‘ദി കേരള സ്റ്റോറി’ എന്ന സിനിമ ചില അതിരൂപതകളുടെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലെ വിദ്യാര്‍ത്ഥികളെ കാണിച്ചത് വലിയൊരു അപരാധമായി എന്നു പറഞ്ഞുകൊണ്ട്, കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രസ്താവന പത്രങ്ങളില്‍ വായിച്ചു. എന്തായാലും, ഈയാളുകളെല്ലാം ഇപ്പോഴും നമ്മുടെ നാട്ടില്‍ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. മനുഷ്യ മനസ്സാക്ഷിയെ വേദനിപ്പിക്കുന്ന, ക്രൂരവും ദയനീയവും സംഭവബഹുലവുമായ ഒട്ടേറെ ദുഷ്ചെയ്തികള്‍ ഈ കൊച്ചു കേരളത്തില്‍ നിരന്തരമുണ്ടായിട്ടും, ഇത്തരക്കാരുടെ യാതൊരു ഉരിയാടലും കാണാത്തതുകൊണ്ട്, ഇവരെല്ലാം സ്വസ്ഥജീവിതം കൊതിച്ച് വല്ല സിറിയയിലോ അഫ്ഗാനിസ്ഥാനിലോ, ചുരുക്കം പാക്കിസ്ഥാനിലെങ്കിലുമോ എത്തിയിരിക്കും എന്ന് വിചാരിച്ചതായിരുന്നു.
എന്തു ചെയ്യാന്‍….അവിടങ്ങളിലേയ്ക്ക് ചേക്കേറി സൗഭാഗ്യജീവിതം നയിക്കാന്‍ ഭാഗ്യമില്ലാത്തവരായിപ്പോയല്ലൊ ഈ പാവങ്ങള്‍. ക്രൂരനായ മോദി ഭരിക്കുന്ന രാജ്യത്ത്, ഭൂരിപക്ഷ ജനതയുടെ പീഡനത്തിനിരയായി കഷ്ടപ്പെടാന്‍ ഇവരെന്ത് തെറ്റ് ചെയ്തെന്റെ തമ്പുരാനേ…?
കുറേക്കാലമായി ഇവരെ കാണാന്‍ കൊതിച്ചിരിക്കയായിരുന്നു. കണ്ണൂരിലെ പാനൂരില്‍ കഴിഞ്ഞാഴ്ച ബോംബ് നിര്‍മ്മാണത്തിനിടെ അത് പൊട്ടി, ഒരു സഖാവ് കൊല്ലപ്പെട്ടപ്പോള്‍ ഇവര്‍ മാളത്തില്‍ നിന്ന് പുറത്തുവരുമെന്ന് കരുതി. സഖാക്കള്‍ക്കെതിരെ ആര്‍എസ്എസുകാര്‍ ചെയ്തതാണെന്ന് പറഞ്ഞെങ്കിലും വായ തുറക്കുമെന്ന് കരുതി. എവിടെ? ഡിവൈഎഫ്ഐക്ക് ബോംബ് നിര്‍മ്മാണത്തില്‍ പങ്കില്ലെന്ന് ആദ്യം പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ നേതാക്കളാണ് ബോംബുനിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയതെന്ന് തെളിഞ്ഞപ്പോള്‍, ഡിവൈഎഫ്ഐ, സിപിഎമ്മിന്റെ പോഷക സംഘടനയല്ല എന്ന കാപ്സ്യൂളാണ് അവസാനം ഇറക്കിയിരിക്കുന്നത്. ആ പ്രസ്താവനക്ക് അഭിവാദ്യം അര്‍പ്പിച്ച് ഒരു പ്രസ്താവനയെങ്കിലുമാവാമായിരുന്നു.
വയനാട് വെറ്റിറിനറി കോളജിലെ സിദ്ധാര്ത്ഥന് എന്ന പാവത്തിനെ എസ്എഫ്ഐക്കാര്‍ കൊലക്കയറിലേയ്ക്ക് എറിഞ്ഞു കൊടുത്തിട്ട് ഒരു മാസമായില്ലല്ലൊ. അന്നും ഈ സാംസ്കാരികന്മാരുടെ പ്രകടനം പ്രതീക്ഷിച്ചു. അല്ലെങ്കിലും, ഡിവൈഎഫ്ഐക്കാരും എസ്എഫ്ഐക്കാരുമായ കുട്ടികളുടെ വഴക്കില്‍ ബുദ്ധിയുള്ളവര്‍ ഇടപെടരുതെന്ന കഥ മുന്നേ പഠിച്ചവരാണല്ലൊ കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍.
ഈയടുത്ത ദിവസം ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ സംഭവത്തിലും ഇവര്‍ക്ക് യാതൊരു വേവലാതിയുമുണ്ടായില്ല. മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ വീണ കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയ വാര്‍ത്ത ഇവരാരും കണ്ടും കേട്ടുമില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഭാര്യക്ക് കൂട്ടിരിക്കാന്‍ വന്ന വനവാസി യുവാവിനെ, ‘വനവാസിയെങ്കില്‍ അവന്‍തന്നെ കള്ളന്’ എന്ന തത്വം പറഞ്ഞ് സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ചതും, മാനഹാനിയെത്തുടര്‍ന്ന് അദ്ദേഹം കെട്ടിത്തൂങ്ങി മരിച്ചതും (അതോ കെട്ടിത്തൂക്കിയതോ?) ഈ സാംസ്കാരിക നായകരില്‍ ഒരു വികാരവും സൃഷ്ടിച്ചില്ല കെട്ടോ. അല്ല, അട്ടപ്പാടിയിലെ മധുവെന്ന ആദിവാസി യുവാവിനെ ഒരു പിടി അരി മോഷ്ടിച്ചതിന് തല്ലിക്കൊന്നപ്പോള്‍ പ്രതികരിക്കാത്തവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുമെന്ന് കരുതിയ എന്നെ വേണമല്ലൊ തല്ലാന്‍.
ഒമ്പതും, പതിമൂന്നും വയസുള്ള ദളിത് സഹോദരിമാരെ പീഡനത്തിനിരയാക്കിയ ശേഷം മൂന്നു മാസത്തിനുള്ളില്‍ രണ്ട് സംഭവങ്ങളിലായി കെട്ടിത്തൂക്കിയ വാളയാറിലെ ദാരുണ സംഭവം മറക്കാന്‍ കഴിയില്ല. ആ കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലില്‍ പിടിച്ച് അപേക്ഷിച്ചിട്ടുപോലും അന്വേഷണം നേര്‍വഴിക്കു പോയില്ല. അല്ല, ഇത്തരം നിസ്സാര കാര്യങ്ങള്‍ക്ക് ഒപ്പിടാനുള്ളതല്ലല്ലോ ഈ പ്രസ്താവനക്കാരുടെ പേനയിലെ മഷി.
ബ്ലാക്ക് മാജിക്കിന് വശംവദരായി മൂന്ന് മലയാളി യുവജനങ്ങള്‍ കഴിഞ്ഞാഴ്ച മരണം വരിച്ചപ്പോഴും, ആഭിചാര ക്രിയയുടെ ഭാഗമായി നാല് മാസങ്ങള്‍ക്കുള്ളില്‍ രണ്ട് സംഭവങ്ങളിലായി നാല് കൊലപാതകങ്ങള്‍ സംസ്ഥാനത്ത് നടന്നപ്പോഴും നമ്മുടെ സാംസ്കാരിക നായകര്‍ക്ക് ഒരു ഞെട്ടലും അനുഭവപ്പെട്ടില്ല. (ഇതിലൊരു സംഭവത്തിലെ പ്രതി സിപിഎമ്മിന്റെ പ്രാദേശിക ഘടകം സെക്രട്ടറിയായിരുന്നെന്നതാണ് ഏറെ കൗതുകകരം.)
‘ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന, ക്യാപ്റ്റന്‍ നേതൃത്വം നല്കുന്ന, നമ്പര്‍ വണ്‍, മതേതര കേരളത്തില്‍’ ഇങ്ങിനെ സംഭവങ്ങള്‍ എണ്ണിയെണ്ണിപ്പറയാന്‍ ഇനിയുമേറെയുണ്ട്. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും മൗനം വെടിയാതിരുന്നവരാണിപ്പോള്‍ ഒരു സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രസ്താവനയുമായി ഇറങ്ങിയിരിക്കുന്നത്. ഇതില്‍ ഒട്ടുമിക്കവരും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലപ്പട്ടം അണിയുന്നവരാണേ. തങ്ങളുടെ മക്കള്‍ വഴി തെറ്റാതിരിക്കട്ടെ എന്ന് കരുതി അച്ചന്മാര് കുട്ടികള്‍ക്ക് ഒരു സിനിമ കാണിച്ചു കൊടുത്തപ്പോള്‍, അതിനെതിരെ ഉച്ചത്തില്‍ കുരച്ചു കൊണ്ട് ഈ സാംസ്കാരിക കൂട്ടം കൂട്ടില്‍നിന്ന് പുറത്തിറങ്ങിയല്ലൊ. കഴിച്ച ചോറിനുള്ള കൂലിയാണെന്ന് മനസ്സിലായി. പക്ഷേ, ചോറു തന്ന യജമാനന് ചൈനയോ സിറിയയോ എന്നേ സംശയമുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: