മുംബൈ: ശരദ് പവാര്‍ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച പവാര്‍ കുടുംബത്തിന്റെ അധികാരകേന്ദ്രമായ ബാരാമതിയില്‍ മകള്‍ സുപ്രിയ സുലെയെ കെട്ടുകെട്ടിക്കാന്‍ ദൃഢനിശ്ചയവുമായി ബിജെപി. ശരദ് പവാര്‍ എന്ന രാഷ്‌ട്രീയ ചാണക്യന്റെ രാഷ്‌ട്രീയജീവിതം അവസാനിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതിന്റെ തുടക്കമായിരുന്നു എന്‍സിപിയെ നെടുകെ പിളര്‍ന്നത്. അതിന്റെ അന്ത്യമാണ് മകള്‍ സുപ്രിയ സുലെയെ ബാരാമതിയില്‍ തോല്‍പിക്കല്‍.
കഴിഞ്ഞ ദിവസം അജിത് പവാര്‍ പ്രസംഗിച്ചത് ഇങ്ങിനെയാണ്:”മൂന്ന് തവണ നിങ്ങള്‍ ശരദ് പവാറിന്റെ മകളെ ജയിപ്പിച്ചു. ഇത്തവണ ശരത് പവാറിന്റെ മരുമകളെ ബാരാമതിയില്‍ ജയിപ്പിക്കണം.” ബാരാമതിയിലെ ജനങ്ങള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത പോരാട്ടം. “ആദ്യം നിങ്ങള്‍ എന്നെ ജയിപ്പിച്ചു. പിന്നെ ബാരാമതിയില്‍ നിന്നും ശരദ് പവാറിനെ ജയിപ്പിച്ചു. പിന്നീട് മൂന്ന് വട്ടം ശരദ് പവാറിന്റെ മകളെ ജയിപ്പിച്ചു. ഇക്കുറി ശരദ് പവാറിന്റെ മരുമകളെ കൂടി ജയിപ്പിക്കൂ. അതോടെ പവാര്‍ കുടുംബത്തിലെ എല്ലാവരും സന്തുഷ്ടരാകും”.- അജിത് പവാര്‍ പ്രസംഗിച്ചപ്പോള്‍ ബാരാമതിക്കാര്‍ കയ്യടിച്ചു.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 105 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഉദ്ധവ് താക്കറെയെ കൂട്ടുപിടിച്ച് അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തിയ ശരദ് പവാര്‍ തന്ത്രം ബിജെപിയ്‌ക്ക് എളുപ്പം മറക്കാന്‍ കഴിയില്ല. ഉദ്ധവ് താക്കറെയ്‌ക്ക് മുഖ്യമന്ത്രിക്കസേര വാഗ്ദാനം ചെയ്താണ് ശരദ് പവാര്‍ ആ ലക്ഷ്യം കൈവരിച്ചത്. ഇപ്പോള്‍ പവാര്‍ കോട്ടയില്‍ സ്വന്തം മകളെ തന്നെ തോല്‍പിച്ച് മധുരപ്രതികാരം ചെയ്യാനുള്ള ശ്രമത്തിലാണ് ബിജെപി. അതിനായി ബാരാമതിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നിരിക്കുന്നത് ശരദ് പവാറിന്റെ മരുമകന്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ. സ്വന്തം മകളും മരുമകന്റെ ഭാര്യയും ബാരാമതി ലോക് സഭാ മണ്ഡലത്തില്‍ ഏറ്റുമുട്ടുന്നത് കാണാനുള്ള കരുത്ത് ശരദ് പവാറിന് ഉണ്ടാവില്ല. ബിജെപി ആഗ്രഹിക്കുന്നത് അച്ഛനെ രാഷ്‌ട്രീയത്തില്‍ നിന്നും ഇല്ലാതാക്കുകയാണെന്ന് പവാറിന്റെ മകള്‍ സുപ്രിയ സുലെ പറഞ്ഞത് അതിനാലാണ്.
ബാരാമതി പവാര്‍ കുടുംബത്തിലെ വര്‍ഷങ്ങളായി മറ്റാര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത കോട്ടയാണ്. അവിടെയാണ് ബിജെപി പവാര്‍ കുടുംബത്തിലെ തന്നെ ശക്തയായ സ്ത്രീ സ്ഥാനാര്‍ത്ഥിയുമായി കടന്നുവരുന്നത്. ബാരാമതിയില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന് ഏക്നാഥ് ഷിന്‍ഡേ ശിവസേന ഗ്രൂപ്പിന്റെയും ബിജെപിയുടെയും പിന്തുണ ഉണ്ട്.
ബാരാമതിയിലെ ഈ തെരെഞ്ഞെടുപ്പ് പോരാട്ടത്തോടെ ശരദ് പവാര്‍ കുടുംബത്തിന്റെ പിളര്‍പ്പ് കൂറെക്കൂടി ആഴത്തിലാക്കും. ഇതാദ്യമായാണ് രണ്ട് പ്രധാന പവാര്‍ കുടുംബാംഗങ്ങള്‍ മുഖാമുഖം ഏറ്റുമുട്ടുന്നത്.
2019ല്‍ സുപ്രിയ സുലെയുടെ പ്രധാന എതിരാളി ബിജെപി സ്ഥാനാര്‍ത്ഥി കാഞ്ചന്‍ രാഹുല്‍ കൂല്‍ ആയിരുന്നു. അന്ന് സുപ്രിയ സുലെ 1,55,774 വോട്ടുകള്‍ക്കാണ് ജയിച്ചത്. പക്ഷെ ഇക്കുറി ശരദ് പവാറിന്റെ മകള്‍ക്ക് പോരാട്ടവും വിജയവും എളുപ്പമായിരിക്കില്ല.
ആരാണ് സുനേത്ര പവാര്‍?
ശരദ് പവാറിന്റെ മരുമകന്‍ അജിത് പവാറിന്റെ ഭാര്യ എന്നത് മാത്രമല്ല സുനേത്ര പവാറിന്റെ മേല്‍വിലാസം. ഒരിയ്‌ക്കല്‍ ശരദ് പവാറിന്റെ വലം കയ്യും മുന്‍ മഹാരാഷ്‌ട്ര മന്ത്രിയുമായിരുന്ന പദം സിംഗ് പാട്ടീലിന്റെ സഹോദരി കൂടിയാണ് സുനേത്ര. ജൈവകൃഷി, ജൈവവളം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യസന്നദ്ധ സംഘടന നടത്തുന്ന സുനേത്ര ബാരാമതിക്കാര്‍ക്ക് സുപരിചിതയാണ്. ഇന്ത്യയില്‍ പരിസ്ഥിതി മലിനീകരണമില്ലാത്ത ഗ്രാമങ്ങള്‍ വാര്‍ത്തെടുക്കുന്നതിലും സുനേത്ര പവാര്‍ മുന്‍കയ്യെടുക്കുന്നു. വിദ്യാപ്രതിഷ്ഠാന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ട്രസ്റ്റി കൂടിയാണ്. ഫ്രാന്‍സില്‍ നടന്ന ലോക വ്യവസായസംരംഭക ഫോറത്തില്‍ പങ്കെടുത്തിട്ടുണ്ട്.
2019ല്‍ സുപ്രിയ സുലെയോട് തോല്‍വി ഏറ്റുവാങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി കാഞ്ചന്‍ കുലിനെ സുനേത്ര പവാര്‍ കണ്ടിരുന്നു.
ബാരാമതി- ശരദ് പവാര്‍ കോട്ട
1967ല്‍ ആണ് ബാരമതി നിയോജകമണ്ഡലത്തില്‍ നിന്നും ശരദ് പവാര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 1972,1978, 1980, 1985, 1990 വര്‍ഷങ്ങളില്‍ ശരദ് പവാര്‍ ജയിച്ചു. ഇതേ ബാരാമതി ലോക് സഭാ മണ്ഡലത്തിലും ശരദ് പവാര്‍ 1984,1996, 1998,1999, 2004 വര്‍ഷങ്ങളില്‍ ജയിച്ചു. 2009,2014,2019 വര്‍ഷങ്ങളില്‍ ബാരാമതി ലോക് സഭാ മണ്ഡലത്തില്‍ നിന്നും സുപ്രിയ സുലെ വിജയിച്ചു. അജിത് പവാര്‍ ബാരാമതി നിമയസഭാ മണ്ഡലത്തില്‍ നിന്നും ഏഴ് തവണ എംഎല്‍എ ആയി ജയിച്ചു. ഇപ്പോള്‍ സിറ്റിംഗ് എംഎല്‍എ ആണ് അജിത് പവാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: