കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ദുരുപയോഗം നടത്തിയ സംഭവത്തില്‍ കോടതിയെ വിമര്‍ശിച്ച അതിജീവിതയെ പിന്തുണച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. സ്വകാര്യത മൗലിക അവകാശമാണെന്നും അത് സംരക്ഷിക്കേണ്ട നീതിന്യായവ്യവസ്ഥ തന്നെ ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോയെന്നും ഡബ്ല്യു.സി.സി ചോദിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
2017ല്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുളള മെമ്മറി കാര്‍ഡില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നു എന്ന സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുമുള്ള വെളിപ്പെടുത്തല്‍ നീതിബോധമുള്ള ഏതൊരു വ്യക്തിയെയും ഞെട്ടിക്കുന്നതാണെന്ന് കുറിപ്പില്‍ പറയുന്നു. കോടതി അവളുടെ മാന്യതയെ ഹനിക്കുന്ന വീഡിയോ ഫൂട്ടേജുകള്‍ കാണാന്‍ ആരേയും അനുവദിക്കില്ല’ എന്നതായിരുന്നു ഞങ്ങളുടെ വിശ്വാസം.
കോടതിയുടെ സുരക്ഷയിലിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു പല തവണ മാറി എന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍ അവളെ മാത്രമല്ല സമാന സാഹചര്യത്തില്‍ നീതിക്കായി പോരാടുന്ന മുഴുവന്‍ സ്ത്രീകളെയും മുറിവേല്‍പ്പിച്ചിരിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ഡബ്ലിയു സി സി പറയുന്നു.
അവള് എഴുതിയതു പോലെ ”ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയാണ് നീതിന്യായ വ്യവസ്ഥ.” സന്ധിയില്ലാതെ അവള് നടത്തുന്ന നിയമയുദ്ധത്തെ നീതിപീഠം കണ്ടില്ലെന്ന് നടിക്കില്ല എന്നു തന്നെ ഞങ്ങള്‍ കരുതുന്നു. ഈ നികൃഷ്ടമായ നിയമലംഘനത്തെ അതിശക്തമായി അപലപിക്കുകയും കര്‍ക്കശമായ ശിക്ഷണനടപടികള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഏറെ നിസഹായതയോടെ എന്നാല്‍ പ്രത്യാശ നശിക്കാതെ പോരാടുന്ന സഹപ്രവര്‍ത്തകയ്ക്ക് ഒപ്പം ഞങ്ങള്‍ നിലകൊള്ളുന്നു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
വനിതാ മജിസ്ട്രേട്ട് ലീന റഷീദ്, ക്ലര്‍ക്ക്, ശിരസ്തദാര്‍ എന്നിവരാണ് അനധികൃതമായി മെമ്മറി കാര്‍ഡ് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: