കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്ലിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചു. എന്നാല്‍ എംഡി ശശിധരന് കര്‍ത്ത ഹാജരായില്ല.
ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുരേഷ്കുമാര്‍, മാനേജര്‍ ചന്ദ്രശേഖരന്, ഐടി വിഭാഗം മേധാവി അഞ്ജു എന്നിവരാണ് ഇന്നലെ രാവിലെ ഇ ഡി ഓഫീസിലെത്തിയത്. ഈ മാസം എട്ടിന് ഹാജരാകാനാണ് നേരത്തേ ആവശ്യപ്പെട്ടതെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല.
കരിമണല്‍ കമ്പനി സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത അടക്കം നാലു പേര്‍ക്കാണ് ഇന്നലെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. ഇ ഡി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതിയും തള്ളിയിരുന്നു. സിഎംആര്‍എല്ലും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും തമ്മിലെ സാമ്പത്തിക ഇടപാടിന്റെ രേഖകളും പണം കൈമാറിയ ഇന്‍വോയ്സുകളും ലെഡ്ജര്‍ അക്കൗണ്ടും ഹാജരാക്കാന്‍ ഇ ഡി നിര്‍ദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടെ എക്സാലോജിക്കിന് 1.72 കോടി രൂപ സിഎംആര്‍എല്‍ നല്കിയതു സംബന്ധിച്ച രേഖകളാണ് ഹാജരാക്കിയത്. ഇല്ലാത്ത സേവനത്തിനുള്ള പ്രതിഫലമാണിതെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് ഇ ഡി കേസെടുത്ത് നോട്ടീസ് നല്‍കുകയായിരുന്നു.
ആദായ നികുതി വകുപ്പ് പരിശോധനയിലെ വിവരങ്ങളുടെയും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണങ്ങള്‍ക്കും പിന്നാലെയാണ് ഇ ഡിയും കേസെടുത്തത്. 1.72 കോടി രൂപ തവണകളായി നല്‍കിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. പണം നല്‍കിയത് എന്തു സേവനത്തിനെന്നു വ്യക്തമാക്കാന്‍ ബാങ്ക് രേഖകളും രണ്ടു കമ്പനികളും തമ്മിലുള്ള കരാറുകളും ഉള്‍പ്പെടെയുള്ളവ ഹാജരാക്കാനാണ് ഇ ഡി നിര്‍ദേശിച്ചത്. വീണയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: