ആലപ്പുഴ: കായംകുളത്തെ ഐഎന്‍ടിയുസി നേതാവായിരുന്ന സത്യനെ കൊലപ്പെടുത്തിയത് പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് വെളിപ്പെടുത്തി സിപിഎം നേതാവ്. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവച്ച് കൊണ്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കേസിലെ പ്രതിയുമായ ബിപിന്‍ സി ബാബു ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം പ്രതി തന്നെ സത്യം വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ഐഎന്‍ടിയുസി നേതാവുമായ സത്യന് കായംകുളം കരിയിലക്കുളങ്ങരയില്‍ വച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ടത് 2001 ലാണ് .ഈ കേസില്‍ ഏഴ് പ്രതികളെയും തെളിവില്ലെന്ന് കാട്ടി 2006 ല്‍ കോടതി വെറുതെ വിട്ടിരുന്നു.
എന്നാല്‍ കൊലപാതകം സി പി എം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് ബിപിന്‍ സി ബാബു വെളിപ്പെടുത്തിയത്. സിപിഎം കായംകുളം മുന്‍ ഏരിയാ സെന്റര്‍ അംഗവുമാണ് ബിപിന്‍ സി ബാബു. സത്യന് കൊലക്കേസിലെ ആറാം പ്രതി കൂടിയാണ്. ബിപിന്‍ സി ബാബുവിനെ അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം സിപിഎം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.
സമീപ കാലത്ത് ബിപിന്‍ സി ബാബുവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് സത്യന്റെ കൊലക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ചൂണ്ടിക്കാട്ടുന്നത്. കൊലപാതകത്തില്‍ പങ്കില്ലാതിരുന്ന 19 വയസുമാത്രം പ്രായമുണ്ടായിരുന്ന തന്നെ പ്രതി ചേര്‍ത്ത് രണ്ട് മാസം ജയിലിലിട്ടുവെന്നും കത്തില്‍ പറയുന്നു. കത്തിലെ ആരോപണങ്ങളോട് സിപിഎം പ്രതികരിച്ചിട്ടില്ല.
ബിപിന്റെ മാതാവും കായംകുളം ഏരിയാ കമ്മിറ്റി അംഗവുമായ കെ എല്‍ പ്രസന്നകുമാരിയും ഏരിയാ കമ്മിറ്റി മുന്‍ അംഗം ബി ജയചന്ദ്രനും സിപിഎമ്മില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. ആലപ്പുഴയിലെ മുതിര്‍ന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ എച്ച് ബാബുജാന്റെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നാണ് പ്രസന്ന കുമാരിയുടെ കത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: