയിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം താരം സ്വന്തമാക്കിയ ആദ്യ കിരീടമായിരുന്നു അത്. പാരിസ് ഒളിംപിക്സില്‍ യോഗ്യത നേടാന്‍ ശ്രമിച്ചെങ്കിലും ദേശീയ റാങ്കിങ്ങില്‍ മുന്നിരയിലെത്താന് സാധിക്കാതെ വന്നത് പ്രശ്നമായി. കാസിനോയുമായി ബന്ധപ്പെട്ട ചില നിയമപ്രശ്നങ്ങള്‍ കാരണം താരത്തിന് 2016 റിയോ ഡി ജനീറോ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: