തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സുരക്ഷാ ഭീഷണിയില്‍. തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി തൈക്കാട് ആശുപത്രിയുടെ സ്ഥലം ഏറ്റെടുത്തിരുന്നു. ഈ ഭാഗത്ത് സുരക്ഷാമതില്‍ നിര്‍മിക്കാത്തതിനാല്‍ ഇതുവഴി ആശുപത്രിക്കുള്ളില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുകയറാവുന്ന നിലയാണ്.
നാഷണല്‍ ഹെല്‍ത്ത് മിഷന് കെട്ടിടവും കെസിആര്‍ ലബോറട്ടറിയും കെഎച്ച്ആര്‍ഡബഌൂഎസ് പേവാര്‍ഡും പഴയ ഡീലക്സ് പേവാര്‍ഡും പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധര്‍ക്കും കള്ളന്മാര്ക്കും കടന്നുകയറാനും റെയില്‍വെ ലൈനിലൂടെ രക്ഷപ്പെടാനും എളുപ്പവുമാണ്. ഇവിടെ ഏജന്റുമാര്‍ മുഖാന്തിരം നവജാതശിശുവിനെ വില്‍പ്പന നടത്തിയ സംഭവമുണ്ടായതും അടുത്തകാലത്താണ്. സമീപത്ത് കാട് പിടിച്ചുകിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
പേവാര്‍ഡിന് സംരക്ഷണമായുള്ളത് വലിച്ചുകെട്ടിയിരിക്കുന്ന ഗ്രീന്‍നെറ്റ് മാത്രമാണ്. ഈ ഭാഗത്ത് ലൈറ്റുകള്‍ കുറവായതിനാല്‍ രാത്രിയായാല്‍ കൂരിരുട്ടാണ്. സുരക്ഷാഗാര്‍ഡുകളെ നിയോഗിച്ചുണ്ടെങ്കിലും അവര്‍ പ്രധാന ഗേറ്റിനു സമീപമായിരിക്കും. ആശുപത്രിയുടെ പിന്നില്‍ മേട്ടുക്കട മാടന്കോവിലില്നിന്ന് വലിയശാലയിലേക്ക് പോകുന്ന റോഡാണ്. ആശുപത്രിയുടെ ഈ ഭാഗത്തെ ചുറ്റുമതിലാണ് റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുമാറ്റിയത്.
ഇരുന്നൂറ് മീറ്ററോളം ദൂരത്തിലും പതിനഞ്ച് മീറ്റര്‍ വീതിയിലുമാണ് ആശുപത്രിയുടെ സ്ഥലം റെയില്‍വെ ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുത്തിട്ട് ആറുമാസം കഴിഞ്ഞെങ്കിലും ഇതുവരെയും ചുറ്റുമതില്‍ കെട്ടിയിട്ടില്ല. ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കിയതായാണ് റെയില്‍വെ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ചുറ്റുമതില്‍ നിര്‍മിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്.
നഷ്ടപരിഹാരത്തുക വകമാറ്റി ചെലവഴിച്ചതിനാല്‍ ഏറ്റവും അത്യാവശ്യമായ ആശുപത്രി ചുറ്റുമതില്‍ നിര്‍മാണം അനന്തമായി നീളുകയാണ്. ചുറ്റുമതില്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തൈക്കാട് ആശുപത്രി സൂപ്രണ്ട് പൊതുമരാമത്ത് വകുപ്പിന് കത്തയച്ചുവെങ്കിലും പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: