കോട്ടയത്ത് മീനച്ചിലാറിന്റെ തീരത്തുള്ള കടമ്പൂത്തറ മഠത്തില്‍ ഗോപാലന് തന്ത്രിയുടെ മക്കള്‍ ഇരട്ട സഹോദരങ്ങളായ കെ.ജി. ജയനും കെ.ജി.വിജയനും ആറാം വയസ്സിലാണ് ആദ്യമായി ശ്രുതിലയങ്ങളുടെ ലോകത്തേക്കു കടക്കുന്നത്. ആദ്യ ഗുരു രാമന് ഭാഗവതര്‍. പിന്നെ മാവേലിക്കര രാധാകൃഷ്ണ അയ്യരുടെ കീഴില്‍ കര്‍ണാടകസംഗീതപഠനം . പത്തു വയസുള്ളപ്പോള്‍ കുമാരനല്ലൂര്‍ ക്ഷേത്ര ഉത്സവത്തിന് അരങ്ങേറ്റം നടത്തി.
മുതിര്‍ന്നപ്പോള്‍ സംഗീതവഴിയില്‍ ബാലമുരളീകൃഷ്ണ, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ തുടങ്ങിയ മഹാരഥന്മാരുടെ ശിഷ്യരാവാനുള്ള ഭാഗ്യം ലഭിച്ചു. ജയവിജയ എന്ന പേരു സ്വീകരിച്ച് ഇരുവരും ഒരുമിച്ച് ഭാരതത്തിലങ്ങോളമിങ്ങോളം സംഗീത കച്ചേരിയുടെ മഹാ പ്രപഞ്ചം തീര്‍ത്തു. സിനിമയിലും ഒട്ടേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി.
ഒരേ നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് ജയവിജയന്മാര് കച്ചേരിക്കായി വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ 1988 ജനുവരി എട്ടിന് ജയനെ തനിച്ചാക്കി വിജയന് യാത്രയായി. ഡിന്‍ഡിഗലിലെ അയ്യപ്പ ക്ഷേത്രത്തില്‍ കച്ചേരിക്കു പോകവേ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഓര്മവെച്ച കാലം മുതല്‍ ഒന്നിച്ചുണ്ടായിരുന്ന ഇളയ സഹോദരന്റെ മരണം ജയനെ വല്ലാതെ ഉലച്ചുകളഞ്ഞു.
‘ജീവിതവഴികളിലെല്ലാം ഒരുമിച്ച് യാത്ര ചെയ്തു. എനിക്കു മാത്രമായി ഇനിയൊരു ജീവിതം വേണ്ട എന്നു പോലും തോന്നിപ്പോയി.’ എന്ന് അതേക്കുറിച്ച് ജയന് പറഞ്ഞിട്ടുണ്ട്. വിജയന്റെ മരണശേഷമുള്ള ആദ്യ കച്ചേരി കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിലായിരുന്നു. നേരത്തെ ഏറ്റിരുന്ന പരിപാടിയായിരുന്നതിനാല്‍ ഒഴിവാക്കാന്‍ ആയില്ല. പാടിത്തുടങ്ങിയപ്പോഴെ കണ്ണുകള്‍ നിറഞ്ഞൊഴുകി, സ്വരമിടറി, എങ്ങനെയൊക്കെയോ അന്നത്തെ ആ കച്ചേരി പൂര്‍ത്തിയാക്കി’യെന്നാണ് ജയന് പറഞ്ഞിട്ടുള്ളത്്.
തുടര്‍ന്ന് ഒരു വര്‍ഷത്തോളം പാട്ടില്‍ നിന്ന് അകന്നു നിന്നു. വീട്ടില്‍ ഒതുങ്ങിക്കൂടി. പിന്നീടൊരിക്കല്‍ യേശുദാസാണ് തരംഗിണിക്കുവേണ്ടി കൃഷ്ണ ഭക്തിഗാന കാസെറ്റ് ഇറക്കാനായി സമീപിക്കുന്നത് നിര്‍ബന്ധത്തിനു വഴങ്ങി എസ്. രമേശന് നായരുടെ പാട്ടുകള്‍ ചിട്ടപ്പെടുത്തി.
് ‘മയില്‍പീലി’ എന്ന ആ കാസറ്റിലെ ‘രാധതന്‍ പ്രേമത്തോടാണോ’ എന്നതടക്കമുള്ള കൃഷ്ണഭക്തിഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായി. അതേത്തുടര്‍ന്നാണ് സംഗീതരംഗത്തേയ്ക്ക് തിരികെയെത്തുന്നത്.
ശബരിമല തിരുവാഭരണ ഘോഷയാത്ര പമ്പയില്‍ എത്തുമ്പോള്‍ സന്നിധാനത്ത് ജയവിജയന്മാരുടെ കച്ചേരി നടത്തുക പതിവായിരുന്നു. 30 വര്‍ഷം അവിടെ ഇരുവരും ഒരുമിച്ചു പാടി്. വിജയന്റെ മരണശേഷം 14 വര്‍ഷം ജയന് തനിച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: