ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക- സങ്കല്പ് പത്ര, ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പ്രകാശനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നും സംസ്ഥാനത്തെ രണ്ട് ലോക്സഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും നദ്ദ അഭിപ്രായപ്പെട്ടു. ബിജെപിയുടെ സങ്കല്പ് പത്ര അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അരുണാചല്‍പ്രദേശിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള നയ രേഖയാ ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവാക്കള്‍ക്കും വനിതകള്‍ക്കും സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളിലായി വര്‍ഷത്തില്‍ 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ഉജ്ജ്വല പദ്ധതി വഴി 400 രൂപ സബ്സിഡി നിരക്കില്‍ എല്‍പിജി സിലിണ്ടറുകള്‍ ലഭ്യമാക്കും. ഇറ്റാനഗറില്‍ 2000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഐടി പാര്‍ക്ക്, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ അരുണ്ശ്രീ മിഷന് പദ്ധതി, പ്രധാനമന്ത്രി അന്നയോജനയ്ക്ക് കീഴില്‍ 8,50,000 പേര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണം എന്നിവയും പ്രകടനപത്രികയിലെ പ്രധാന വാഗ്ദാന ങ്ങളാണ്.
റോഡ്, റെയില്‍, വ്യോമ ശൃംഖലകള്‍ വഴിയുള്ള കണക്ടിവിറ്റി ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന അരുണാചല്‍ ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും. വിദ്യാഭ്യാസ- ആരോഗ്യ സൗകര്യങ്ങളുടെ നവീകരണത്തിനായി 1,000 കോടി രൂപ വീതം മാറ്റിവയ്ക്കും. കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് കീഴിലുള്ള ധനസഹായം 6,000 രൂപയില്‍ നിന്ന് 9,000 രൂപയായി ഉയര്‍ത്തും. സാഹസിക വിനോദ സഞ്ചാരത്തിന്റെ പ്രധാനകേന്ദ്രമായി സംസ്ഥാനത്തെ മാറ്റുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. മുഖ്യമന്ത്രി പേമ ഖണ്ഡു, ബിജെപി സംസ്ഥാന പ്രസിഡന്റ് ബിയൂറാം വാഗെ എംഎല്‍എ, ആസാം മന്ത്രി അശോക് സിംഗാള്‍ തുടങ്ങിയവരും സങ്കല്പ പത്ര പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: