ടൊറന്റോ: അഞ്ച് തവണ ലോകചാമ്പ്യനായ മാഗ്നസ് കാള്സന് ഈയിടെ കാന്‍ഡിഡേറ്റ്സ് ചെസില്‍ ആര് ചാമ്പ്യനാവും എന്നത് സംബന്ധിച്ച് നടത്തിയ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തുകയാണ് ഇന്ത്യയുടെ കൗമാരതാരങ്ങളായ ഗുകേഷും പ്രജ്ഞാനന്ദയും. 17കാരനായ ഗുകേഷും 18 കാരനായ പ്രജ്ഞാനന്ദയും ടൂര്‍ണ്ണമെന്റ് ഒമ്പത് റൗണ്ട് പിന്നിട്ടപ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുകയാണ്. ഇനി അഞ്ച് റൗണ്ടുകള്‍ കൂടിയേ ബാക്കിയുള്ളൂ. അസാമാന്യമായ പക്വതയോടെയാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ ഇവര്‍ കളിക്കുന്നത്. ഉറപ്പായ ഗെയിമുകള്‍ വിജയിച്ചും അല്ലാത്തവ സമനില പിടിച്ചും സ്ഥാനങ്ങള്‍ വിട്ടുകൊടുക്കാതെ ഉറപ്പിക്കുകയാണ് ഇരുവരും. ഇപ്പോള്‍ ചെസിലെ ലോകകിരീടം കയ്യാളിയിരിക്കുന്ന ചൈനീസ് താരം ഡിങ് ലിറനെ ലോകകിരീടത്തിന് വേണ്ടി വെല്ലുവിളിക്കുക കാന്‍ഡിഡേറ്റ്സിലെ ചാമ്പ്യനാണ്.
ഇത്തവണ കാന്‍ഡിഡേറ്റ്സ് കിരീടം യുഎസ് താരങ്ങളായ ഫാബിയാനോ കരുവാനയോ ഹികാരു നകാമുറയോ നേടുമെന്നായിരുന്നു മാഗ്നസ് കാള്‍സന്റെ പ്രവചനം. ലോകറാങ്കിങ്ങില്‍ രണ്ടും മൂന്നും റാങ്കുകാരാണ് ഫാബിയാനോ കരുവാനയും ഹികാരു നകാമറയും. ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്സന് മത്സരിക്കുന്നില്ല. അതേ സമയം ഇന്ത്യന്‍ താരങ്ങളായ പ്രജ്ഞാനന്ദയോ ഗുകേഷോ കിരീടം നേടാന്‍ സാധ്യതയില്ലെന്നും മാഗ്നസ് കാള്സണ് പറഞ്ഞിരുന്നു. മറ്റൊരു ഇന്ത്യന്‍ താരമായ വിദിത് ഗുജറാത്തി മോശം പ്രകടനം കാഴ്ചവെയ്ക്കുമെന്നും മാഗ്നസ് കാള്സന് പ്രവചിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഈ കൗമാരതാരങ്ങള്‍ ഫാബിയോന കരുവാനയെയും ഹികാരു നകാമുറയെയും അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിക്കുകയായിരുന്നു കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍.
ഏഴാം റൗണ്ടില്‍ വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച പാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സ് ശൈലിയില്‍ അനാസായമാണ് പ്രജ്ഞാനന്ദ സമനിലയില്‍ തളച്ചത്. നാലം റൗണ്ടില്‍ ഗുകേഷും ഫാബിയാനോ കരുവാനയെ സമനിലയില്‍ തളച്ചിരുന്നു. അതേ സമയം ഇന്ത്യയുടെ മറ്റൊരു ഗ്രാന്റ്മാസ്റ്ററായ വിദിത് ഗുജറാത്തി രണ്ട് തവണയാണ് ഹികാരും നകാമുറയെ തോല്പിച്ചത്. അനായാസമാണ് വിദിത് വിജയം കൊയ്തത്.
അതേ സമയം ഗുകേഷ് ഹികാരു നകാമുറയെ സമനിലയില്‍ പിടിക്കുകയായിരുന്നു. പ്രജ്ഞാനന്ദയും ഹികാരു നകാമുറയുമായി സമനില പാലിച്ചു. എല്ലാവരേയും അത്ഭുതപ്പെടുത്തി റഷ്യയുടെ ഇയാന്‍ നെപ്പോമ്നെഷി ഗുകേഷിനൊപ്പം ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നുണ്ട്. ഇയാന്‍ നെപ്പോമ്നെഷി ഗുകേഷിനോടും പ്രജ്ഞാനന്ദയോടും ഏറ്റുമുട്ടുമ്പോള്‍ പതറിയതാണ്. പലപ്പോഴും സമനിലയിലൂടെ രക്ഷപ്പെടുകയായിരുന്നു.
കാന്‍ഡിഡേറ്റ്സില്‍ ഇപ്പോള്‍ പിറകിലാണെങ്കിലും അപകടകാരിയായ കളിക്കാരനാണ് ഫ്രാന്‍സിന്റെ അലിറെസ ഫിറൂജ്സ്. ഗുകേഷിനെ ഏഴാം റൗണ്ടില്‍ തോല്പിച്ചെങ്കിലും അലിറെസയ്ക്ക് പ്രജ്ഞാനന്ദയുമായി സമനില വഴങ്ങേണ്ടി വന്നു.
ഒമ്പത് റൗണ്ട് കഴിഞ്ഞപ്പോള്‍, കാന്‍ഡിഡേറ്റ്സ് കിരീടം നേടുമെന്ന് കാള്സന് പ്രവചിച്ച യുഎസ് താരങ്ങളായ ഫാബിനാനോ കരുവാന അഞ്ചാം സ്ഥാനത്തും ഹികാരു നകാമുറ മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ താരം ഗുകേഷും റഷ്യയുടെ ഇയാന്‍ നെപ്പോമ്നെഷിയും അഞ്ചര പോയിന്റോടെ ഒന്നാം സ്ഥാനത്തും അഞ്ച് പോയിന്റ് നേടി പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: