ബെഗുസാരായി(ബിഹാര്‍): ഭീകരതയ്ക്കെതിരെ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെ പോലും കോണ്‍ഗ്രസ് എതിര്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.
തീവ്രവാദികള്‍ക്ക് എതിരെ നടപടി ഉണ്ടായാല്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും മോദി സര്‍ക്കാരിനെ ആക്രമിക്കുകയാണ്. പ്രീണനരാഷ്ട്രീയം നടത്തി സ്വയം മതേതരര്‍ എന്ന് വിളിക്കുകയാണ് കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രീണനത്തിന്റെ, മതേതരത്വത്തിന്റെ പേരില്‍ സനാതന ധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ രാഷ്ട്രം എക്കാലവും മതേതരമാണെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബീഹാറിലെ 40 സീറ്റുകളിലും ബിജെപി – എന്‍ഡിഎ സഖ്യം വിജയക്കൊടി പാറിപ്പിക്കുമെന്നും ഗിരിരാജ് സിങ് പറഞ്ഞു. കഴിഞ്ഞ തവണ എന്‍ഡിഎ സഖ്യം സംസ്ഥാനത്തെ 39 സീറ്റു കളാണ് നേടിയത്. എന്നാല്‍ ഇത്തവണ അതു 40 ആകും. കോണ്‍ഗ്രസിനും ഇന്‍ഡി സഖ്യത്തിനും പ്രീണനമല്ലാതെ, ബിഹാറിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിനായി ഒന്നും ചെയ്യാനാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നാം തവണയും ജനം അധികാരത്തിലേറ്റുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം പ്രീണനരാഷ്ട്രീയത്തില്‍ മുഴുകുകയാണെന്നും ഗിരിരാജ് സിങ് ആരോപിച്ചു.
ഏഴ് ഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍. ആകെയുള്ള 40ല്‍ നാല് മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം മുതല്‍ അഞ്ചാം ഘട്ടം വരെ അഞ്ച് മണ്ഡലങ്ങള്‍ വീതം വോട്ട് രേഖപ്പെടുത്തും. ആറ്, ഏഴ് ഘട്ടങ്ങളില്‍ എട്ട് മണ്ഡലങ്ങള്‍ വീതവും ജനവിധി രേഖപ്പെടുത്തും.
2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി, ജെഡിയു, എല്‍ജെപി സഖ്യം 39 സീറ്റ് നേടിയപ്പോള്‍ ബിജെപി 17 സീറ്റും 24.1% വോട്ടും നേടി. ജെഡിയുവിന് 16 സീറ്റും 22.3% വോട്ടും എല്‍ജെപിക്ക് ആറ് സീറ്റും എട്ട് ശതമാനം വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസ്, ആര്‍ജെഡി, ആര്‍എല്‍എസ്പി എന്നിവരുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഒരു സീറ്റ് മാത്രമാണ് അന്ന് നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: