കോട്ടയം: കോട്ടയത്തെ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ വിവാദമെല്ലാം കോംപ്രമൈസ് ആക്കി! ഓള് ആര് ഗോ ടു യുവര്ഓണ് ക്ളാസസ്.! കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിലും സംസ്ഥാന കമ്മിറ്റിയംഗം പ്രസാദ് ഉരുളികുന്നവും രാജിവച്ചതിനു പിന്നാലെ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം പി. എം.മാത്യു യു.ഡി. എഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതും കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി.തോമസ് കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മയെ വീട്ടില്‍ ചെന്നുകണ്ടതും സംബന്ധിച്ച വിവാദങ്ങളിലാണ് ഏവരും തങ്ങളുടേതായ ന്യായീകരണങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുന്നത്.
കുട്ടിയമ്മ സുഖമില്ലാതിരിക്കുന്നതിനാലാണ് താന്‍വീട്ടില്‍ ചെന്നു കണ്ടതെന്നാണ് പി.സി.പറയുന്നത്. തന്റെ പിതാവ് പി.ടി. ചാക്കോയുടെ കസിന് സിസ്റ്ററാണ് കുട്ടിയമ്മ. ആ ബന്ധുത്വം വച്ച് താന്‍ ഇടയ്ക്ക് പോയി കാണാറുണ്ടെന്നും തെരഞ്ഞെടുപ്പായതിനാല്‍ അതു വാര്ത്തയായെന്നുമാണ് തോമസിന്റെ ഭാഷ്യം. എന്നാല്‍ എല്ലാ പത്രങ്ങള്‍ക്കും കുട്ടിയമ്മയെ സന്ദര്‍ശിക്കുന്ന ചിത്രം കൊടുത്തത് ആരാണെന്നും എന്തിനാണെന്നും അദ്ദേഹം പറയുന്നില്ല.
പി.എം മാത്യു ആകട്ടെ, കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്മാന് ആയ കെ.എം ജോര്‍ജിനോടുള്ള സ്നേഹത്തിന് പുറത്താണ് അദ്ദേഹത്തിന്റെ മകന് ഫ്രാന്‍സിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിന് പോയതെന്ന് ഉറപ്പിച്ചു പറയുന്നു. തികച്ചും വ്യക്തിപരമായ അടുപ്പമാണ് ഫ്രാന്‍സിസ് ജോര്‍ജുമായിട്ടുള്ളത്. ഇതിലൊന്നും രാഷ്ട്രീയമില്ല . തന്നെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കിയെന്ന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമെന്നും മാത്യു പറയുന്നുണ്ട് . മൂന്നുവട്ടം അച്ചടക്ക നടപടി നേരിടുകയും ഫ്രാന്‍സിസ് ജോര്‍ജിനേ വോട്ട് ചെയ്യൂ എന്ന് സ്വകാര്യ സംഭാഷണത്തില്‍ ആണയിടുകയും ചെയ്യുന്ന സ്റ്റീഫന്‍ ജോര്‍ജാണോ തന്നെ യുഡിഎഫില്‍ കൂട്ടിക്കെട്ടുന്നതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
എന്നാല്‍ സൗഹൃദത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ കയറിച്ചെല്ലാന്‍ തുടങ്ങിയാല്‍ എല്ലാം കേരള കോണ്‍ഗ്രസ് ഗൂപ്പിലെയും എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി മാത്യു ഇറങ്ങേണ്ടിവരും. പി.ടി. ചാക്കോയുടെയും കെ. എം.ജോര്‍ജിന്റെയും ആര്. ബാലകൃഷ്ണപിള്ളയുടെയും കെ. എം.മാണിയുടെയും മറ്റും മക്കളും മരുമക്കളുമൊക്കെ മാത്രമാണ് സര്‍വ കേരള കോണ്ഗ്രസ്ഗ്രൂപ്പുകളിലുമുളളത്. ഇവരെല്ലാം പി.എം മാത്യുവിന് അറിയാത്തവരല്ലല്ലോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: