കൊച്ചി: ഇന്റര്‍നാഷണല്‍ കുറാഷ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രഥമ ദക്ഷിണേഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിപ്പ് കൊച്ചിയില്‍ നാളെ ആരംഭിക്കും. 21 വരെ നീളുന്ന ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യമരുളുന്നത് തേവര സേക്രഡ് ഹാര്‍ട്ട് കോളജാണ്.
വിവിധ ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 250ലേറെ താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. പ്രമുഖ താരങ്ങളായ പിങ്കി ബല്‍ഹാര, മാലപ്രഭ ജാദവ് എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ടീമുകള്‍ നാളെയായിരിക്കും കൊച്ചിയിലെത്തുക. ശനി, ഞായര്‍ ദിവസങ്ങളിലാണ് മത്സരം. ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എസ്.എച്ച്. കോളജ് മാനേജര്‍ ഫാ.വര്‍ഗീസ് കാച്ചപ്പിള്ളി സിഎംഐ പ്രകാശനം ചെയ്തു. കുറാഷ് അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ രാജന് വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ തെസ്നി വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചാമ്പ്യന്‍ഷിപ്പ് 20ന് രാവിലെ 10.30ന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്യും. ഇന്റര്‍നാഷണല്‍ കുറാഷ് അസോസിയേഷന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ രവി കപൂര്‍, കേരള കുറാഷ് അസോസിയേഷന് പ്രസിഡന്റ് വിവേക് വേണുഗോപാല്‍, കുറാഷ് അസോസിയേഷന് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറും സംഘാടക സമിതി സെക്രട്ടറിയുമായ വിക്രാന്ത് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഏഷ്യന്‍ ഗെയിംസ് ഇനമായ കുറാഷ്, വേള്‍ഡ് മാര്‍ഷല്‍ ആര്‍ട്സ് ഗെയിംസില്‍ ഉള്‍പ്പെടെ പ്രധാന ഇനമാണ്. 2009 പ്രഥമ ദേശീയ കുറാഷ് ചാമ്പ്യന്‍ഷിപ്പിന് എസ്.എച്ച് കോളജ് ആതിഥേയത്വം വഹിച്ചിരുന്നു.
2012ല്‍ ഏഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിപ്പിനും 2016ല്‍ ലോക കുറാഷ് ചാമ്പ്യന്‍ഷിപ്പിനും കൊച്ചി വേദിയൊരുക്കി. കുറാഷ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിവിധ ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളികള്‍ക്കിടയില്‍ സാംസ്കാരിക വിനിമയവും കായികക്ഷമതയും വളര്‍ത്തുകയെന്ന ലക്ഷ്യവും ചാമ്പ്യന്ഷിപ്പിനുണ്ടെന്ന് രാജന് വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: