ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് പോരിന്റെ കളം മാറുകയാണ്. അജണ്ടകള്‍ ബിജെപി സെറ്റ് ചെയ്യുകയും അതിന് പിന്നാലെ പരാജയഭീതി പൂണ്ട ഇടത് വലതുനേതാക്കള്‍ പരക്കം പായുകയും ചെയ്യുന്നു. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ സ്വരം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബിജെപിക്കെതിരെ സംസാരിക്കുന്നത് ഒറ്റ സ്വരത്തില്‍. രണ്ടുകൂട്ടര്‍ക്കും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് പറയാന്‍ മറ്റൊന്നുമില്ല. ഇതാദ്യമായാണ് കേരളത്തിന്റെ തെരഞ്ഞെടുപ്പ് കളത്തില്‍ ബിജെപിക്ക് ഇത്രമേല്‍ മേല്‍ക്കൈ കിട്ടുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകരും കണക്കുകള്‍ നിരത്തുന്നു.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്കും എതിരെ വ്യാജ ആരോപണങ്ങളുമായി എതിരാളികള്‍ രംഗത്തുവരുന്നു. നിയമനടപടിക്ക് ഒരുങ്ങിയപ്പോള്‍ തരൂര്‍ പറഞ്ഞത് വിഴുങ്ങുന്നു. രാജീവിനെതിരെ ആരോ പറഞ്ഞുകേട്ടത് പറയുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ ‘ആഗോള നായകന്‍’ ചാനലിന് മുന്നില്‍ കുമ്പസരിക്കുന്നത്. അനില്‍ ആന്റണിയെ തോല്പിക്കാന്‍ എണ്‍പത്തിനാല് കഴിഞ്ഞ ആന്റണിയെത്തന്നെ കളത്തിലിറക്കി. പോരാത്തതിന് സൂര്യനെല്ലി പീഡനത്തില്‍ ആരോപണ വിധേയനായ പി.ജെ. കുര്യനെയും വിവാദ ഇടനിലക്കാരെയും വരെ പോരുകോഴികളാക്കി. ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനെതിരെ ചാനല്‍ മുതലാളിമാരെ രംഗത്തിറക്കി കള്ളവാര്‍ത്തകള്‍ സൃഷ്ടിച്ചു. ആറ്റിങ്ങലില്‍ വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ഗുണ്ടകളെ അഴിച്ചുവിട്ടു.
തൃശ്ശൂരില്‍ സുരേഷ്‌ഗോപി നടക്കുന്നതും ഇരിക്കുന്നതും ചിരിക്കുന്നതും വരെ വിവാദമാക്കി. അദ്ദേഹത്തിന്റെ മകളുടെ കല്യാണം മുതല്‍ പള്ളിയിലെയും അമ്പലത്തിലെയും സന്ദര്‍ശനങ്ങള്‍ വരെ ചാനല്‍ ചര്‍ച്ചക്കാരുടെ ഗുസ്തിമുറികളില്‍ കോലാഹലം സൃഷ്ടിച്ചു. ആലത്തൂരിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്രഖ്യാപനംതന്നെ പലരെയും അലോസരപ്പെടുത്തി. പ്രൊഫ. ടി.എന്‍. സരസു രംഗത്തെത്തിയതോടെ എല്‍ഡിഎഫിന്റെ അക്രമരാഷ്‌ട്രീയം വീണ്ടും ചര്‍ച്ചയായി. കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിനെയും പൊന്നാനിയില്‍ അഡ്വ. നിവേദിതാ സുബ്രഹ്മണ്യനെയും എസ്എഫ്‌ഐക്കാരെ ഇളക്കിവിട്ട് അവഹേളിക്കാന്‍ ശ്രമിച്ചു.
പ്രധാനമന്ത്രി കേരളത്തില്‍ വരുന്നത് മുതല്‍ ദൂരദര്‍ശനില്‍ കേരളസ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത് വരെ ഇടതിനെയും വലതിനെയും വല്ലാതെ പേടിപ്പിക്കുന്നു. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി അതിരൂപതയ്‌ക്കെതിരെ, പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ തലശ്ശേരി, താമരശ്ശേരി രൂപതകള്‍ക്കെതിരെയൊക്കെ രാഷ്‌ട്രീയ അസഭ്യങ്ങളുമായി നേതാക്കള്‍ രംഗത്തിറങ്ങി. സിഎഎയുടെ പേരും പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പിന്നെയും മതവര്‍ഗീയത ഇളക്കിവിടുന്നു. എല്ലാറ്റിനുമൊടുവില്‍ പിണറായിയുടെയും സതീശന്റെയും നേതാവ് രാഹുല്‍ മത്സരിക്കുന് വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ഗണപതിവട്ടം എന്ന് പറഞ്ഞതും അവരെ പേടിപ്പിക്കുന്നു.
വികസനത്തിന്റെ മോദി ഗ്യാരന്റിയുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന എന്‍ഡിഎയുടെ പ്രഭാവമാണ് എവിടെയും ചര്‍ച്ചാവിഷയം. മുന്‍കാലങ്ങളില്‍ ഇടതും വലതും പരസ്പരം മത്സരിച്ചിടുന്നിടത്തുനിന്ന് ഇപ്പോള്‍ രണ്ടുകൂട്ടരും ചേര്‍ന്ന് ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുന്നു. ബിജെപി നേതാക്കള്‍ എന്ത് പറയുന്നുവെന്ന് നോക്കി അത് ചര്‍ച്ചയാക്കാനാണ് മാധ്യമങ്ങളും മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: